പാണ്ഡ്യയെ എടുത്തു കളയണം, റിങ്കു ലോകകപ്പിൽ കളിക്കണം. നിർദ്ദേശവുമായി മുൻ പാക് താരം.

rinku singh finish

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ ചോദ്യം ചെയ്ത് പാകിസ്താന്റെ മുൻ സ്പിന്നർ ഡാനിഷ് കനേറിയ. ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ റിങ്കു സിംഗിന് അവസരം നൽകേണ്ടിയിരുന്നു എന്നാണ് കനേറിയ പറയുന്നത്. നിലവിൽ റിങ്കു ഇന്ത്യയുടെ 15 അംഗങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡിൽ ഇടം പിടിച്ചിട്ടില്ല.

ഒരു റിസർവ് കളിക്കാരനായാണ് റിങ്കു ടീമിനൊപ്പം ഉണ്ടാവുക. എന്നാൽ ഇത് ഇന്ത്യയ്ക്ക് സഹായകരമായി മാറില്ല എന്നാണ് കനേറിയ കരുതുന്നത്. റിങ്കു സിംഗും ശിവം ദുബയും ഇന്ത്യയുടെ ഫിനിഷർമാരായി ടീമിൽ ഉണ്ടായിരുന്നെങ്കിൽ അത് മറ്റു ടീമുകൾക്കും ഒരു ഭീഷണിയായേനെ എന്ന് കനേറിയ കരുതുന്നു.

ഇതിനൊപ്പം ഹർദിക് പാണ്ഡ്യയെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ലയെന്നും കനേറിയ വാദിക്കുകയുണ്ടായി. “റിങ്കൂ സിംഗിനെ പറ്റി പറയുമ്പോൾ, അവൻ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടേണ്ട താരമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനങ്ങൾ വിലയിരുത്തുകയാണെങ്കിൽ, ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ സ്ക്വാഡിന് പുറത്തു പോകേണ്ടത്. ഇതുവരെ സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ അവന് സാധിച്ചിട്ടില്ല. ഇന്ത്യയ്ക്ക് ഇപ്പോൾ ശിവം ദുബെ എന്ന വെടിക്കെട്ട് ഓൾറൗണ്ടറുണ്ട്. നിലവിൽ ചെന്നൈക്കായി മികച്ച പ്രകടനമാണ് അവൻ പുറത്തെടുക്കുന്നത്.”- കനേറിയ പറഞ്ഞു.

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

എന്നാൽ പൂർണ്ണമായും പറയുകയാണെങ്കിൽ സ്ക്വാഡ് മികച്ച ഒന്നുതന്നെയാണ് എന്ന് കനേറിയ കൂട്ടിച്ചേർത്തു “പൂർണ്ണമായി നമ്മൾ പരിശോധിക്കുമ്പോൾ സ്ക്വാഡ് അത്ര മോശമല്ല. പക്ഷേ റിങ്കുവും ദുബെയും ഇന്ത്യയുടെ മധ്യനിരയിൽ ഉണ്ടായിരുന്നുവെങ്കിൽ അതൊരു പവർഫുൾ കോമ്പിനേഷൻ തന്നെയായേനെ.”- കനേറിയ കൂട്ടിച്ചേർത്തു. നിർഭാഗ്യം മാത്രം കൊണ്ടാണ് റിങ്കുവിനെ ഇന്ത്യൻ ടീമിന് പുറത്തേക്ക് പോകേണ്ടിവന്നത് എന്ന് മുൻപ് ഒരു ബിസിസിഐ വൃത്തം അറിയിച്ചിരുന്നു. മോശം പ്രകടനങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും നിലവിൽ ഇന്ത്യയുടെ മികച്ച പേസ് ബോളിംഗ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് എന്നും ആ വൃത്തം പറഞ്ഞു.

“ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇമ്പാക്ട് പ്ലെയർ നിയമത്തിന്റെ വലിയ ഇരയാണ് റിങ്കു സിംഗ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അദ്ദേഹം ടീമിനൊപ്പം സഞ്ചരിക്കേണ്ട വ്യക്തിയാണ്. പൂർണ്ണമായും നിർഭാഗ്യമാണ് റിങ്കുവിന് ഉണ്ടായിരിക്കുന്നത്. ഹർദിക് പാണ്ഡ്യ ഐപിഎല്ലിൽ മോശം ഫോം ആവർത്തിക്കുന്നുണ്ട്. പക്ഷേ ഇന്ത്യയുടെ നിലവിലെ മികച്ച പേസ് ബോളിംഗ് ഓൾറൗണ്ടർ പാണ്ഡ്യ തന്നെയാണ്. അതുകൊണ്ടുതന്നെ അവനെ ടീമിൽ നിന്ന് ഒഴിവാക്കുക എന്നത് ചെറിയ റിസ്കാണ്. കാരണം കുറച്ചെങ്കിലും മത്സരങ്ങളിൽ ബോൾ ചെയ്തിട്ടുള്ളത് പാണ്ഡ്യയാണ്”- ബിസിസിഐ വൃത്തം പറഞ്ഞു.

Scroll to Top