2023 ഐപിഎല്ലിൽ രണ്ടാം തവണയും ചെന്നൈ സൂപ്പർ കിങ്‌സിനെ കെട്ടുകെട്ടിച്ച് രാജസ്ഥാൻ റോയൽസ്. ജയ്പൂരിൽ നടന്ന മത്സരത്തിൽ 32 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. എല്ലാത്തരത്തിലും പോസിറ്റീവുകൾ എടുത്തു പറയാനാവുന്ന മത്സരം തന്നെയാണ് ജയ്പൂരിൽ രാജസ്ഥാനെ സംബന്ധിച്ച് നടന്നത്. ബാറ്റിംഗിൽ രാജസ്ഥാനായി ജെയിസ്വാൾ അടിച്ചു തകർത്തപ്പോൾ ബോളിംഗിൽ ആദം സാമ്പയും രവിചന്ദ്രൻ അശ്വിനും വിക്കറ്റ് വേട്ട നടത്തുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്.
ജയ്പൂരിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിയായിരുന്നു എന്ന് തോന്നിക്കുന്ന തുടക്കമാണ് ജെയിസ്വാളും ബട്ലറും രാജസ്ഥാന് നൽകിയത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആദ്യ ഓവറുകൾ മുതൽ ജെയിസ്വാൾ അടിച്ചു തകർക്കുന്നതാണ് കണ്ടത്. 43 പന്തുകളിൽ 77 റൺസാണ് മത്സരത്തിൽ ജയിസ്‌വാൾ സംഭാവന ചെയ്തത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. മറുവശത്ത് ബട്ലർ 21 പന്തുകളിൽ 27 റൺസുമായി ജയസ്വാളിന് പിന്തുണ നൽകി. എന്നാൽ പിന്നീടെത്തിയ സഞ്ജുവും(16) ഹെറ്റ്മായറും പെട്ടെന്ന് കൂടാരം കയറിയത് രാജസ്ഥാനെ ബാധിച്ചു. പക്ഷേ അവസാന ഓവറുകളിൽ ജൂറലും ദേവദത്ത് പടിക്കലും രാജസ്ഥാനായി തകർപ്പൻ ഫിനിഷിംഗ് കാഴ്ചവച്ചു. ജൂറൽ 15 പന്തുകളിൽ 34 റൺസ് നേടിയപ്പോൾ, പടിക്കൽ 13 പന്തുകളിൽ 27 റൺസ് ആണ് നേടിയത്. ഇവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 202 റൺസ് നേടാൻ രാജസ്ഥാന് സാധിച്ചു.
മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്. ഋതുരാജും കോൺവെയും ആദ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടി. കോൺവെ മത്സരത്തിൽ 16 പന്തുകളിൽ വെറും 8 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ചെന്നൈ പവർപ്ലെയിൽ തന്നെ അതിസമ്മർദ്ദത്തിലായി. മത്സരത്തിൽ ഋതുരാജ് 29 പന്തുകളിൽ 47 റൺസ് നേടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാൽ ഇരുവർക്കും ശേഷമെത്തിയ അജിങ്ക്യ രഹാനയും റായുഡവും പൂർണ്ണമായും പരാജയപ്പെട്ടു. ഇതോടെ ചെന്നൈ സമ്മർദ്ദം വർദ്ധിക്കുകയായിരുന്നു.
എന്നാൽ പിന്നീട് മോയിൻ അലിയും ശിവം ദുബയും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ചെന്നൈക്കായി കെട്ടിപ്പടുത്തു. ഇതോടെ ചെന്നൈ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. മൊയീൻ അലി മത്സരത്തിൽ 12 പന്തുകളിൽ 23 റൺസ് നേടി. അലി പുറത്തായ ശേഷവും ദുബെ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടർന്നു. മത്സരത്തിന്റെ അവസാന രണ്ടോവറുകളിൽ 46 റൺസ് ആയിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇത് ചെന്നൈയെ സംബന്ധിച്ച്അതികാഠിന്യമായിരുന്നു. അങ്ങനെ മത്സരത്തിൽ ചെന്നൈ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 33 പന്തുകളിൽ 52 റൺസാണ് ദുബെ നേടിയത്.
നേരത്തെ ചെന്നൈയില്‍ നടന്ന പോരാട്ടത്തിലും രാജസ്ഥാനാണ് വിജയിച്ചത്. ആവേശം അവസാന വരെ നീണ്ട മത്സരത്തില്‍ 3 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി.