ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളിൽ വളരെ വെടിക്കെട്ട് തുടക്കം തന്നെയാണ് ഇന്ത്യൻ ടീമിന് നായകൻ രോഹിത് ശർമ നൽകിയിട്ടുള്ളത്. ഓപ്പണറായി ക്രീസിലെത്തുന്ന രോഹിത് ശർമ എതിർ ടീമിലെ ബോളർമാർക്ക് മേൽ തുടക്കത്തിൽ തന്നെ സമ്മർദ്ദം ചെലുത്താറുണ്ട്. ഇത് ഇന്ത്യയുടെ പല മത്സരങ്ങളിലെയും വിജയത്തിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. മറ്റു നായകന്മാരെ വയ്ച്ച് താരതമ്യം ചെയുമ്പോൾ, ആക്രമണ മനോഭാവമാണ് ഈ ലോകകപ്പിൽ രോഹിത്തിന്റെ പ്രത്യേകത. എന്തുകൊണ്ടാണ് താൻ ഇത്തരത്തിൽ ഇന്നിംഗ്സിന്റെ തുടക്കത്തിൽ വെടിക്കെട്ട് തീർക്കുന്നത് എന്ന് രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
താൻ വെറുതെ ബാറ്റ് വീശി റൺസ് കണ്ടെത്താനല്ല ശ്രമിക്കുന്നത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. “ഞാൻ എന്റെ ബാറ്റിംഗ് അങ്ങേയറ്റം ആസ്വദിക്കുന്നുണ്ട്. ടീമിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് മാത്രമാണ് ഞാൻ ബാറ്റ് ചെയ്യുന്നത്. എപ്പോഴും മൈതാനത്ത് ഇറങ്ങി വെറുതെ ബാറ്റ് വീശാനല്ല ഞാൻ ശ്രമിക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ കളിക്കാനും ബാറ്റ് നന്നായി ചെയ്യാനും ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഞാൻ നന്നായി കളിക്കണമെന്നും എന്റെ ടീം ശക്തമായ നിലയിലെത്തണം എന്നുമാണ് എന്റെ ചിന്താഗതി “- രോഹിത് ശർമ്മ പറഞ്ഞു.
“ഒരാൾ ബാറ്റിംഗ് ഇന്നിങ്സിൽ ഓപ്പണറായി എത്തുമ്പോൾ സ്കോർ ബോർഡ് ആരംഭിക്കുന്നത് പൂജ്യം റൺസിൽ നിന്നാണ്. ഒരു ഓപ്പണിങ് ബാറ്റർ എന്ന നിലയ്ക്ക് കളിയുടെ മൊമെന്റം ഞാനാണ് സെറ്റ് ചെയ്യേണ്ടത്. എന്നെ സംബന്ധിച്ച് ടീമിനായി ആരംഭിക്കുക എന്നത് വലിയൊരു നേട്ടമാണ്. അങ്ങനെ നോക്കുമ്പോൾ ഭയത്തെ മാറ്റിനിർത്തി തന്നെ കളിക്കാനാണ് ഞാൻ തയ്യാറാവുന്നത്. കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾക്ക് പവർപ്ലെയിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. അത് ഞങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കി. അതിനാൽ തന്നെ മത്സരത്തിലെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടി വന്നിരുന്നു.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.
“ഒരു ബാറ്റർ എന്ന നിലയിൽ എന്റെ ശ്രദ്ധ ആ നിമിഷത്തിലേക്ക് മാത്രമാണ്. ആ സമയത്ത് എന്താണ് വേണ്ടത് അതാണ് ചെയ്യാൻ ഞാൻ ശ്രമിക്കുന്നത്. ആദ്യ ഓവറിൽ ഇന്ത്യൻ ടീമിന് എന്താണോ ആവശ്യം, അഞ്ചാം ഓവറിൽ എന്താണോ ആവശ്യം അതൊക്കെയും നൽകുക എന്നതാണ് എന്റെ ദൗത്യം. ഇക്കാര്യങ്ങളൊക്കെയും ആലോചിച്ച് സാഹചര്യത്തിന് അനുസൃതമായ രീതിയിൽ കളിക്കാനാണ് ഞാൻ എല്ലായിപ്പോഴും തയ്യാറായിട്ടുള്ളത്.”- രോഹിത് ശർമ പറഞ്ഞു വയ്ക്കുന്നു. ലോകകപ്പിലെ ആദ്യ മത്സരങ്ങളിലൊക്കെയും ഇന്ത്യക്കായി വളരെ മികച്ച തുടക്കങ്ങളാണ് രോഹിത് ശർമ നൽകിയിട്ടുള്ളത്. രോഹിത് തന്റെ ഫോം ഈ ടൂർണമെന്റിലുടനീളം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.