2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. സ്ക്വാഡിൽ വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തിനെയും സഞ്ജു സാംസണെയുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായി തെരഞ്ഞെടുത്തിരിക്കുന്നത്. വലിയ രീതിയിലുള്ള ചർച്ചകൾക്ക് വിരാമം ഇട്ടുകൊണ്ടാണ് സഞ്ജുവിനെയും പന്തിനെയും ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയത്.
രാഹുൽ, ജിതേഷ് ശർമ, ഇഷാൻ കിഷൻ എന്നിവരെയൊക്കെയും പിന്നിലാക്കിയാണ് സഞ്ജുവും പന്തും ഇത്തരമൊരു ടീമിലേക്ക് എത്തിപ്പെട്ടത്. എന്തുകൊണ്ടാണ് രാഹുൽ അടക്കമുള്ള വമ്പൻ താരങ്ങൾ ഉണ്ടായിട്ടും സഞ്ജുവിനെയും പന്തിനെയും തങ്ങൾ തിരഞ്ഞെടുത്തത് എന്ന് ഇന്ത്യയുടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ പറയുകയുണ്ടായി.
ഇന്ത്യയ്ക്ക് നിലവിൽ ഒരുപാട് മുൻനിര ബാറ്റർമാർ ഉള്ളതിനാലാണ് ലക്നൗ ടീമിന്റെ നായകനായ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്ന് അഗാർക്കർ പറയുന്നു. നിലവിൽ രോഹിത് ശർമ, വിരാട് കോഹ്ലി, ജയസ്വാൾ എന്നിങ്ങനെ വലിയ ഓപ്പണിങ് ഓപ്ഷനുകൾ ഇന്ത്യയ്ക്കുണ്ട്. അതിനാൽ തങ്ങൾക്ക് എന്താണോ വേണ്ടത് അതിലേക്കാണ് ലക്ഷ്യം വെച്ചത് എന്ന് അഗാർക്കർ പറയുന്നു. രാഹുൽ അവിസ്മരണീയ താരമാണ് എന്ന് അഗാർക്കർ സമ്മതിക്കുന്നുണ്ട്. എന്നാൽ മധ്യനിര ബാറ്ററെയായിരുന്നു വിക്കറ്റ് കീപ്പറായി തങ്ങൾക്ക് ആവശ്യമെന്ന് അഗാർക്കർ പറയുന്നു.
“രാഹുൽ ഒരു അവിസ്മരണീയ ക്രിക്കറ്ററാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഞങ്ങൾക്കില്ല. അതേസമയം പന്തും സഞ്ജു സാംസനും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നുണ്ട് എന്ന കാര്യവും ഞങ്ങൾ പരിഗണിച്ചിരുന്നു. അവർ ഞങ്ങളെ സംബന്ധിച്ച് സ്ക്വാഡിന് വളരെ പെർഫെക്റ്റ് ആണ്.”
“ഇത്തവണത്തെ ഐപിഎല്ലിൽ ഇതുവരെ ഓപ്പണറായാണ് രാഹുൽ കളിച്ചിട്ടുള്ളത്. ഞങ്ങൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത് ഒരു മധ്യനിര വിക്കറ്റ് കീപ്പർ ബാറ്ററെ ആയിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവും പന്തുമാണ് ഞങ്ങൾക്ക് അനുയോജ്യർ എന്ന് തോന്നി. ബാറ്റിംഗ് ലൈനപ്പിൽ എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരമാണ് സഞ്ജു സാംസൺ. ആരാണ് മികച്ചത് എന്നതിലുപരി ഞങ്ങൾക്ക് എന്താണ് ആവശ്യം എന്നതിന് കൂടുതൽ പ്രാധാന്യം നൽകുകയാണ് ഉണ്ടായത്.”- അഗാർക്കർ പറയുന്നു.
ഇത്തവണത്തെ ഐപിഎല്ലിൽ ഇതുവരെ വമ്പൻ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസൺ. രാജസ്ഥാൻ ടീമിനായി ഒരുപാട് ഇമ്പാക്ടുള്ള പ്രകടനങ്ങൾ ഇതിനോടകം സഞ്ജു കാഴ്ച വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ സെലക്ടർമാർ 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. രോഹിത് നായകനായ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഹർദിക് പാണ്ട്യയാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസന്റെ ആദ്യ ലോകകപ്പ് കൂടിയാണ് 2024ൽ നടക്കാൻ പോകുന്നത്.