2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സ്ഥാനം കണ്ടെത്താനുള്ള മത്സരത്തിലാണ് ഇന്ത്യയുടെ യുവ താരങ്ങൾ. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ സ്ക്വാഡിൽ കയറിപ്പറ്റാനാണ് സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾ ശ്രമിക്കുന്നത്.
അതിനാൽ തന്നെ ടീമിനുള്ളിൽ താരങ്ങൾക്കിടയിൽ വലിയ പോരാട്ടം ശക്തമാണ്. എന്നാൽ ട്വന്റി20 ലോകകപ്പിലേക്ക് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തിനെയും സഞ്ജു സാംസനെയും ഉൾപ്പെടുത്താൻ തയ്യാറാവണമെന്ന് അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പട്ടി റായിഡുവും വിൻഡിസ് ഇതിഹാസം ബ്രയാൻ ലാറയും.
ഇരുബാറ്റർമാരും ഈ ഐപിഎല്ലിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ലാറയും റായിഡുവും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചത്. സഞ്ജു സാംസൺ ഏതു പൊസിഷനും വഴങ്ങുന്ന താരമാണ് എന്ന് റായിഡു പറഞ്ഞു. “എന്റെ അഭിപ്രായത്തിൽ സഞ്ജു സാംസനും റിഷഭ് പന്തും തീർച്ചയായും ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം കണ്ടെത്തണം.”
“അവർ രണ്ടുപേരും ട്വന്റി20 ലോകകപ്പ് കളിക്കുകയും ചെയ്യണം. കാരണം മധ്യനിരയിൽ കളിക്കാൻ സാധിക്കുന്ന ബാറ്റർമാരാണ് ഇരുവരും. പ്രത്യേകിച്ച് സഞ്ജു സാംസണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനും സാധിക്കും. ഏതു പൊസിഷനും വഴങ്ങുന്ന താരമാണ് സഞ്ജു. ഇതുവരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇരു ബാറ്റർമാർക്കും സാധിച്ചു.”- റായിഡു പറയുന്നു.
ലാറയും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. “എന്റെ അഭിപ്രായത്തിലും ഇരു താരങ്ങളും ട്വന്റി20 ലോകകപ്പ് കളിക്കാൻ യോഗ്യരാണ്. ബാറ്റിംഗിന്റെ കാര്യത്തിൽ ഇതുവരെ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ ഇരുവരും പുറത്തെടുത്തു കഴിഞ്ഞു. സഞ്ജു സാംസൺ ഒരു അവിശ്വസനീയ താരമാണ്. മികച്ച ടൈമിംഗ് ഉള്ള താരമാണ് അവൻ.”
“ഇന്ത്യക്കായി കഴിഞ്ഞ വർഷങ്ങളിലൊക്കെയും വളരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് റിഷഭ് പന്ത്. വലിയൊരു അപകടത്തിൽ നിന്ന് തിരിച്ചു വന്നപ്പോഴും വളരെ മികച്ച ഫോം പുറത്തെടുക്കാൻ പന്തിന് സാധിച്ചു. നിലവിൽ വിക്കറ്റ് കീപ്പർ എന്ന തസ്തികയിലേക്കുള്ള പേരുകളിൽ ആദ്യ രണ്ടു പേർ അവരാണ് എന്ന് ഞാൻ കരുതുന്നു.”- ലാറ പറഞ്ഞു.
ഈ ഐപിഎല്ലിന്റെ ആദ്യഭാഗത്ത് വളരെ മികച്ച പ്രകടനമാണ് സഞ്ജു സാംസൺ പുറത്തെടുത്തിരിക്കുന്നത്. നിലവിൽ ഓറഞ്ച് ക്യാപ്പിനുള്ള റേസിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു നിൽക്കുന്നത്. ഇതുവരെ രാജസ്ഥാനായി 4 ഇന്നിങ്സുകൾ കളിച്ച സഞ്ജു 178 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.
ടൂർണമെന്റിന്റെ അടുത്ത ഭാഗങ്ങളിലും ഈ പ്രകടനം ആവർത്തിച്ച് ലോകകപ്പിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് സഞ്ജു. ജൂൺ ഒന്നിനാണ് 2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.