സഞ്ജുവും ജിതേഷും അവസരം മുതലാക്കിയില്ല. ലോകകപ്പിനുള്ള കീപ്പർ പോസ്റ്റ്‌ തുലാസിലെന്ന് ആകാശ് ചോപ്ര.

ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പിന്റെ ആദ്യ ഭാഗമാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയോടുകൂടി അവസാനിച്ചിരിക്കുന്നത്. ലോകകപ്പിലേക്ക് യുവതാരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് മുൻപിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു പരിധി വരെ വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ശിവം ദുബെ അടക്കമുള്ള താരങ്ങൾ ഇന്ത്യയ്ക്കായി മുൻപിലേക്ക് വരികയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്തു. എന്നിരുന്നാലും ലോകകപ്പിലേക്ക് ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ കണ്ടെത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര വിശ്വസിക്കുന്നത്. മികച്ച അവസരം ലഭിച്ചിട്ടും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർമാരായ സഞ്ജു സാംസനും ജിതേഷിനും തങ്ങളുടെ കഴിവ് തെളിയിക്കാൻ സാധിച്ചില്ല എന്ന് ചോപ്ര പറയുന്നു.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഇരു താരങ്ങൾക്കും വലിയ അവസരം തന്നെയാണ് ലഭിച്ചത് എന്ന് ചോപ്ര കരുതുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യ ജിതേഷിനെയായിരുന്നു കളിപ്പിച്ചിരുന്നത്. ശേഷം മൂന്നാം മത്സരത്തിൽ ഇന്ത്യ സഞ്ജു സാംസണും അവസരം നൽകുകയുണ്ടായി. എന്നിരുന്നാലും നിർണായകമായ സമയങ്ങളിൽ റൺസ് കണ്ടെത്താൻ ഈ താരങ്ങൾക്ക് സാധിച്ചില്ല.

“ആരായിരിക്കും ലോകകപ്പിൽ നമ്മളുടെ വിക്കറ്റ് കീപ്പർ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമുക്ക് ഇതുവരെയും സാധിച്ചില്ല.”- ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറയുകയുണ്ടായി. പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയെങ്കിലും ഇത്തരമൊരു പ്രതിസന്ധി ഇന്ത്യയ്ക്ക് മുൻപിൽ നിൽപ്പുണ്ട് എന്നാണ് ചോപ്ര ഓർമിപ്പിക്കുന്നത്.

“പരമ്പരയിൽ ഇന്ത്യക്കായി ജിതേഷ് ശർമയാണ് ആദ്യ രണ്ടു മത്സരങ്ങളിൽ കളിച്ചത്. ശേഷം ഇന്ത്യ സഞ്ജു സാംസണ് അവസരം നൽകുകയുണ്ടായി. ആദ്യ മത്സരത്തിൽ ജിതേഷ് തരക്കേടില്ലാത്ത രീതിയിൽ തന്നെ ബാറ്റ് ചെയ്തു. എന്നാൽ രണ്ടാം മത്സരത്തിൽ തന്റെ അക്കൗണ്ട് തുറക്കാൻ ജിതേഷിന് സാധിച്ചില്ല. ശേഷം മൂന്നാം മത്സരത്തിൽ ഇന്ത്യ സഞ്ജുവിന് അവസരം നൽകിയെങ്കിലും സഞ്ജുവും പൂജ്യനായി മടങ്ങുകയായിരുന്നു.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

പരമ്പരയിലെ പ്രകടനം കണക്കിലെടുത്താൽ സഞ്ജു സാംസനെക്കാൾ മുൻപിൽ നിൽക്കുന്നത് ജിതേഷ് ശർമയാണ്. ആദ്യ ട്വന്റി20 യിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് ജിതേഷ് കാഴ്ചവെച്ചത്.

ആദ്യ മത്സരത്തിൽ 20 പന്തുകൾ നേരിട്ട ജിതേഷ് 31 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ പൂജ്യനായി മടങ്ങി. സഞ്ജുവിനാവട്ടെ അവസാന മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. മത്സരത്തിൽ ആദ്യം സഞ്ജു പൂജ്യനായി മടങ്ങി. പിന്നീട് സൂപ്പർ ഓവറിലും സഞ്ജുവിന് റൺസ് കണ്ടെത്താൻ സാധിച്ചില്ല.

ഇന്ത്യയെ ഇത് വരും സമയങ്ങളിൽ നന്നായി ബാധിക്കും എന്നാണ് ആകാശ് ചൊപ്ര കരുതുന്നത്. സഞ്ജുവിനെയും ജിതേഷിനെയും ഒഴിച്ചുനിർത്തിയാൽ കെഎൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരാണ് ഇന്ത്യക്ക് ലോകകപ്പിലേക്ക് ഉൾപ്പെടുത്താൻ സാധിക്കുന്ന മറ്റു വിക്കറ്റ് കീപ്പർമാർ.

Previous article“നിന്റെ ഇന്നിങ്സിന്റെ മൂല്യം നിനക്ക് ഇപ്പോൾ അറിയില്ല.. വിരമിക്കുമ്പോൾ മനസിലാവും” – രോഹിത് പന്തിനോട് അന്ന് പറഞ്ഞത്..
Next articleപടിക്കൽ കലമുടച്ച് സഞ്ജുവും കൂട്ടരും. മുംബൈയ്ക്ക് ആദ്യ ഇന്നിങ്സ് ലീഡ്. ശക്തമായ നിലയിലേക്ക്.