സൽമാൻ നിസാറിന്റെ വെടിക്കെട്ട്. വമ്പൻ സ്കോർ ചേസ് ചെയ്ത് കാലിക്കറ്റ്‌.

കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. കൊച്ചി ഉയർത്തിയ 170 എന്ന വിജയലക്ഷ്യം വമ്പൻ ബാറ്റിംഗ് പ്രകടനത്തോടെ കാലിക്കറ്റ് മറികടക്കുകയായിരുന്നു. സൽമാൻ നിസാറിന്റെ ഉഗ്രൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാലിക്കറ്റിന്റെ വിജയത്തിൽ നിർണായകമായത്.

മത്സരത്തിൽ 41 പന്തുകളിൽ 73 റൺസാണ് സൽമാൻ നേടിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്താൻ കാലിക്കറ്റ് ടീമിന് സാധിച്ചിട്ടുണ്ട്. 7 മത്സരങ്ങളിൽ 5 വിജയങ്ങളുമായി 10 പോയിന്റുകളാണ് കാലിക്കറ്റ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.

മത്സരത്തിൽ ടോസ് നേടിയ കാലിക്കറ്റ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് ആനന്ദ് കൃഷ്ണനും ജോബിൻ ജോബിയും ചേർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന് നൽകിയത്. എന്നാൽ ഇന്നിംഗ്സിന്റെ ആദ്യ പകുതിയിൽ കൃത്യമായ രീതിയിൽ സ്കോറിങ് ഉയർത്തുന്നതിൽ കൊച്ചി പരാജയപ്പെട്ടിരുന്നു. ശേഷം രണ്ടാം പകുതിയിലാണ് കൊച്ചി തങ്ങളുടെ ഉഗ്രഭാവത്തിലേക്ക് ഉയർന്നത്. ഷോൺ റോജറിന്റെ വെടിക്കെട്ട് ആയിരുന്നു രണ്ടാം ഇന്നിങ്സിൽ കൊച്ചിയെ രക്ഷിച്ചത്. അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഷോൺ റോജർ കാഴ്ചവച്ചത്.

ഒപ്പം അവസാന ഓവറിൽ നിഖിൽ തോട്ടത്ത് കൂടി അടിച്ചുതകർത്തതോടെ കൊച്ചി ഒരു വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. ഷോൺ മത്സരത്തിൽ 38 പന്തുകളിൽ 73 റൺസാണ് നേടിയത്. 7 ബൗണ്ടറികളും 5 സിക്സറുകളും ഷോണിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. നിഖിൽ 12 പന്തുകളിൽ 2 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 30 റൺസാണ് നേടിയത്. ഇതോടെ കൊച്ചിയുടെ സ്കോർ 169 റൺസിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച കാലിക്കറ്റിന് തരക്കേടില്ലാത്ത തുടക്കം ഓപ്പണർമാർ നൽകി. പക്ഷേ നിരന്തരമായി വിക്കറ്റുകൾ വീണത് കാലിക്കറ്റിനെ ബാധിച്ചിരുന്നു.

ശേഷം മധ്യനിരയിൽ സൽമാൻ നിസാറാണ് കാലിക്കറ്റിനായി ക്രീസിലുറച്ചത് മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ കാലിക്കറ്റിനെ ഉയർത്തിക്കൊണ്ടു വരാൻ സൽമാൻ നിസാറിന് സാധിച്ചു. കൃത്യമായ ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറികൾ നേടാനും പടുകൂറ്റൻ സിക്സറുകൾ സ്വന്തമാക്കാനും സൽമാന് സാധിച്ചു. മത്സരത്തിൽ 41 പന്തുകളിൽ 73 റൺസ് നേടിയ സൽമാൻ പുറത്താവാതെ നിന്നു.

3 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളുമാണ് സൽമാന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. അവസാന ഓവറുകളിൽ 15 പന്തുകളിൽ 27 നേടിയ നിഖിൽ കൂടി അടിച്ചുതകർത്തതോടെ കാലിക്കറ്റ് മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. 3 വിക്കറ്റുകൾക്കാണ് കാലിക്കറ്റിന്റെ വിജയം.

Previous articleഡുപ്ലസിസിന് പകരം ക്യാപ്റ്റനെ തിരഞ്ഞ് ബാംഗ്ലൂർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.
Next articleദുലീപ് ട്രോഫിയിലും മാറ്റമില്ല, വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു. നേടിയത് 5 റൺസ് മാത്രം.