മോശം താരങ്ങളെ ബെസ്റ്റ് പ്ലയറാക്കി മാറ്റിയവൻ. സ്റ്റീഫൻ ഫ്ലമിങ് ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനത്തേക്ക് പരിഗണനയിൽ.

20240515 100250

ഇന്ത്യയുടെ അടുത്ത ഹെഡ് കോച്ചായി മുൻ ന്യൂസിലാൻഡ് നായകൻ സ്റ്റീഫൻ ഫ്ലമിങ്ങിനെ നിശ്ചയിക്കാനൊരുങ്ങി ബിസിസിഐ. രാഹുൽ ദ്രാവിഡിന്റെ സ്ഥാനത്തേക്ക് പുതിയ കോച്ചിനെ നിശ്ചയിക്കുന്നതിനായി കഴിഞ്ഞ 2 ആഴ്ചകളിൽ ബിസിസിഐ ആപ്ലിക്കേഷനുകൾ സ്വീകരിച്ചിരുന്നു.

ശേഷമാണ് ഫ്ലെമിങ്ങിനെ ടീമിന്റെ പരിശീലകനായി ഉയർത്തിക്കൊണ്ടുവരാൻ ഇപ്പോൾ ബിസിസിഐ ശ്രമിക്കുന്നത്. നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലകനാണ് സ്റ്റീഫൻ ഫ്ലെമിങ്. ഫ്ലമിങ്ങിന്റെ മുൻപോട്ടുള്ള കരാറിനെ സംബന്ധിച്ച് ഇതുവരെ ചെന്നൈ സൂപ്പർ കിംഗ്സ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഫ്ലെമിങ് ഇന്ത്യയുടെ ഹെഡ് കോച്ചായി എത്തുകയാണെങ്കിൽ ചെന്നൈ സൂപ്പർ കിംഗ്സുമായോ, മറ്റേതെങ്കിലും ഐപിഎൽ ഫ്രാഞ്ചൈസിയുമായോ പിന്നീട് സഹകരിക്കാൻ സാധിക്കില്ല. മാത്രമല്ല ഇന്ത്യയുടെ ഹെഡ് കോച്ചായി മാറുകയാണെങ്കിൽ 2027 ഡിസംബർ 31 വരെയുള്ള കാലാവധിയിലാണ് ഫ്ലെമിങ് പ്രവർത്തിക്കേണ്ടത്.

ഈ സമയത്ത് മറ്റ് ജോലികൾ ഒന്നുംതന്നെ ഫ്ലെമിങ്ങിന് സാധ്യമല്ല. ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം ബിസിസിഐ സ്റ്റീഫൻ ഫ്ലമിങ്ങിനെ വളരെയധികം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 2024 ട്വന്റി20 ലോകകപ്പിന് ശേഷമാവും ഫ്ലെമിങ് ഇന്ത്യയുടെ കോച്ചായി എത്തുക.

സമീപകാലത്തെ ഫ്ലെമിങ്ങിന്റെ പരിശീലക മികവുകളാണ് ബിസിസിഐ ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ കാരണമായത് എന്ന് റിപ്പോർട്ട് പറയുന്നു. സ്ഥിരതയോടെ ടീമുകളെ നയിക്കാനും, കളിക്കാരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞ സമയങ്ങളിൽ ഫ്ലമിങ്ങിന് സാധിച്ചിട്ടുണ്ട്. ഇതൊക്കെയും കണക്കിലെടുത്താണ് ബിസിസിഐ ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. 2009 മുതൽ ചെന്നൈയുടെ ഹെഡ് കോച്ചായി പ്രവർത്തിക്കുന്ന ഫ്ലെമിങ്, ചെന്നൈയുടെ വിജയത്തിൽ പ്രധാന പങ്കാളിയായി മാറുകയും ചെയ്തിരുന്നു.

Read Also -  "ഈ 10 ടീമുകളും കിരീടം നേടാൻ വന്നവരാണ്, അപ്പോൾ ഞങ്ങൾക്കും പരാജയങ്ങളുണ്ടാവും"- സഞ്ജു പറയുന്നു..

നിലവിൽ ഇന്ത്യയ്ക്ക് വിവിധ സ്ഥലങ്ങളിലായി പലപ്പോഴായി പരമ്പരകൾ വരാനിരിക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ അടുത്ത ഒരു വർഷം വലിയ രീതിയിൽ പരിശീലകർക്കടക്കം യാത്ര ചെയ്യേണ്ടി വരും എന്ന കാര്യം ഉറപ്പാണ്. ഇത്തരം ജോലിഭാരം ലഘൂകരിക്കുന്നതിൽ സ്റ്റീഫൻ ഫ്ലമിങ് വിരുതനാണ്.

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റുമായി യാതൊരു ബന്ധവും പുലർത്താത്ത ഫ്ലെമിങ് തന്റെ ഉത്തരവാദിത്തങ്ങളിലേക്ക് തിരികെ വരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിന് പുറമേ ദക്ഷിണാഫ്രിക്കൻ ലീഗിൽ ജോബർഗ് സൂപ്പർ കിംഗ്സ്, മേജർ ലീഗ് ക്രിക്കറ്റിൽ ടെക്സസ് സൂപ്പർ കിംഗ്സ് എന്നീ ടീമിന്റെ കൂടി പരിശീലകനാണ് ഫ്ലെമിങ്

Scroll to Top