ശ്രേയസ് അയ്യർ കൊൽക്കത്തയോട് ചോദിച്ചത് 30 കോടി. കൊൽക്കത്ത മാനേജ്മെന്റ് പുറത്താക്കി.

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ ഒരുപാട് അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങൾ ഫ്രാഞ്ചൈസികൾ കൈക്കൊള്ളുകയുണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കൊൽക്കത്ത മാനേജ്മെന്റിന്റെ, നായകൻ ശ്രേയസ് അയ്യരെ ഒഴിവാക്കാനുള്ള തീരുമാനം.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച രീതിയിൽ കൊൽക്കത്ത ടീമിനെ നയിക്കാനും കിരീടം നേടികൊടുക്കാനും അയ്യർക്ക് സാധിച്ചിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ അയ്യരെ ടീം നിലനിർത്താതിരുന്നതിന്റെ കാരണം പലരും അന്വേഷിക്കുകയുണ്ടായി. ഇതേ സംബന്ധിച്ചാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റിനോട് പ്രതിഫലം കൂട്ടി ചോദിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത ടീമിനായി കളിക്കാൻ 30 കോടി രൂപ ശ്രേയസ് അയ്യർ ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അയ്യരെ നിലനിർത്താൻ കൊൽക്കത്ത ആദ്യം മുതലേ താല്പര്യം കാട്ടിയിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ഇത്ര വലിയ തുക അയ്യർ ആവശ്യപ്പെട്ടതോടെ കൊൽക്കത്ത മാനേജ്മെന്റ് തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെ അയ്യരെ ലേലത്തിലേക്ക് വിടാനായി കൊൽക്കത്ത തീരുമാനിക്കുകയായിരുന്നു. 2025 ഐപിഎല്ലിന്റെ താരലേലത്തിൽ വലിയ തുക സ്വന്തമാക്കാൻ സാധിക്കുന്ന താരങ്ങളിൽ ഒരാൾ തന്നെയാണ് അയ്യർ.

ശ്രേയസ് അയ്യരെ വിട്ടു നൽകേണ്ടി വന്നതിന്റെ നിരാശ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ സിഇഒ വെങ്കി മൈസൂർ തുറന്നു പറയുകയുണ്ടായി. “അയ്യരെ നിലനിർത്തുക എന്നത് ഞങ്ങളുടെ ആദ്യ ചോയ്സ് തന്നെയായിരുന്നു. കാരണം ടീമിന്റെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു അയ്യർ. ടീമിൽ വലിയ ഉത്തരവാദിത്തം തന്നെയാണ് അയ്യർക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണുകളിലൊക്കെയും അയ്യരുടെ പ്രകടനം മികച്ച രീതിയിൽ ആസ്വദിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഓരോ താരവും അവരുടേതായ തീരുമാനങ്ങൾ എടുക്കാറുണ്ട്. എന്തു ചെയ്യുന്നതാണോ നല്ലത് അതിനു പിന്നാലെ അവർ പോകും.”- മൈസൂർ പറയുന്നു.

മുൻപ് 2022 ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ 12.25 കോടി രൂപക്കാണ് അയ്യരെ കൊൽക്കത്ത സ്വന്തമാക്കിയത്. പിന്നീട് എല്ലാ സീസണുകളിലും കൊൽക്കത്ത അയ്യരെ നിലനിർത്തിയിരുന്നു. അതേസമയം തങ്ങളുടെ ടീമിലെ മറ്റു പ്രധാന താരങ്ങളെ 2025 ഐപിഎല്ലിന് മുന്നോടിയായി നിലനിർത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്. 13 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത ഇത്തവണ റിങ്കു സിംഗിനെ നിലനിർത്തിയിരിക്കുന്നത്. റിങ്കുവിനെ കൂടാതെ വരുൺ ചക്രവർത്തി, സുനിൽ നരേയ്ൻ, ആന്ദ്ര റസൽ, ഹർഷിദ് റാണ, രമൺദീപ് സിംഗ് എന്നിവരെയും നിലനിർത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചു.

Previous article20 ലക്ഷത്തിന് വാങ്ങി, 14 കോടിയ്ക്ക് നിലനിർത്തി. രാജസ്ഥാൻ താരത്തിന് 6900% പ്രതിഫല വർദ്ധനവ്.
Next articleഅവൻ സേവാഗിനെ പോലെ കളിക്കുന്നു. ഫീൽഡർമാരെ വെല്ലുവിളിയ്ക്കുന്നു. ഇന്ത്യൻ താരത്തെപറ്റി ചോപ്ര.