സിക്സർ റെക്കോർഡിൽ ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ. 500 ട്വന്റി20 സിക്സർ നേടുന്ന ആദ്യ ഇന്ത്യക്കാരൻ.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിനിടെ ഒരു വെടിക്കെട്ട് റെക്കോർഡ് സ്വന്തമാക്കി മുൻ മുംബൈ നായകൻ രോഹിത് ശർമ. മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു രോഹിത് കാഴ്ചവെച്ചത്. ഇതിനിടെ ട്വന്റി20 ക്രിക്കറ്റിൽ 500 സിക്സറുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് രോഹിത് തന്റെ പേരിൽ ചേർക്കുകയുണ്ടായി.

മത്സരത്തിന് മുൻപ് 497 സിക്സറുകളായിരുന്നു രോഹിത്തിന്റെ പേരിൽ ഉണ്ടായിരുന്നത്. ശേഷം മത്സരത്തിന്റെ പതിനൊന്നാം ഓവറിൽ ജഡേജയ്ക്കെതിരെ ലെഗ് സൈഡിലേക്ക് സിക്സർ പറത്തിയാണ് രോഹിത് തന്റെ നാഴികക്കല്ല് പൂർത്തീകരിച്ചത്.

നിലവിൽ ട്വന്റി20കളിൽ 500 സിക്സറുകൾ സ്വന്തമാക്കുന്ന മുഴുവൻ താരങ്ങളുടെയും ലിസ്റ്റ് എടുത്താൽ അഞ്ചാം സ്ഥാനത്താണ് രോഹിത് ശർമ. വമ്പന്മാർ അണിനിരക്കുന്ന ലിസ്റ്റിൽ വിൻഡിസ് താരങ്ങളാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. രോഹിത് ശർമയ്ക്ക് മുൻപ് ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, ആൻഡ്രെ റസൽ എന്നീ വെസ്റ്റിൻഡീസ് താരങ്ങൾ ട്വന്റി20 ക്രിക്കറ്റിൽ 500 സിക്സറുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഒപ്പം ന്യൂസിലാൻഡ് ബാറ്റർ കോളിൻ മൻറോയും ട്വന്റി20കളിൽ 500 സിക്സറുകൾ പൂർത്തീകരിച്ചിട്ടുള്ള താരമാണ് ഇവർക്ക് ശേഷമാണ് ഇപ്പോൾ രോഹിത് ഈ എലൈറ്റ് ക്ലബ്ബിലേക്ക് എത്തിയിരിക്കുന്നത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ഒരു അത്യുഗ്രൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു രോഹിത് ശർമ കാഴ്ചവെച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ചെന്നൈയായിരുന്നു. ചെന്നൈ മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 206 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്കായി രോഹിത് ശർമ നിറഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. പവർപ്ലേ ഓവറുകളിൽ തന്നെ ചെന്നൈയ്ക്ക് മേൽ കൃത്യമായ ആധിപത്യം പുലർത്തിയ രോഹിത് 30 പന്തുകളിൽ തന്നെ അർത്ഥ സെഞ്ച്വറി മത്സരത്തിൽ പൂർത്തീകരിക്കുകയുണ്ടായി.

ശേഷവും മുംബൈ ഇന്ത്യൻസിനായി ഒറ്റയാൾ പോരാട്ടം നയിക്കാൻ രോഹിത്തിന് സാധിച്ചു. മത്സരത്തിൽ 63 പന്തുകളിൽ 105 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയത്. 11 ബൗണ്ടറികളും 5 സിക്സറുകളും രോഹിത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. അവസാനഘട്ടം വരെ മുംബൈയെ വിജയിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റിയ ശേഷമാണ് രോഹിത് ശർമ കീഴടങ്ങിയത്.

മുംബൈയുടെ മറ്റു ബാറ്റർമാർ അവസരത്തിനൊത്ത് ഉയരാതിരുന്നതാണ് മത്സരത്തിൽ പരാജയം ഏറ്റുവാങ്ങാനുള്ള പ്രധാന കാരണമായി മാറിയത്. എന്തായാലും രോഹിത് ശർമ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

Previous articleധോണിയുടെ ആ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. തുറന്ന് പറഞ്ഞ് പതിരാഞ്ഞ.
Next articleധോണിയ്ക്ക് സിക്സറടിക്കാനായി പാണ്ഡ്യ മനപ്പൂർവം മോശം പന്തുകൾ എറിഞ്ഞതാണോ? വിമർശനവുമായി മുൻ താരം.