2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ക്യാമ്പയിൻ ആരംഭിക്കുന്നത് ജൂൺ 5നാണ്. 11 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഐസിസി ട്രോഫി എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന് ഇറങ്ങുന്നത്. എന്നാൽ ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം ഉറ്റുനോക്കുന്ന ഒരു കാര്യം വിക്കറ്റ് കീപ്പർ ബാറ്റർ തസ്തികയാണ്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായി ആരെത്തുമെന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസൺ, ദിനേശ് കാർത്തിക്, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് അവസരം കാത്തിരിക്കുന്നത്. എന്നാൽ ഇതിൽ ആരാണ് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ എന്ന റിപ്പോർട്ട് ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.
പിടിഐയുടെ റിപ്പോർട്ട് പ്രകാരം റിഷഭ് പന്തിനെ തന്നെയാണ് ഇന്ത്യ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിൽ ഉറപ്പായും ഇടം കണ്ടെത്തുന്ന 10 താരങ്ങളിൽ റിഷഭ് പന്തും ഉൾപ്പെടുന്നു. ഈ 10 താരങ്ങളിൽ പന്ത് മാത്രമാണ് വിക്കറ്റ് കീപ്പറായി ഉള്ളത്. അതിനാൽ തന്നെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി പന്ത് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെത്തും എന്ന കാര്യം ഉറപ്പായിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം പന്തിനൊപ്പം രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ജസ്പ്രീറ്റ് ബൂമ്ര, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, അർഷദ്വീപ് സിംഗ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ എന്നിവരും ലോകകപ്പ് സ്ക്വാഡിനുള്ള ആദ്യ 10 പേരിൽ ഉൾപ്പെടുന്നു.
ഇതോടൊപ്പം ലോകകപ്പ് സ്ക്വാഡിലേക്കുള്ള രണ്ടാം വിക്കറ്റ് കീപ്പർ ചോയ്സിലേക്ക് വലിയ മത്സരങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള താരങ്ങൾ ഇപ്പോഴും പൊരുതുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സഞ്ജു സാംസൺ, ജിതേഷ് ശർമ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ എന്നീ 4 വിക്കറ്റ് കീപ്പർമാരാണ് രണ്ടാം ചോയ്സ് വിക്കറ്റ് കീപ്പർ പോസ്റ്റിലേക്ക് പ്രതീക്ഷ വയ്ക്കുന്നത്. ഇവർക്കൊപ്പം 2024 ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ദിനേശ് കാർത്തിക്കും പ്രതീക്ഷ വയ്ക്കുന്നുണ്ട്.
ഈ ലിസ്റ്റിൽ ആദ്യ പടിയിൽ നിൽക്കുന്നത് നിലവിൽ സഞ്ജു സാംസൺ തന്നെയാണ്. രാജസ്ഥാനായി ഇതുവരെ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് സഞ്ജു കാഴ്ച വച്ചിട്ടുള്ളത്. ഇതോടൊപ്പം ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ആരും തന്നെ അരങ്ങേറ്റം കുറിക്കില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പിടിഐയുടെ റിപ്പോർട്ടുകൾ പ്രകാരം വളരെ മികച്ച പ്രകടനങ്ങൾ താരങ്ങൾ ഐപിഎല്ലിൽ കാഴ്ചവെക്കുന്നുണ്ടെങ്കിലും, ആരെയും തന്നെ ലോകകപ്പിൽ ഇതുവരെ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യക്കായി പ്രകടനങ്ങൾ പുറത്തെടുത്തവരെയാണ് നിലവിൽ ഇന്ത്യ പരിഗണിച്ചിരിക്കുന്നത്.