ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ തനിക്ക് ലഭിച്ച അവസരം മുതലെടുക്കാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഗില്ലിന് പകരം ഓപ്പണറായാണ് സഞ്ജു സാംസൺ എത്തിയത്. എന്നാൽ താൻ നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യനായി സഞ്ജു സാംസൺ മടങ്ങുകയായിരുന്നു.
വളരെ പ്രതീക്ഷയോടെ പ്ലെയിങ് ഇലവനിൽ എത്തിയ സഞ്ജുവിന് നിരാശാജനകമായ ഒരു മത്സരം ആയിരുന്നു രണ്ടാം ട്വന്റി20. സ്പിന്നർ മഹേഷ് തീക്ഷണയുടെ പന്തിലാണ് സഞ്ജു സാംസൺ ബോൾഡായത്. ഇതോടെ സഞ്ജുവിന്റെ അടുത്ത മത്സരത്തിലെ സ്ഥാനവും അനിശ്ചിതാവസ്ഥയിൽ ആയിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യ ഓവറിൽ ജയസ്വാൾ ആയിരുന്നു മുഴുവൻ പന്തും സ്ട്രൈക്ക് ചെയ്തത്. ശേഷം രണ്ടാം ഓവറിലാണ് സഞ്ജുവിന് പന്ത് നേരിടാൻ സാധിച്ചത്. നേരിട്ട ആദ്യ പന്തിൽ തീക്ഷണ ഒരു ക്യാരം ബോളാണ് എറിഞ്ഞത്. തന്റെ കാല് ചലിപ്പിക്കാൻ പോലും സഞ്ജുവിന് സമയം ലഭിച്ചില്ല.
സഞ്ജുവിന്റെ പ്രതിരോധം മറികടന്ന് പന്ത് മധ്യ സ്റ്റമ്പിൽ പതിക്കുകയായിരുന്നു. ശേഷം വളരെ നിരാശയോടെ സഞ്ജു സാംസൺ കൂടാരം കയറുകയും ചെയ്തു. ഈ പുറത്താകൽ സഞ്ജുവിന്റെ വരും മത്സരങ്ങളിലെ പ്ലെയിങ് ഇലവനിലെ സ്ഥാനത്തെയും ബാധിക്കും എന്ന കാര്യം ഉറപ്പാണ്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കുശാൽ മെൻഡിസിന്റെ (10) വിക്കറ്റ് തുടക്കത്തിൽ നഷ്ടമായെങ്കിലും മികച്ച തുടക്കം തന്നെയാണ് ലങ്കയ്ക്ക് ലഭിച്ചത്. ഓപ്പണർ നിസ്സംഗയും കുശാൽ പേരേരയും ശ്രീലങ്കയ്ക്കായി പവർപ്ലേ ഓവറുകളിൽ ആക്രമണം അഴിച്ചുവിട്ടു.
നിസ്സംഗ 24 പന്തുകളിൽ 32 റൺസ് നേടിയപ്പോൾ, കുശാൽ പേരേര 34 പന്തുകളിൽ 53 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ ശ്രീലങ്ക ശക്തമായ സ്കോറിലേക്ക് കുതിച്ചു. എന്നാൽ ആദ്യ മത്സരത്തിലെതിന് സമാനമായ രീതിയിൽ ഇന്നിങ്സിന്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ ബോളർമാർ ശക്തമായി തിരിച്ചുവരവ് നടത്തി.
അർഷദീപ് സിംഗും ഹർദിക് പാണ്ഡ്യയും രവി ബിഷ്ണോയും അക്ഷർ പട്ടേലും അവസാന ഓവറുകളിൽ ശ്രീലങ്കൻ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. അവസാന ഓവറുകളിൽ വേണ്ട രീതിയിൽ വെടിക്കെട്ട് തീർക്കാൻ ശ്രീലങ്കൻ ബാറ്റർമാർക്ക് സാധിച്ചില്ല. ഇതോടെ ശ്രീലങ്കയുടെ ഇന്നിംഗ്സ് കേവലം 161 റൺസിൽ അവസാനിക്കുകയുണ്ടായി.
ഇന്ത്യയ്ക്കായി രവി ബിഷ്ണോയി 3 വിക്കറ്റുകളും അർഷദീപ് സിംഗ്, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മഴ അതിഥിയായി എത്തിയത് കല്ലുകടിയായി. ഇതോടെ മത്സരം 8 ഓവറാക്കി ചുരുക്കുകയായിരുന്നു. 8 ഓവറുകളിൽ 78 റൺസാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.