സൂക്ഷിച്ചോ, ആ പേസർ ഇന്ത്യയ്ക്ക് പണി തരും.. മുന്നറിയിപ്പ് നൽകി ശ്രീശാന്ത്..

ട്വന്റി20 ക്രിക്കറ്റിൽ വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ സ്ഥാനം നേടിയെടുത്ത ടീമാണ് അഫ്ഗാനിസ്ഥാൻ. ഒരു സമയത്ത് റാങ്കിങ്ങിൽ വളരെ താഴെയായിരുന്ന അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനങ്ങളോടെ വലിയ ടീമുകളിൽ ഒന്നായി മാറുകയായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ അടക്കം വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പിലും വളരെ മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന് ലഭിച്ചത്.

ഉഗാണ്ടയ്ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ 125 റൺസിന്റെ വമ്പൻ വിജയം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ പ്രധാനഘടകമായി മാറിയത് ഫസൽ ഫറൂക്കിയുടെ ബോളിംഗ് മികവായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകളാണ് ഫറൂക്കി സ്വന്തമാക്കിയത്. ഇതിന് ശേഷം ഇന്ത്യയ്ക്ക് വലിയൊരു മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.

അഫ്ഗാനിസ്ഥാൻ പേസറായ ഫാറൂഖിയെ പ്രശംസിച്ചു കൊണ്ടാണ് ശ്രീശാന്ത് രംഗത്ത് എത്തിയത്. ഇടംകയ്യൻ പേസറായ ഫാറൂഖി ഇന്ത്യയ്ക്ക് വലിയ രീതിയിൽ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള താരമാണ് എന്ന് ശ്രീശാന്ത് പറയുകയുണ്ടായി. സൂപ്പർ 8 ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇന്ത്യയ്ക്ക് വലിയ ഭീഷണി ഉണ്ടാക്കാൻ താരത്തിന് സാധിക്കുമെന്നാണ് സ്റ്റാർ സ്പോർട്സിൽ നടന്ന അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞത്.

“പിച്ചിൽ നിന്ന് മികച്ച സ്വിങ് ലഭിച്ചതോടെ ഫറൂക്കി മത്സരത്തിൽ മികച്ചു നിന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ബുദ്ധിമുട്ടുന്ന ഇന്ത്യൻ ബാറ്റർമാരെ അനായാസം പ്രതിസന്ധിയിലാക്കാൻ ഫറൂഖിയ്ക്ക് സാധിക്കും.”- ശ്രീശാന്ത് പറയുകയുണ്ടായി.

കഴിഞ്ഞ ട്വന്റി20 ലോകകപ്പുകളിൽ അടക്കം ഇന്ത്യൻ ബാറ്റർമാർ ഇടംകയ്യൻ പേസർമാർക്ക് എതിരെ ബുദ്ധിമുട്ടുന്നത് കാണാൻ സാധിച്ചിരുന്നു. ഷാഹിൻ അഫ്രീദി അടക്കമുള്ള ബോളന്മാർക്കെതിരെ രോഹിത് ശർമയും വിരാട് കോഹ്ലിയും പതറിയിരുന്നു. മാത്രമല്ല ഇത്തവണ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന അമേരിക്കൻ പിച്ചുകളിൽ പലപ്പോഴും ബോളർമാർക്ക് മുൻതൂക്കം ലഭിക്കുന്നുണ്ട്.

പിച്ചുകൾ ബോളർമാരെ അങ്ങേയറ്റം തുണയ്ക്കുന്നതും കാണാൻ സാധിക്കുന്നു. ഇതും ബാറ്റർമാർക്ക് വെല്ലുവിളി ഉണ്ടാക്കുന്നുണ്ട് ഈ സാഹചര്യത്തിൽ ഇടംകയ്യൻ പേസർമാർക്കെതിരെ ബുദ്ധിപരമായി മുന്നേറേണ്ടത് ബാറ്റർമാരുടെ ആവശ്യമാണ്.

ജൂൺ 5ന് അയർലണ്ടിനെതിരെ നടക്കുന്ന മത്സരത്തോടുകൂടിയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. മത്സരത്തിൽ മികച്ച വിജയം കണ്ടെത്തി ആത്മവിശ്വാസം നേടി പാകിസ്താനെതിരായ മത്സരത്തിലേക്ക് പോകാനാവും ഇന്ത്യ ശ്രമിക്കുന്നത് അതിനാൽ തന്നെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തന്നെയാവും ഇന്ത്യ അയർലണ്ടിനെതിരെയും ഉൾപ്പെടുത്തുക. ഇന്ത്യ- പാകിസ്ഥാൻ ആവേശ പോരാട്ടം നിലവിൽ ലോക ക്രിക്കറ്റ് തന്നെ ഉറ്റു നോക്കുന്നതാണ്. അതിനാൽ പിഴവുകൾ നികത്തി മുൻപോട്ടു പോകാനാവും ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ശ്രമിക്കുക.

Previous article“നമ്മുടെ ശക്തിയിൽ വിശ്വസിക്കുക, എതിർടീമിന്റെ ശക്തിയിൽ ഭയക്കരുത് “- ഇന്ത്യൻ ടീമിന് യുവിയുടെ ഉപദേശം.
Next article“കഴിഞ്ഞ 2 ലോകകപ്പിലും ഇന്ത്യ ആ മണ്ടത്തരം കാട്ടി, ഇത്തവണ കാട്ടരുത്”- വസീം ജാഫർ.