മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയതോടെ, രാജസ്ഥാൻ 2024 ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ എറിഞ്ഞിടാൻ രാജസ്ഥാന്റെ ബോളർമാർക്ക് സാധിച്ചു.
മത്സരത്തിൽ ബോൾട്ടും ചാഹലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് പുലർത്തിയപ്പോൾ, മുംബൈയുടെ ഇന്നിങ്സ് കേവലം 125 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിൽ രാജസ്ഥാനായി റിയാൻ പരഗ് അർത്ഥ സെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുത്തതോടെ രാജസ്ഥാൻ അനായാസം വിജയം സ്വന്തമാക്കി. മത്സരത്തിലെ വിജയത്തെപ്പറ്റി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
മത്സരത്തിലെ നിർണായക ഘടകമായി മാറിയത് ടോസാണ് എന്ന് സഞ്ജു സാംസൺ പറയുന്നു. “മത്സരത്തിലെ ഗെയിം ചേഞ്ചർ ടോസ് ആയിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ വിക്കറ്റ് ബാറ്റിംഗിന് അത്ര മികച്ചതായിരുന്നില്ല. മാത്രമല്ല ബോൾട്ട്, ബർഗർ എന്നിവരുടെ അനുഭവസമ്പത്ത് ആദ്യ സമയങ്ങളിൽ തന്നെ ഞങ്ങൾക്ക് സഹായകരമായി.”
“10- 15 വർഷങ്ങളായി കളിക്കുന്ന താരമാണ് ബോൾട്ട്. അതിനാൽ തന്നെ പുതിയ ബോളിൽ ബോളിൽ നിന്ന് ഞങ്ങൾ ഇതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും 4-5 വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമാവും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഞങ്ങളുടെ ബോളർമാർ മികവ് പുലർത്തുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”- സഞ്ജു പറയുന്നു.
“ഞങ്ങളുടെ ടീമിൽ ഒരുപാട് വലിയ വ്യക്തികളുണ്ട് എന്ന കാര്യം എനിക്കറിയാം. എന്നാൽ എല്ലാവരും അവരവരുടെ റോളുകൾ കൃത്യമായി അംഗീകരിക്കുകയും അതിനനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്നതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട കാര്യം. അശ്വിൻ, ചാഹൽ എന്നിവർ പവർപ്ലേ ഓവറുകളിൽ തന്നെ മികവ് പുലർത്താൻ സാധിക്കുന്നവരാണ്.”
“നിരന്തരം വിക്കറ്റുകൾക്കായി ശ്രമിക്കാതേ തന്നെ മത്സരത്തിൽ എതിർ ടീമുകളെ പിടിച്ചു കെട്ടാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ഐപിഎല്ലിനായി എല്ലാത്തരം തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ വ്യക്തിയാണ് ചാഹൽ. കഴിഞ്ഞ 2-3 വർഷങ്ങളായി ഞങ്ങൾക്കായി നിരന്തരം മികച്ച പ്രകടനങ്ങൾ ചാഹൽ കാഴ്ചവയ്ക്കുന്നുണ്ട്.”- സഞ്ജു കൂട്ടിച്ചേർത്തു.
മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ പ്രധാനഘടകമായി മാറിയത് റിയാൻ പരഗിന്റെ ഇന്നിംഗ്സ് തന്നെയായിരുന്നു. രാജസ്ഥാന് തങ്ങളുടെ മുൻനിര ബാറ്റർമാരെ ചെറിയ ഇടവേളയിൽ നഷ്ടമായ സാഹചര്യത്തിലാണ് പരാഗ് ക്രീസിൽ എത്തിയത്. തന്റെ ഇന്നിംഗ്സിന്റെ ആദ്യസമയത്ത് വളരെ പതിയെയാണ് പരാഗ് മുൻപോട്ട് പോയത്. എന്നാൽ ശേഷം വമ്പൻ ഷോട്ടുകളുമായി പരഗ് തിരിച്ചു വരുന്നതാണ് കണ്ടത്. 39 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമായാണ് പരാഗ് 54 റൺസ് സ്വന്തമാക്കിയത്. എന്തായാലും പരഗിന്റെ മറ്റൊരു വേർഷനാണ് 2024 ഇന്ത്യൻ പ്രീമിയർ ലിഗിൽ കാണുന്നത്.