നിലവിൽ ഇന്ത്യൻ ടീമിൽ വളരെ മികച്ച ബോളിംഗ് പ്രകടനങ്ങളാണ് ഇന്ത്യയുടെ പേസർമാരൊക്കെയും കാഴ്ചവയ്ക്കുന്നത്. ബൂമ്ര, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ് എന്നിവർ കൃത്യമായ ലൈനും ലെങ്തും കണ്ടെത്തി എതിർ ടീമുകളെ ചുരുട്ടി കെട്ടുകയാണ് ഇപ്പോൾ. എന്നാൽ കഴിഞ്ഞ 2 മത്സരങ്ങളിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ മുഹമ്മദ് സിറാജിനെ പിന്നിലാക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ ഇപ്പോൾ പറയുന്നത്.
മുഹമ്മദ് സിറാജിനെക്കാളും ഇന്ത്യൻ ടീമിൽ നിലവിൽ ഉറച്ച സ്ഥാനമുള്ളത് മുഹമ്മദ് ഷാമിക്കാണ് എന്ന് ഷെയ്ൻ വാട്സൺ വിലയിരുത്തുന്നു. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ 4 മത്സരങ്ങളിൽ മുഹമ്മദ് ഷാമിക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് ഷാമി സ്വന്തമാക്കിയത്. അതേസമയം സിറാജ് ടൂർണമെന്റിന്റെ ആദ്യ സമയത്ത് തന്റെ താളത്തിൽ എത്തിയിരുന്നില്ല. ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകൾ മാത്രമാണ് സിറാജ് നേടിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഷെയ്ൻ വാട്സന്റെ വിലയിരുത്തൽ.
ഇന്ത്യയുടെ രണ്ടാം പേസർ എന്ന മുഹമ്മദ് സിറാജിന്റെ സ്ഥാനം, മികച്ച പ്രകടനങ്ങളോടെ തട്ടിയെടുക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചിട്ടുണ്ട് എന്ന ഷെയ്ൻ വാട്സൺ പറയുന്നു. “ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെ നല്ലൊരു പ്രശ്നം തന്നെയാണ്. ഒരു ടീം എന്ന നിലയിൽ എല്ലാ താരങ്ങളും കൃത്യമായ സമയത്ത് അവസരത്തിനൊത്ത് ഉയരുകയും ചുമതലകൾ ചുമരിലേറ്റി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നത് നല്ല ലക്ഷണം തന്നെയാണ്. എന്റെ അഭിപ്രായത്തിൽ മുഹമ്മദ് ഷാമി മുഹമ്മദ് സിറാജിന്റെ സ്ഥാനം കയ്യടക്കിയിട്ടുണ്ട്. കാരണം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വളരെ മികച്ച പ്രകടനമാണ് അയാൾ കാഴ്ച വെച്ചിട്ടുള്ളത്. മുഹമ്മദ് ഷാമി അവിശ്വസനീയം തന്നെയാണ്.”- വാട്സൺ പറഞ്ഞു.
“ഷാമിയുടെ ഏറ്റവും മികച്ച പ്രകടനം തന്നെയായിരുന്നു ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കാണാൻ സാധിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ ക്ഷാമിക്കെതിരെ കളിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഔട്ട്സൈഡിലും ഇൻസൈഡിലും ഏതൊരു ബാറ്ററെയും എറിഞ്ഞിടാൻ ഷാമിക്ക് സാധിക്കും. അയാളുടെ ലെങ്ത് കൃത്യതയുള്ളതായതിനാൽ ഷാമി എപ്പോഴും സ്റ്റമ്പിൽ പതിക്കുന്ന തരത്തിലാവും എറിയുക. എല്ലായിപ്പോഴും ബാറ്റർമാർക്കെതിരെ ഷാമി ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു.”- വാട്സൺ കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി കളിച്ച കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളാണ് മുഹമ്മദ് ഷാമി സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തിൽ വലിയൊരു പങ്കും മുഹമ്മദ് ഷാമി വഹിക്കുകയുണ്ടായി. ഇതുവരെ 96 ഏകദിനങ്ങൾ ഷാമി കളിച്ചപ്പോൾ 180 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 25 എന്ന മികച്ച ആവറേജിലാണ് മുഹമ്മദ് ഷാമിയുടെ ഈ നേട്ടം. എന്തായാലും ഷാമിയുടെ ഈ മികവാർന്ന ഫോം ഇന്ത്യയ്ക്ക് വരും മത്സരങ്ങളിലും മുതൽക്കൂട്ടാവും എന്ന കാര്യം ഉറപ്പാണ്.