ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ അവിചാരിതമായ പരാജയമായിരുന്നു പാകിസ്ഥാന് നേരിടേണ്ടി വന്നത്. മത്സരത്തിലെ പാകിസ്ഥാന്റെ പരാജയ കാരണങ്ങൾ വിശദീകരിച്ച് കോച്ച് ഗാരി കിർസ്റ്റൻ രംഗത്ത് വരികയുണ്ടായി. പാക്കിസ്ഥാൻ തങ്ങളിൽതന്നെ അമിതമായ സമ്മർദ്ദമുണ്ടാക്കി എന്ന് ഗാരി പറയുകയുണ്ടായി.
ഇത് പരാജയത്തിന് വലിയ കാരണമായി മാറിയെന്നാണ് ഗാരി കൂട്ടി ചേർത്തത്. മത്സരത്തിൽ 120 എന്ന ചെറിയ ലക്ഷ്യമായിരുന്നു പാക്കിസ്ഥാന് മുൻപിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് ചെയ്സ് ചെയ്യുന്നതിൽ പാകിസ്ഥാൻ പൂർണമായും പരാജയപ്പെടുകയാണ് ഉണ്ടായത്. പാക്കിസ്ഥാൻ ഇന്നിങ്സിലെ 13 ഓവറുകൾ അവസാനിച്ചപ്പോൾ 73ന് 2 എന്ന നിലയിലായിരുന്നു ടീം. പക്ഷേ പിന്നീട് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി മത്സരത്തിൽ 6 റൺസിന്റെ വിജയം സ്വന്തമാക്കി. ഇതേ സംബന്ധിച്ചാണ് ഗാരി കിർസ്റ്റൻ വാചാലനായത്.
മത്സരം മുന്നോട്ടു കൊണ്ടുപോകുന്നതിന് പകരമായി, തങ്ങളിൽ തന്നെ അമിതമായ സമ്മർദ്ദം ഉണ്ടാക്കാനാണ് പാകിസ്ഥാൻ താരങ്ങൾ ശ്രമിച്ചത് എന്ന് ഗാരി പറയുന്നു. “ടീമിൽ കളിക്കുന്ന എല്ലാവരും തന്നെ അന്താരാഷ്ട്ര കളിക്കാരാണ്. അവർ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ അവരിലേക്ക് സമ്മർദ്ദമെത്തും എന്ന കാര്യം പൂർണമായി ബോധ്യമുള്ള ആളുകളാണ്.
അത് നമുക്ക് മനസ്സിലാക്കാനും സാധിക്കും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപാട് ട്വന്റി20 ക്രിക്കറ്റ് കളിച്ച താരങ്ങളാണ് ഞങ്ങളുടെ ടീമിലുള്ളത്. അതിനാൽ തന്നെ എല്ലാവർക്കും എങ്ങനെയാണ് മത്സരം മുൻപിലേക്ക് കൊണ്ടുപോകാൻ സാധിക്കുക എന്നതിനെ സംബന്ധിച്ച് പൂർണമായ ബോധ്യമുണ്ട്.”- ഗാരി കിർസ്റ്റൺ പറഞ്ഞു.
“ഞങ്ങൾ കളിക്കാർക്ക് നൽകിയ നിർദ്ദേശങ്ങൾ വളരെ വ്യക്തമായിരുന്നു. അവസരം ലഭിക്കുമ്പോൾ ബൗണ്ടറികൾ കണ്ടെത്താനും മോശം പന്തുകൾക്കെതിരെ മികച്ച ഷോട്ടുകൾ കളിക്കാനുമാണ് ഞങ്ങൾ പറഞ്ഞത്. മാത്രമല്ല ഇന്നിംഗ്സിലുടനീളം സിംഗിളുകൾ കണ്ടെത്തണമെന്ന നിർദ്ദേശവും നൽകിയിരുന്നു. മത്സരത്തിന്റെ ആദ്യ 15 ഓവറിൽ ഞങ്ങൾക്കതിന് സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്.”
”ഒരു ബോളിൽ ഒരു റൺ എന്ന നിലയിൽ മുൻപോട്ടു പോകാൻ സാധിച്ചിരുന്നു. പക്ഷേ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതോടെ ഞങ്ങൾക്ക് കൃത്യമായി സിംഗിളുകൾ നേടാനും സാധിച്ചിരുന്നില്ല. ഇതിന് ശേഷം ബൗണ്ടറികൾ കണ്ടെത്താൻ ഞങ്ങൾ ബുദ്ധിമുട്ടി. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. 15 ഓവർ വരെ കളിച്ചത് പോലെ മുൻപോട്ടു പോകാനായിരുന്നു നിർദ്ദേശം. പക്ഷേ അത് പ്രാവർത്തികമാക്കാൻ സാധിച്ചില്ല.”- ഗാരി കൂട്ടിച്ചേർക്കുന്നു.
ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ ഒരു ഹൃദയഭേദകമായ പരാജയം പാക്കിസ്ഥാന് നേരിടേണ്ടി വന്നിരുന്നു. ശേഷമാണ് ഇപ്പോൾ ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാൻ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. ജൂൺ 11ന് കാനഡയ്ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം നടക്കുന്നത്. മത്സരത്തിൽ ഒരു വമ്പൻ വിജയം നേടിയാൽ മാത്രമേ പാക്കിസ്ഥാന് തങ്ങളുടെ സൂപ്പർ 8 സാധ്യതകൾ നിലനിർത്താൻ സാധിക്കൂ. അല്ലാത്തപക്ഷം ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും അമേരിക്കയും സൂപ്പർ 8ൽ എത്താൻ സാധ്യതകൾ ഏറെയാണ്.