സഞ്ജുവിന്റെ ത്രോ തടഞ്ഞ് ജഡേജ, ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ പുറത്ത്..

രാജസ്ഥാൻ റോയൽസിന്റെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നാടകീയ രംഗങ്ങൾ. മത്സരത്തിൽ ചെന്നൈ താരം രവീന്ദ്ര ജഡേജ പുറത്തായ രീതിയാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മത്സരത്തിൽ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് രവീന്ദ്ര ജഡേജ പുറത്തായത്. മത്സരത്തിന്റെ പതിനാറാം ഓവറിൽ ഒരു ഡബിൾ ഓടാൻ ശ്രമിച്ച ജഡേജ വളരെ അവിചാരിതമായി സഞ്ജു എറിഞ്ഞ ത്രോയുടെ വഴിയിൽ എത്തുകയായിരുന്നു. പ്രഥമ ദൃഷ്ടിയിൽ മനപൂർവ്വം ജഡേജ ത്രോ തടഞ്ഞതായി തോന്നിയില്ലെങ്കിലും, തേർഡ് അമ്പയർ അത് ഔട്ട് വിധിക്കുകയാണ് ചെയ്തത്. ഇങ്ങനെ ജഡേജ മത്സരത്തിൽ പുറത്താവുകയായിരുന്നു.

മത്സരത്തിൽ ചെന്നൈ ഇന്നിംഗ്സിലെ പതിനാറാം ഓവറിലാണ് സംഭവം നടന്നത്. ആവേഷ് ഖാൻ എറിഞ്ഞ പന്ത് തേർഡ് മാനിലേക്ക് ഡാബ് ചെയ്ത് 2 റൺസ് സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നു ജഡേജ. എന്നാൽ ഒരു റൺ ഓടിയെടുത്ത ജഡേജയെ ഋതുരാജ് ബോളിംഗ് ക്രീസിലേക്ക് മടക്കി അയക്കുകയായിരുന്നു. ഈ സമയത്ത് സഞ്ജു സാംസൺ കൃത്യമായി ബോളിംഗ് എൻഡിലെ സ്റ്റമ്പിലേക്ക് ത്രോ എറിഞ്ഞു. പക്ഷേ തിരികെ ഓടിയ ജഡേജയുടെ പുറത്താണ് പന്ത് കൊണ്ടത്. പിന്നാലെ സഞ്ജു സാംസൺ അപ്പീൽ ചെയ്യുകയായിരുന്നു. ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് കൈമാറി. തേർഡ് അമ്പയർ സംഭവം കൃത്യമായി തന്നെ വിലയിരുത്തി.

സഞ്ജു ത്രോ എറിയുന്ന സമയത്ത് ജഡേജ കൃത്യമായി ഡയറക്ഷൻ മാറുന്നത് വ്യക്തമായിരുന്നു. എന്നാൽ മനപ്പൂർവ്വം ആയിരുന്നില്ല ജഡേജ ഇത്തരത്തിൽ ഓടിയത് എന്നും വ്യക്തമാണ്. പക്ഷേ ത്രോയുടെ സമയത്ത് തന്നെ ജഡേജ തന്റെ ഡയറക്ഷൻ മാറിയതിനാൽ തേർഡ് അമ്പയർ അത് ഔട്ട് വിധിക്കുകയായിരുന്നു. ഇതേ സംബന്ധിച്ച് മൈതാനത്ത് ജഡേജ അമ്പയറെ ചോദ്യം ചെയ്യുകയുണ്ടായി. പക്ഷേ വലിയ വാക്വാദങ്ങൾക്ക് മുതിരാതെ ജഡേജ തിരികെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഒരുപക്ഷേ വരും ദിവസങ്ങളിൽ ഈ പുറത്താവൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴി വച്ചേക്കാം.

ചെന്നൈയുടെ രാജസ്ഥാനെതിരായ മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ രാജസ്ഥാന് സാധിച്ചില്ല. ഇതോടെ രാജസ്ഥാന്റെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 141 റൺസിൽ അവസാനിക്കുകയാണ് ഉണ്ടായത്. മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ നായകൻ ഋതുരാജ് ക്രീസിലുറച്ച് പക്വതയാർന്ന പ്രകടനം കാഴ്ചവച്ചതോടെ മത്സരത്തിൽ ചെന്നൈ 5 വിക്കറ്റുകളുടെ വിജയം കൈവരിക്കുകയായിരുന്നു.

Previous articleസ്ലോ പിച്ചിൽ രാജസ്ഥാനെ കുടുക്കി ചെന്നൈ. 5 വിക്കറ്റ് വിജയം
Next articleപിച്ച് ചതിച്ചു. ബാറ്റിങ്ങിലും പരാജയപ്പെട്ടു. 25 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് സഞ്ജു.