സൂര്യകുമാറിന്റെ വിഡ്ഢിത്തങ്ങൾ ഇന്ത്യയെ തോൽപിച്ചു. പാക് താരത്തിന്റെ വിമർശനം.

ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ അവിചാരിതമായ ഒരു പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിംഗിൽ പൂർണമായി പരാജയപ്പെടുകയും, കേവലം 125 റൺസിന് ഇന്നിങ്സ് അവസാനിപ്പിക്കുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക നന്നായി തുടങ്ങിയെങ്കിലും ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയുടെ അത്യുഗ്രൻ പ്രകടനത്തിൽ പരാജയം മണത്തൂ.

പക്ഷേ അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്ക ശക്തമായ തിരിച്ചുവരവ് നടത്തുകയും ഇന്ത്യയുടെ തന്ത്രങ്ങൾ പാളുകയും ചെയ്തു. മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് നായകൻ സൂര്യകുമാർ യാദവിന്റെ മോശം ക്യാപ്റ്റൻസിയാണ് എന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ താരം ബാസിത് അലി.

125 എന്ന വിജയലക്ഷം മുന്നിൽകണ്ട് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 86 റൺസ് സ്വന്തമാക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായിരുന്നു. പക്ഷേ അവിടെ നിന്ന് ഇന്ത്യ കളി മറക്കുകയാണ് ഉണ്ടായത്. മത്സരത്തിൽ ഓരോവർ മാത്രമാണ് അക്ഷർ പട്ടേലിന് സൂര്യകുമാർ ബോൾ നൽകിയത്. ആ ഓവറിൽ 2 റൺസ് മാത്രമാണ് അക്ഷർ പട്ടേൽ വഴങ്ങിയത്. ഇതിന് ശേഷം എന്തുകൊണ്ടാണ് അക്ഷർ സൂര്യയ്ക്ക് ഓവർ നൽകാതിരുന്നത് എന്നാണ് ബാസിത് അലി ചോദിക്കുന്നത്. സ്പിന്നറായ അക്ഷറിന് 3 ഓവറുകൾ ബാക്കിയുള്ളപ്പോൾ എന്തിനാണ് സൂര്യ ഹർദിക് പാണ്ട്യയെ പോലെയുള്ള ബോളർമാർക്ക് പന്ത് നൽകിയത് എന്ന വിമർശനമാണ് ബാസിത് ഉന്നയിക്കുന്നത്.

“മത്സരത്തിൽ അക്ഷർ പട്ടേൽ എറിഞ്ഞ ഓവറിൽ വെറും 2 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ സാധിച്ചത്. പക്ഷേ പിന്നീട് സൂര്യകുമാർ അക്ഷർ പട്ടേലിന് പന്ത് നൽകിയില്ല. പകരം ഹർദിക് പാണ്ട്യയെ തിരികെ കൊണ്ടുവരുകയും, അദ്ദേഹം ആ ഓവറിൽ തന്നെ 3 വൈഡുകൾ എറിയുകയും ചെയ്തു. ശേഷവും അക്ഷറിനെ സൂര്യകുമാർ പരിഗണിച്ചില്ല. അവസാന ഓവറുകളിൽ 2 ബൗണ്ടറികളാണ് ആവേശ് ഖാനെതിരെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ സ്വന്തമാക്കിയത്.”- ബാസിത് അലി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ മത്സരത്തിൽ സ്പിന്നർമാർക്കെതിരെ വലിയ പ്രശ്നം നേരിട്ടിരുന്നു. അത് മനസ്സിലാക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചില്ല എന്നും ബാസിത് കൂട്ടിച്ചേർത്തു. അത് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഇന്ത്യ മത്സരത്തിൽ പരാജയപ്പെടില്ലായിരുന്നു എന്നാണ് ബാസിത് അലി പറഞ്ഞത്. മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് സൂര്യകുമാറിന്റെ മോശം ക്യാപ്റ്റൻസിയാണ് എന്ന് ബാസിത് അലി എടുത്തുപറയുന്നു. മത്സരത്തിൽ വിജയം നേടിയതോടെ പരമ്പര സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്.

Previous articleപോണ്ടിംഗ് ഓസ്ട്രേലിയയുടെ കാര്യം നോക്ക്. കോഹ്ലിയെയും രോഹിത്തിനെയും വിമർശിക്കേണ്ട. ഗംഭീർ പറയുന്നു.
Next articleദയവ് ചെയ്ത് ഗംഭീറിനെ ഇന്ത്യ പത്രസമ്മേളനത്തിന് വിടരുത്. ബിസിസിഐയോട് അപേക്ഷിച്ച് മഞ്ജരേക്കർ.