കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയതോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ടീം. ആവേശകരമായ മത്സരത്തിൽ 2 വിക്കറ്റുകൾക്കായിരുന്നു രാജസ്ഥാന്റെ വിജയം.
കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ ടോസ് നേടി രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 223 എന്ന ശക്തമായ സ്കോർ സ്വന്തമാക്കിയെങ്കിലും, മറുപടി ബാറ്റിംഗിൽ ബട്ലറുടെ മികവിൽ രാജസ്ഥാൻ വിജയം സ്വന്തമാക്കുകയായിരുന്നു.
എന്നാൽ മത്സരത്തിനിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസന്റെ ഭാഗത്തുനിന്ന് വന്ന വലിയ പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഇപ്പോൾ.
മത്സരത്തിൽ രാജസ്ഥാൻ ബാറ്റിങ്ങിനിടെ സഞ്ജു സാംസൺ വരുത്തിയ വലിയൊരു പിഴവാണ് ഹർഭജൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സിലൂടെ പ്രതികരിക്കുന്ന സമയത്താണ് മുൻ ഇന്ത്യൻ താരം ഇക്കാര്യം രേഖപ്പെടുത്തിയത്.
രാജസ്ഥാന്റെ ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ വരുത്തിയ വലിയ മാറ്റമാണ് ഹർഭജൻ ചൂണ്ടിക്കാട്ടുന്നത്. വെടിക്കെട്ട് വീരന്മാരായ ഹെറ്റ്മയറും പവലും നിരയിലുണ്ടായിട്ടും രവിചന്ദ്രൻ അശ്വിനെ നേരത്തെ ഇറക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെയാണ് ഹർഭജൻ ചോദ്യം ചെയ്തത്. മത്സരത്തിൽ രാജസ്ഥാൻ പരാജയം അറിഞ്ഞിരുന്നുവെങ്കിൽ സഞ്ജുവിന്റെ ഈ തീരുമാനം വലിയ വിമർശനങ്ങൾക്ക് വഴി വച്ചേനെ എന്നാണ് ഹർഭജൻ പറഞ്ഞത്.
“രാജസ്ഥാന്റെ ബാറ്റിംഗ് നിരയിൽ ഷിമറോൺ ഹെറ്റ്മെയ്റും പവലും പോലെയുള്ള വമ്പൻ താരങ്ങൾ ഉണ്ടായിരുന്നു. എന്നാലും സഞ്ജു സാംസൺ രവിചന്ദ്രൻ അശ്വിനെ നേരത്തെ ഇറക്കി. ഇത് രാജസ്ഥാന്റെ ഭാഗത്തുനിന്ന് വന്ന വലിയൊരു പിഴവ് തന്നെയായിരുന്നു. ഒരുപക്ഷേ മത്സരത്തിൽ രാജസ്ഥാൻ പരാജയം അറിഞ്ഞിരുന്നുവെങ്കിൽ സഞ്ജുവിന്റെ ഈ നീക്കം വളരെക്കാലം ചർച്ച ചെയ്യപ്പെടുമായിരുന്നു.”- ഹർഭജൻ സിംഗ് പറയുകയുണ്ടായി.
മത്സരത്തിൽ ജൂറൽ പുറത്തായ ശേഷമാണ് രവിചന്ദ്രൻ അശ്വിൻ രാജസ്ഥാനായി ക്രീസിലെത്തിയത്. ഈ സമയത്ത് വമ്പൻ താരങ്ങൾ രാജസ്ഥാന്റെ ബാറ്റിംഗ് നിരയിൽ ഉണ്ടായിരുന്നു. എന്നാൽ അശ്വിൻ ക്രീസിലെത്തിയത് ആരാധകരെ പോലും വലിയ രീതിയിൽ ഞെട്ടിക്കുകയുണ്ടായി.
മാത്രമല്ല അശ്വിനെ ക്രീസിൽ എത്തിക്കാനുള്ള രാജസ്ഥാന്റെ നീക്കം ഫലവത്തായില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. മത്സരത്തിൽ 11 പന്തുകൾ നേരിട്ട അശ്വിൻ കേവലം 8 റൺസ് മാത്രമാണ് നേടിയത്. എന്നിരുന്നാലും മത്സരത്തിന്റെ അവസാന സമയം വരെ ജോസ് ബട്ലർ ഒറ്റയാൾ പോരാട്ടം നയിച്ചത് രാജസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.