“എന്റെ വിക്കറ്റാണ് മത്സരം തിരിച്ചത്. ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു.”- പാണ്ഡ്യപറയുന്നു.

sanju and hardik

രാജസ്ഥാനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ പരാജയമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. മുംബൈ ഇന്ത്യൻസിന്റെ ഈ സീസണിലെ തുടർച്ചയായ മൂന്നാം പരാജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ബാറ്റിംഗിൽ വലിയ ദുരന്തം തന്നെ നേരിട്ടു. പ്രധാന ബാറ്റർമാരൊക്കെയും സംഭാവനകൾ നൽകാതെ മടങ്ങിയതോടെ മുംബൈ പതറുകയായിരുന്നു.

32 റൺസ് നേടിയ തിലക് വർമയും 34 റൺസ് നേടിയ ഹാർദിക് പാണ്ട്യയുമാണ് മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഇവരുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 125 റൺസായിരുന്നു മുംബൈ നേടിയത്. മറുപടി ബാറ്റിംഗിൽ റിയാൻ പരാഗ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ മത്സരത്തിൽ രാജസ്ഥാൻ അനായാസം വിജയം സ്വന്തമാക്കി. മത്സരത്തിലെ പരാജയത്തെപ്പറ്റി മുംബൈ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ തന്റെ വിക്കറ്റാണ് ഏറ്റവും നിർണായകമായത് എന്ന് പാണ്ഡ്യ പറയുകയുണ്ടായി. “അതെ, ഇതൊരു പ്രയാസമേറിയ രാത്രി തന്നെയായിരുന്നു. മത്സരത്തിൽ ഞങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള തുടക്കം ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഞാൻ ബോളർമാർക്കെതിരെ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്.”

“മത്സരത്തിൽ 150-160 റൺസ് സ്വന്തമാക്കാൻ സാധിക്കുന്ന ഒരു പൊസിഷനിൽ തന്നെയായിരുന്നു ഞങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ എന്റെ വിക്കറ്റ് രാജസ്ഥാന് മത്സരത്തിലേക്ക് തിരികെ വരാൻ സാഹചര്യം ഉണ്ടാക്കി കൊടുത്തു. അത് ചെയ്യാൻ പാടില്ലായിരുന്നു എന്ന് ഞാൻ ഇപ്പോൾ കരുതുന്നു.”- പാണ്ഡ്യ പറഞ്ഞു.

Read Also -  "എനിക്ക് ഇതൊന്നും പ്രശ്നമല്ല.. ഞാൻ മുമ്പും നായകനല്ലാതെ കളിച്ചിട്ടുണ്ട്"- മുംബൈ ടീമിനെപ്പറ്റി പ്രതികരിച്ച് രോഹിത്.

“എന്തായാലും ഞങ്ങൾ ഇതൊരു പ്രശ്നമായി കാണുന്നില്ല. ഇത്തരമൊരു വിക്കറ്റ് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും എല്ലായിപ്പോഴും ബാറ്റർമാർക്കായി വിക്കറ്റ് ഒരുക്കുക എന്നത് അസാധ്യമാണ്. ചില സമയത്ത് ബോളർമാർക്കും അനുകൂലമായ വിക്കറ്റുകൾ ഒരുക്കേണ്ടതുണ്ട്. പ്രധാനമായും മത്സരത്തിൽ കാര്യങ്ങളൊക്കെയും നന്നായി ചെയ്യാൻ ശ്രമിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.”

“അങ്ങനെയെങ്കിൽ കൃത്യമായ ഫലങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. ചില സമയങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ ഉണ്ടാവാതിരിക്കുന്നത്. ഒരു ഗ്രൂപ്പ് എന്ന നിലയ്ക്ക് ഞങ്ങൾക്ക് കൂടുതൽ നന്നായി കളിക്കാൻ സാധിക്കും എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാൽ ഞങ്ങൾ കുറച്ചുകൂടി പക്വതയും ധൈര്യവും പുറത്തു കാട്ടേണ്ടതുണ്ട്.”- പാണ്ഡ്യ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ 126 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ജയസ്വാൾ(10) ബട്ട്ലർ(13) സഞ്ജു(12) എന്നിവർ കൂടാരം കയറിയത് രാജസ്ഥാനെ ബാധിച്ചു. എന്നാൽ ആദ്യ രണ്ടു മത്സരങ്ങളിലേതുപോലെ തന്നെ റിയാൻ പരാഗ് മൂന്നാം മത്സരത്തിലും നിറഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 39 പന്തുകളിൽ 54 റൺസാണ് പരഗ് നേടിയത്. 5 ബൗണ്ടറികളും 3 സിക്സറുകളും പരഗിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ രാജസ്ഥാൻ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.

Scroll to Top