ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര 3-0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. എന്നാൽ പരമ്പരയിലെ മലയാളി താരം സഞ്ജു സാംസന്റെ പ്രകടനം അങ്ങേയറ്റം നിരാശ പടർത്തുന്നത് ആയിരുന്നു.
2 മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും ഒരു റൺ പോലും നേടാൻ സഞ്ജുവിന് സാധിച്ചില്ല. ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായ സഞ്ജു, രണ്ടാം മത്സരത്തിൽ 4 പന്തുകൾ നേരിട്ടെങ്കിലും റൺസ് ഒന്നും നേടാൻ സാധിക്കാതെ വന്നു. ഇതിന് ശേഷം സഞ്ജുവിന്റെ ടീമിലെ സ്ഥാനം സംബന്ധിച്ച് വലിയ രീതിയിൽ ആശങ്കയും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് വേണ്ട രീതിയിൽ അവസരങ്ങൾ ലഭിക്കുന്നില്ല എന്നാണ് ദിനേശ് കാർത്തിക് പറയുന്നത്. ക്രിക്ബസ് നടത്തിയ ഒരു ചർച്ചയിലാണ് ദിനേശ് കാർത്തിക് ഇക്കാര്യം ബോധിപ്പിച്ചത്. പന്തിനെ പോലെ ഒരു വിക്കറ്റ് കീപ്പർ ടീമിലുള്ളതുമൂലം സഞ്ജുവിന് സ്ഥിരതയോടെ അവസരങ്ങൾ ലഭിക്കുന്നില്ല എന്നും, അതവന്റെ കരിയറിനെ ബാധിക്കുന്നുണ്ട് എന്നും ദിനേശ് കാർത്തിക്ക് പറയുകയുണ്ടായി. “ഇന്ത്യൻ ടീമിൽ പന്തിനെപ്പോലെ ഒരാളുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനം അവൻ കാഴ്ച വച്ചിട്ടുമുണ്ട്. പക്ഷേ എനിക്ക് ഒരു കാര്യം പറയാനുണ്ട്. സഞ്ജു സാംസൺ എല്ലായിപ്പോഴും ഒരു മികച്ച പോരാളിയാണ്. അവസരം ലഭിച്ചാൽ അവിശ്വസനീയ പ്രകടനങ്ങൾ സഞ്ജുവിൽ നിന്ന് ഉണ്ടാവും. അക്കാര്യം ഉറപ്പാണ്.”- കാർത്തിക് പറഞ്ഞു.
ഒരു മോശം സ്കോർ ഒരിക്കലും സഞ്ജു സാംസനെ ഒരു മോശം കളിക്കാരനാക്കി മാറ്റില്ല എന്നാണ് ദിനേശ് കാർത്തിക് വിശ്വസിക്കുന്നത്. എപ്പോഴും സഞ്ജു ഒരു പ്രത്യേക കളിക്കാരനാണ് എന്നും കാർത്തിക് വിശ്വസിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഭാവിയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ താരത്തിന് സാധിക്കും എന്നാണ് കാർത്തിക്കിന്റെ വിലയിരുത്തൽ.
“ട്വന്റി20യിൽ സഞ്ജുവിന് ഒരു മോശം പരമ്പര ഉണ്ടായി എന്നതിന്റെ അർത്ഥം സഞ്ജു വളരെ മോശം താരമാണ് എന്നല്ല. ഒരു പ്രത്യേക താരമാണ് സഞ്ജു എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. സാഹചര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ സഞ്ജുവിന് സാധിക്കും. സഞ്ജുവിന് നല്ലൊരു ഭാവിയുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനും സഞ്ജുവിന് സാധിക്കും.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മോശം പ്രകടനം കാഴ്ചവച്ചെങ്കിലും അതിന് മുൻപ് ഇന്ത്യയ്ക്കായി മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. തന്റെ അവസാന ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു. മുൻപ് സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലും ഒരു കിടിലൻ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യയെ രക്ഷിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. അതിനാൽ തന്നെ ഗംഭീറിന്റെ നേതൃത്വത്തിൽ സഞ്ജുവിന് ഇനിയും അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.