2024 ഐപിഎല്ലിന്റെ എലിമിനേറ്ററിലെ വിജയത്തോടെ രാജസ്ഥാൻ റോയൽസ് ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതിനൊപ്പം ടീമിനെ വിജയത്തിലെത്തിച്ച നായകൻ സഞ്ജു സാംസൺ വലിയൊരു റെക്കോർഡ് തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
രാജസ്ഥാനായി ഏറ്റവുമധികം വിജയങ്ങൾ സ്വന്തമാക്കിയ നായകൻ എന്ന റെക്കോർഡിൽ ഇതിഹാസതാരം ഷെയ്ൻ വോണിന് ഒപ്പമെത്താൻ സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. ബാംഗ്ലൂരിനെതിരായ മത്സരത്തിലെ വിജയത്തോടെയാണ് സഞ്ജു വോണിനൊപ്പം സ്ഥാനം പിടിച്ചത്. സഞ്ജുവിനെ സംബന്ധിച്ച് വളരെ അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ് ഇത്.
ഐപിഎല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാനെ കിരീടത്തിലേക്ക് എത്തിച്ച നായകനായിരുന്നു വോൺ. 2008 ഐപിഎല്ലിൽ തന്റെ തന്ത്രങ്ങൾ കൊണ്ട് വോൺ ശ്രദ്ധ നേടിയിരുന്നു. അന്ന് ഫൈനൽ മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി ആയിരുന്നു രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്. പിന്നീട് രാജസ്ഥാനായി കിരീടം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും വളരെ മികച്ച നേട്ടങ്ങളാണ് നായകൻ എന്ന നിലയിൽ വോൺ സ്വന്തമാക്കിയത്.
രാജസ്ഥാനായി 31 മത്സരങ്ങളാണ് ഷെയിൻ വോൺ നായകനെന്ന നിലയിൽ വിജയം സ്വന്തമാക്കിയത്. ഇപ്പോൾ സഞ്ജുവും ഈ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ്. സഞ്ജു നായകനായ ശേഷമുള്ള രാജസ്ഥാന്റെ 31ആം വിജയമാണ് ബാംഗ്ലൂരിനെതിരെ പിറന്നത്.
നായകൻ എന്ന നിലയിൽ രാജസ്ഥാനെ 18 മത്സരങ്ങളിൽ വിജയിപ്പിച്ച രാഹുൽ ദ്രാവിഡാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. രാജസ്ഥാനെ നായകനായി 15 മത്സരങ്ങളിൽ വിജയിപ്പിച്ച സ്റ്റീവൻ സ്മിത്ത് ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഈ സീസണിൽ നായകൻ എന്ന നിലയിൽ വമ്പൻ പ്രകടനങ്ങൾ തന്നെയായിരുന്നു സഞ്ജു സാംസൺ രാജസ്ഥാനായി കാഴ്ച വെച്ചിട്ടുള്ളത്.
നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും തന്റെ ടീമിനായി തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ 14 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 8 മത്സരങ്ങളിലും വിജയം സ്വന്തമാക്കുകയുണ്ടായി. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായാണ് രാജസ്ഥാൻ പ്ലേയോഫിലേക്ക് യോഗ്യത നേടിയത്.
സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച സീസണാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതുവരെ 14 മത്സരങ്ങളിൽ ബാറ്റ് ചെയ്ത സഞ്ജു സാംസൺ 521 റൺസാണ് നേടിയിട്ടുള്ളത്. 52.1 എന്ന ഉയർന്ന ശരാശരിയിൽ റൺസ് കണ്ടെത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 155.52 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഈ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സഞ്ജുവിനെ ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് ഒരു മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.