സഞ്ജുവല്ല, റിഷഭ് പന്താണ് ലോകകപ്പ് ടീമിൽ കളിക്കാൻ യോഗ്യൻ. കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഗൗതം ഗംഭീർ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ഇതുവരെ ഈ ഐപിഎല്ലിൽ 12 മത്സരങ്ങളിൽ നിന്ന് 486 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. സഞ്ജുവിന്റെ ഈ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ സഞ്ജുവിനെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലും ഉൾപ്പെടുത്തിയിരുന്നു.

സഞ്ജുവിനൊപ്പം ട്വന്റി20 ലോകകപ്പിൽ അണിനിരക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പർ റിഷഭ് പന്താണ്. ഇതുവരെ ഐപിഎല്ലിൽ 13 ഇന്നിങ്സുകൾ കളിച്ച പന്ത് 446 റൺസാണ് നേടിയിട്ടുള്ളത്. ഈ രണ്ടു താരങ്ങളിൽ ആര് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായി ലോകകപ്പിലെ ടീമിൽ കളിക്കണം എന്ന ചോദ്യം നിലനിൽക്കുകയാണ്. ഇതിന് ഉത്തരവുമായാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ എത്തിയിരിക്കുന്നത്.

സഞ്ജുവിന് മുകളിൽ ഋഷഭ് പന്തിനെയാണ് ഇന്ത്യ പരിഗണിക്കേണ്ടത് എന്ന് ഗൗതം ഗംഭീർ പറയുന്നു. ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഇന്ത്യയ്ക്ക് പൂർണമായും ഉൾപ്പെടുത്താൻ സാധിക്കുന്ന താരമാണ് പന്ത് എന്നാണ് ഗംഭീറിന്റെ വിലയിരുത്തൽ. മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പന്തിന്റെ കഴിവിന്റെ അടിസ്ഥാനത്തിലാണ് ഗംഭീർ ഈ നിഗമനത്തിൽ എത്തിയത്. 2024 ഐപിഎല്ലിൽ മൂന്നാം നമ്പറിലാണ് സഞ്ജു സാംസൺ കളിച്ചതെന്നും ഗംഭീർ ഓർമ്മിപ്പിക്കുന്നു.

“ഇരു താരങ്ങളും തുല്യരാണ്. സഞ്ജു ഒരുപാട് കഴിവുകളുള്ള നിലവാരമുള്ള താരമാണ്. പന്തിനും വലിയ നിലവാരമുണ്ട്. എന്നിരുന്നാലും ഇവരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ തിരഞ്ഞെടുക്കുന്നത് റിഷഭ് പന്തിനെയായിരിക്കും. കാരണം അവൻ ഒരു സാധാരണ മധ്യനിര ബാറ്റർ തന്നെയാണ്. ഈ ഐപിഎല്ലിൽ സഞ്ജു കളിച്ചിട്ടുള്ളത് മൂന്നാം നമ്പറിലാണ്. എന്നാൽ പന്തിന് 5, 6, 7 നമ്പറുകളിലൊക്കെയും ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കും.”- ഗംഭീർ പറഞ്ഞു.

പന്ത് ഒരു ഇടംകയ്യനായതിനാൽ ടീം കോമ്പിനേഷനിലും ഒരു വ്യത്യസ്തത കൊണ്ടുവരാൻ താരത്തിന് സാധിക്കും എന്നാണ് ഗംഭീർ കരുതുന്നത്. “നമ്മുടെ ടീം കോമ്പിനേഷനുകൾ പരിശോധിക്കുമ്പോൾ മധ്യനിരയിൽ കളിക്കുന്ന ഒരു വിക്കറ്റ് കീപ്പറെയാണ് നമുക്ക് ആവശ്യമെന്ന് മനസ്സിലാവും.

മുൻനിരയിൽ കളിക്കുന്ന താരത്തെ ആവശ്യമില്ല. അതുകൊണ്ടാണ് ഞാൻ പന്തിനെ പരിഗണിക്കുന്നത്. മാത്രമല്ല പന്തൊരു ഇടംകയ്യൻ ബാറ്ററാണ്. മധ്യനിരയിൽ നമുക്ക് ഇടംകയ്യൻ ബാറ്ററെ ആവശ്യമാണ്. അത് നമുക്ക് ഒരു ഇടംകൈ- വലംകൈ കോമ്പിനേഷനും നൽകും.”- ഗംഭീർ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും ലോകകപ്പിൽ സഞ്ജു സാംസണ് 5,6,7 പൊസിഷനുകളിൽ ഇറങ്ങി വമ്പൻ സ്കോറുകൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് ബിസിസിഐ കരുതുന്നുണ്ടെങ്കിൽ സഞ്ജുവിനെയും ഇന്ത്യ പരിഗണിക്കണം എന്നാണ് ഗംഭീറിന്റെ അഭിപ്രായം.

“5,6,7 നമ്പരുകളിൽ ഇറങ്ങി സഞ്ജുവിന് ഇന്ത്യക്കായി കൂടുതൽ റൺസ് സ്വന്തമാക്കാൻ സാധിക്കുമെന്ന് ബിസിസിഐക്ക് തോന്നുന്നുണ്ടെങ്കിൽ അവർ സഞ്ജുവിനൊപ്പം തന്നെ സഞ്ചരിക്കണം.”- ഗംഭീർ പറഞ്ഞു വയ്ക്കുന്നു. എന്നിരുന്നാലും സഞ്ജുവിനെയും പന്തിനെയും ഇന്ത്യയ്ക്ക് ഒരുമിച്ച് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്ന് ഗംഭീർ പറയുകയുണ്ടായി. ഇന്ത്യ ടൂർണമെന്റിൽ ഒരു താരത്തിന് മാത്രമാവും പൂർണമായ പിന്തുണ നൽകുക എന്നും ഗംഭീർ പറഞ്ഞു

Previous articleമോശം താരങ്ങളെ ബെസ്റ്റ് പ്ലയറാക്കി മാറ്റിയവൻ. സ്റ്റീഫൻ ഫ്ലമിങ് ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനത്തേക്ക് പരിഗണനയിൽ.
Next articleപാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ വിമർശിക്കാൻ ഡിവില്ലിയേഴ്സ് ആരാണ്!! ഗംഭീർ രംഗത്ത്.