2024 ട്വന്റി20 ലോകകപ്പിനായി ഒരു സർപ്രൈസ് ടീം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. 15 അംഗങ്ങൾ അടങ്ങുന്ന ലോകകപ്പിനുള്ള സ്ക്വാഡിനെയാണ് മഞ്ജരേക്കർ തിരഞ്ഞെടുത്തിരിക്കുന്നത്.
ചില വിവാദപരമായ തെരഞ്ഞെടുപ്പുകളും തന്റെ സ്ക്വാഡിൽ മഞ്ജരേക്കർ വരുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് വിരാട് കോഹ്ലിയെ മഞ്ജരേക്കർ തന്റെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി എന്നുള്ളതാണ്. പകരം ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഓൾറൗണ്ടർ ക്രൂണാൽ പാണ്ട്യയെ മഞ്ജരേക്കർ തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ചില അത്ഭുതകരമായ തീരുമാനങ്ങൾ ഉൾക്കൊണ്ട സ്ക്വാഡാണ് മഞ്ജരേക്കർ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർമാരായ രോഹിത് ശർമയെയും ജയസ്വാളിനെയുമാണ് ടീമിന്റെ നെടുംതൂണായി മഞ്ജരേക്കർ തെരഞ്ഞെടുത്തിരിക്കുന്നത്. ശേഷം സഞ്ജു സാംസനെയും സൂര്യകുമാർ യാദവിനെയും ആദ്യ 4 ബാറ്റർമാരുടെ ലിസ്റ്റിലേക്ക് മഞ്ജരേക്കർ ഉൾപ്പെടുത്തിയിരിക്കുന്നു.
3 വിക്കറ്റ് കീപ്പർ ബാറ്റർമാരാണ് മഞ്ജരേക്കരുടെ 15 അംഗ സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്നത്. ഋഷഭ് പന്ത്, രാഹുൽ, സഞ്ജു സാംസൺ എന്നി വിക്കറ്റ് കീപ്പർമാരെയാണ് മഞ്ജരേക്കർ തന്റെ സ്ക്വാഡിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഓൾറൗണ്ടർ നിരയിലേക്ക് മഞ്ജരേക്കർ തിരഞ്ഞെടുത്തിരിക്കുന്നത് രവീന്ദ്ര ജഡേജയെയും ക്രൂണാൽ പാണ്ട്യയെയുമാണ്.
ഇവരെ തിരഞ്ഞെടുക്കുന്നതിനൊപ്പം, ഇന്ത്യയുടെ പേസ് ബോളിംഗ് ഓൾറൗണ്ടറായ ഹർദിക് പാണ്ട്യയേയും ശിവം ദുബയെയും മഞ്ജരേക്കർ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. മഞ്ജരേക്കറുടെ ടീമിന്റെ സ്പിൻ കരുത്ത് കുൽദീപ് യാദവും യൂസ്വെന്ദ്ര ചഹലുമാണ്. ഇരുവരുടെയും മത്സരം വിജയിപ്പിക്കാനുള്ള കഴിവിനെ ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മഞ്ജരേക്കറുടെ പേസ് അറ്റാക്കിൽ ഇന്ത്യയുടെ സൂപർ താരം ജസ്പ്രീറ്റ് ബൂമ്രയും മുഹമ്മദ് സിറാജും ഉൾപ്പെടുന്നുണ്ട്. സമ്മർദ്ദ സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും സാധിക്കുമെന്ന് മഞ്ജരേക്കർ പറയുകയുണ്ടായി.
“നിലവിൽ കുൽദീപ് യാദവ് മികച്ച പ്രകടനങ്ങൾ തന്നെ കാഴ്ചവയ്ക്കുന്നുണ്ട്. മാത്രമല്ല ചാഹലിനെയും ബൂംറയെയും പോലെ മികവ് പുലർത്താനും കുൽദീപിന് സാധിക്കുന്നു. അത്തരത്തിലൊരു ബഹുമാനം നേടിയെടുക്കാൻ കുൽദീപിന് സാധിച്ചിട്ടുണ്ട്. തനിക്കു നൽകുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റാൻ കുൽദീപ് ശ്രമിക്കാറുണ്ട്. അതിനാലാണ് ഞാൻ കുൽദീപിനെ തിരഞ്ഞെടുത്തത്.”- മഞ്ജരേക്കർ പറഞ്ഞു. ഇവർക്കൊപ്പം ഹർഷിദ് റാണ, മായങ്ക്, ആവേഷ് ഖാൻ എന്നിവരും സഞ്ജയ് മഞ്ജരേക്കരുടെ ടീമിൽ ഉൾപ്പെടുന്നു.