2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി താരം സഞ്ജു സാംസണ് സ്വപ്ന തുല്യമായ തുടക്കം. ലക്നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറിയുമായി രാജസ്ഥാന്റെ കാവലാളായി മാറാൻ സഞ്ജു സാംസണ് സാധിച്ചു. മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ വളരെ പക്വതയോടെ തന്നെ ബാറ്റ് വീശുന്നതാണ് കാണാൻ സാധിച്ചത്.
അനാവശ്യമായ ഷോട്ടുകൾക്ക് മുതിരാതെ തന്റെ ടീമിനായി ഇന്നിംഗ്സ് മുൻപിലേക്ക് കൊണ്ടുപോകാൻ സഞ്ജുവിന് സാധിച്ചു. 33 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ മത്സരത്തിലെ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജയസ്വാളും ബട്ട്ലറും(11) ചേർന്ന് തരക്കേടില്ലാത്ത തുടക്കം രാജസ്ഥാന് നൽകി. എന്നാൽ ബട്ലറെ പുറത്താക്കി നവീൻ രാജസ്ഥാന് ആദ്യ പ്രഹരം ഏൽപ്പിച്ചു. ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്.
ആദ്യ പന്തുകളിൽ വലിയ റിസ്ക് എടുക്കാതെയാണ് സഞ്ജു ഇന്നിങ്സ് മുൻപിലേക്ക് നീക്കിയത്. പവർപ്ലേ ഓവറുകളിൽ അനാവശ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റ് വലിച്ചെറിയാൻ സഞ്ജു തയ്യാറായില്ല. മുഹ്സിൻ ഖാൻ എറിഞ്ഞ അഞ്ചാം ഓവറിലാണ് സഞ്ജു തന്റെ സംഹാരമാരംഭിക്കുന്നത്. ഓവറിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും നേടി സഞ്ജു കളം നിറഞ്ഞു.
ശേഷം ഒൻപതാം ഓവറിൽ യാഷ് താക്കൂറിനെതിരെ തുടർച്ചയായി രണ്ടു പടുകൂറ്റൻ സിക്സറുകൾ നേടി സഞ്ജു സാംസൺ തന്റെ കരുത്ത് പുറത്തെടുക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന്റെ സ്കോർ കുതിക്കുകയും ചെയ്തു. ജയിസ്വാളിന്റെ(24) വിക്കറ്റ് ഇതിനിടെ നഷ്ടമായെങ്കിലും പരാഗുമൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ സഞ്ജുവിന് സാധിച്ചു. 33 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ തന്റെ അർത്ഥസഞ്ചറി സ്വന്തമാക്കിയത്. ഇതിനുശേഷവും പക്വതയോടെ തന്നെയാണ് സഞ്ജു ബാറ്റ് വീശിയത്.
അവസാന ഓവറുകളിൽ രാജസ്ഥാനായി ഏറ്റവുമധികം റൺസ് സ്വന്തമാക്കുക എന്നതായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം. തന്റെ കയ്യിലുള്ള മുഴുവൻ അസ്ത്രങ്ങളും അവസാന ഓവറുകളിൽ സഞ്ജു പ്രയോഗിക്കുകയുണ്ടായി. മത്സരത്തിൽ 52 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 82 റൺസ് ആണ് സ്വന്തമാക്കിയത്.
3 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിൽ 29 പന്തുകളിൽ 43 റൺസാണ് പരാഗ് നേടിയത്. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 193 റൺസ് ആണ് രാജസ്ഥാൻ നേടിയത്.