സച്ചിനും ധോണിയുമല്ല, മറ്റൊരു താരമാണ് എന്റെ റോൾ മോഡൽ. വെളിപ്പെടുത്തി കെഎൽ രാഹുൽ.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് കെഎൽ രാഹുൽ. ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർക്കൊപ്പം സ്ഥാനമുറപ്പിക്കാൻ രാഹുലിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ സമയങ്ങളിൽ രാഹുലിനെ പരിക്കുകൾ വളരെയധികം അലട്ടിയിരുന്നു.

എന്നാൽ രാഹുൽ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ കളത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോൾ തന്റെ ക്രിക്കറ്റിലെ റോൾ മോഡലിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് രാഹുൽ. ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച താരം ആരാണ് എന്ന് രാഹുൽ പറയുന്നു. എന്നാൽ രാഹുലിനെ ക്രിക്കറ്റിൽ ഏറ്റവും പ്രചോദിപ്പിച്ച താരം ഒരു ഒരു ഇന്ത്യക്കാരനല്ല. ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവിയേഴ്സാണ് തന്റെ റോൾ മോഡൽ എന്ന് രാഹുൽ പറയുന്നു.

“എന്റെ പിതാവാണ് എന്റെ ജീവിതത്തിലെ റോൾ മോഡൽ. പക്ഷേ ക്രിക്കറ്റിൽ ഞാൻ റോൾ മോഡലായി കാണുന്നത് ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിനെയാണ്.”- ആരാധകരുടെ ചോദ്യത്തിന് സാമൂഹ്യ മാധ്യമത്തിലൂടെ രാഹുൽ പ്രതികരിച്ചത് ഇങ്ങനെയാണ്. എന്നാൽ രാഹുലിന്റെ രീതികളുമായി യാതൊരു തരത്തിലും യോജിച്ചുപോകുന്ന താരമല്ല ഡിവില്ലിയേഴ്സ്.

മൈതാനത്ത് എത്തി ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചുവിടുന്ന താരമാണ് ഡിവില്ലിയേഴ്‌സ്. എന്നാൽ രാഹുൽ, ക്രീസിലെത്തിയ ശേഷം കൃത്യമായി സമയം ചിലവഴിച്ച് പതിയെ എതിർ ടീമിനെ ആക്രമിക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും താൻ റോൾ മോഡലായി കാണുന്നത് ഡിവില്ലിയേഴ്സിനെയാണ് എന്ന് രാഹുൽ പറയുന്നു.

ഇതിനൊപ്പം ഇന്ത്യൻ ടീമിലെ തന്റെ അടുത്ത സുഹൃത്തുക്കളെ പറ്റിയും രാഹുൽ സംസാരിക്കുകയുണ്ടായി. ഇന്ത്യയുടെ സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ബാറ്റർ വിരാട് കോഹ്ലിയുമാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്ന് രാഹുൽ പറയുന്നു.

മുൻപ് ഇന്ത്യയുടെ ഓൾറൗണ്ടർ ഹർദിക് പാണ്ട്യയുമായി വലിയ സൗഹൃദം തന്നെ രാഹുൽ സൂക്ഷിച്ചിരുന്നു. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് രാഹുൽ ഇന്ത്യക്കായി കൂടുതൽ മത്സരങ്ങൾ കളിച്ചത്. അതിനാൽ കോഹ്ലിയുമായും മികച്ച ഒരു സൗഹൃദം രാഹുലിനുണ്ട്. ഇതിനൊപ്പം തന്റെ ഫിറ്റ്നസിന്റെ രഹസ്യവും രാഹുൽ വെളിപ്പെടുത്തുകയുണ്ടായി.

തന്റെ പ്രധാന ആഹാരമായുള്ളത് 4 മുട്ടകളും ഒരു പഴവും പ്രോട്ടീൻ ഷെയ്ക്കുമാണ് എന്ന് രാഹുൽ പറയുന്നു. ഫിറ്റ്നസിന്റെ കാര്യത്തിൽ കഴിഞ്ഞ സമയങ്ങളിൽ വളരെ ശ്രദ്ധ നൽകാൻ സാധിച്ചിട്ടുണ്ട് എന്ന് രാഹുൽ വിശ്വസിക്കുന്നു. എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ രാഹുൽ വലിയൊരു തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

Previous articleലേഡി ഡിവില്ലേഴ്സ്. ബൗണ്ടറിയരികില്‍ ആക്രോബാറ്റിക്ക് ശ്രമം. എതിരാളികള്‍ പോലും കയ്യടിച്ചു.
Next articleഹർദിക്കിന് ഒന്നും ബാധകമല്ലേ? ഇഷാനും ശ്രേയസിനും മാത്രം ശിക്ഷയോ? വിമർശനവുമായി ആരാധകർ.