സഞ്ജുവിന് ആശംസകളുമായി ശ്രീശാന്ത്. പിന്നാലെ ശ്രീശാന്തിനെ പൊങ്കാലയിട്ട് ആരാധകർ.

sree and sanju

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ വളരെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ പിന്നാലെയാണ് മലയാളി താരം സഞ്ജു സാംസണെ ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. വളരെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സഞ്ജുവിന് ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.

ഇതിന് ശേഷം സഞ്ജുവിന് ആശംസകൾ നേർന്ന് പല മുൻ ക്രിക്കറ്റർമാരും രംഗത്തെത്തിയിരിക്കുന്നു. ഇപ്പോൾ മുൻ ഇന്ത്യൻ താരം ശ്രീശാന്താണ് സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയത്. എന്നാൽ ശ്രീശാന്തിന്റെ പ്രശംസയെ പൊങ്കാലയിട്ടാണ് മലയാളി ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ സമയങ്ങളിൽ ശ്രീശാന്ത് സഞ്ജുവിനെതിരെ പറഞ്ഞ വാക്കുകളാണ് ആരാധകരിൽ നിന്ന് ഇത്തരം ഒരു പൊങ്കാലയ്ക്ക് കാരണമായത്.

ശ്രീശാന്തിന് ശേഷം ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളിയാണ് സഞ്ജു സാംസൺ. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് ആശംസ നേർന്ന് ശ്രീശാന്ത് രംഗത്ത് എത്തിയത്. “എല്ലാവർക്കും നമസ്കാരം. വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണ്. 2007ലും 2011ലും ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ഒരു മലയാളി സാന്നിധ്യം ടീമിലുണ്ടായിരുന്നു.”

“സഞ്ജു സാംസൺ ഇത്തവണ ഇന്ത്യയ്ക്കൊപ്പമുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു. സഞ്ജുവിനെ ദൈവം അനുഗ്രഹിക്കട്ടെ. ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കാൻ സഞ്ജുവിന് സാധിക്കട്ടെ. അവന് അർഹതപ്പെട്ട നേട്ടത്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ സഞ്ജുവിനൊപ്പം നിൽക്കണം.”- ശ്രീശാന്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

Read Also -  "സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്.."- ന്യായീകരണവുമായി ഡൽഹി ഓണർ.

എന്നാൽ ഇതിന് പിന്നാലെ ശ്രീശാന്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായാണ് ആരാധകർ രംഗത്തെത്തിയത്. മുൻപ് 2023 ഏകദിന ലോകകപ്പിൽ സഞ്ജു ഉൾപ്പെടുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ അന്ന് സഞ്ജു തഴയപ്പെടുകയാണ് ചെയ്തത്. സെലക്ടർമാർക്കെതിരെ അന്ന് ആരാധകർ ഒരുപാട് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ സമയത്ത് സഞ്ജുവിനെ ഇന്ത്യ തഴഞ്ഞത് വളരെ നന്നായി എന്ന നിലപാടാണ് ശ്രീശാന്ത് സ്വീകരിച്ചത്.

പലപ്പോഴും സഞ്ജുവിന്റെ മനോഭാവം ശരിയല്ലെന്നും തെറ്റുകളിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട് എന്നുമായിരുന്നു ശ്രീശാന്ത് അന്ന് വിമർശിച്ചത്. സഞ്ജുവിന്റെ ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നാണ് ശ്രീശാന്ത് അന്ന് തുറന്നു പറഞ്ഞത്.

മാത്രമല്ല സമീപകാലത്ത് സഞ്ജുവിന് പിന്തുണ നൽകുന്ന നിലപാടല്ല ശ്രീശാന്ത് സ്വീകരിച്ചിരുന്നത്. അതുകൊണ്ടു തന്നെയാണ് ശ്രീശാന്ത് ആശംസകൾ അറിയിച്ചപ്പോഴും ആരാധകർ ട്രോളുകളും വിമർശനങ്ങളുമായി രംഗത്തെത്തിയത്. സഞ്ജു ഇത്തരത്തിൽ സൂപ്പർ താരമായി വളർന്നതിൽ ശ്രീശാന്തിന് വലിയ അസൂയയുണ്ട് എന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജുവിനൊപ്പം പേര് ചേർത്തുവയ്ക്കാനുള്ള യോഗ്യത പോലും ശ്രീശാന്തിനില്ല എന്നും ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. സഞ്ജു എല്ലാംകൊണ്ടും ഒറ്റയ്ക്ക് പൊരുതി നേടിയ താരമാണ് എന്നാണ് ആരാധകർ പറയുന്നത്.

Scroll to Top