ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ധോണി. ചെന്നൈയിൽ കളിക്കാൻ സന്തോഷമെന്ന് താക്കൂർ.

dhoni keeping ipl 2023 e1682099644485

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒരു പ്രധാന താരമാണ് ഓൾറൗണ്ടർ ഷർദൂൽ താക്കൂർ. മിനി ലേലത്തിൽ അതിവിദഗ്ധമായാണ് താക്കൂറിനെ ചെന്നൈ തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്. ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റിലടക്കം മികച്ച പ്രകടനങ്ങളുമായി ചെന്നൈയ്ക്ക് വേണ്ട പ്രതീക്ഷയും നൽകാൻ താക്കൂറിന് സാധിച്ചു.

ചെന്നൈ ടീമിലെ തന്റെ ഗെയിം പ്ലാനുകളെ പറ്റി താക്കൂർ സംസാരിക്കുകയുണ്ടായി. മഹേന്ദ്ര സിംഗ് ധോണി എന്ന നായകന്റെ കീഴിൽ കളിക്കാൻ തനിക്ക് ലഭിച്ച അവസരം ഇനിയും നന്നായി ഉപയോഗിക്കും എന്നാണ് താക്കൂർ പറയുന്നത്. മാത്രമല്ല ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി എന്ന് താക്കൂർ അംഗീകരിക്കുകയും ചെയ്യുന്നു.

ധോണിയിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ തനിക്ക് സാധിക്കുമെന്ന് താക്കൂർ വിശ്വസിക്കുന്നു. “എനിക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ മികവ് പുലർത്താൻ പ്രത്യേക പ്ലാനുകളൊന്നും തന്നെയില്ല. ഞാൻ ധോണി ഭായിയുടെ കീഴിലാണ് കളിക്കുന്നത്. അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ്. വീണ്ടും അദ്ദേഹത്തിന് കീഴിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. മുൻപ് അദ്ദേഹത്തോടൊപ്പം ഞാൻ കളിച്ചിട്ടുണ്ട്.”

“അതിനാൽ ഇനിയും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല മറ്റു താരങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം അദ്ദേഹം എങ്ങനെ പുറത്തെടുക്കുന്നു എന്ന കാര്യവും എനിക്ക് പഠിക്കാൻ സാധിക്കും.”- താക്കൂർ പറയുന്നു.

Read Also -  "ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിൽ കളിക്കാനുള്ള പക്വത അവന് ഇനിയും കൈവന്നിട്ടില്ല. ടീമിൽ എടുക്കരുത്"- യുവരാജ് സിംഗിന്റെ നിർദ്ദേശം.

രഞ്ജി ട്രോഫി ട്രോഫി ഫൈനൽ മത്സരത്തിലെ മുംബൈയുടെ വിജയത്തെ പറ്റിയും താക്കൂർ സംസാരിച്ചു. വിദർഭാ ടീമിനെ 169 റൺസിനായിരുന്നു ഫൈനലിൽ മുംബൈ പരാജയപ്പെടുത്തിയത്. “എപ്പോഴൊക്കെ നമ്മൾ കിരീടം സ്വന്തമാക്കിയാലും, അപ്പോഴൊക്കെ നമ്മുടെ ആത്മവിശ്വാസം വളരെ ഉയർന്ന നിലവാരത്തിലാവും. രഞ്ജി ട്രോഫിയിൽ കാഴ്ചവച്ച പ്രകടനങ്ങൾ, ആ മൊമന്റം ഇനിയും തുടരാൻ തന്നെയാണ് ഞങ്ങൾ കളിക്കാർ എന്ന നിലയിൽ ഇപ്പോൾ ശ്രമിക്കുന്നത്.”- ശർദുൾ കൂട്ടിച്ചേർക്കുകയുണ്ടായി.

ചെന്നൈ ടീമിലെ മികച്ച പ്രകടനത്തോടെയായിരുന്നു ഷർദുൽ താക്കൂർ ഇന്ത്യൻ ക്രിക്കറ്റിൽ സജീവ സാന്നിധ്യമായി മാറിയത്. 2018 മുതൽ 2021 വരെയുള്ള ഐപിഎൽ സീസണുകളിലാണ് ചെന്നൈ സൂപ്പർ കിങ്സിനൊപ്പം താക്കൂർ കളിച്ചത്.

ശേഷം താക്കൂർ ഡൽഹി ക്യാപിറ്റൽസിലേക്ക് മാറുകയും പിന്നീട് കൊൽക്കത്ത ടീമിൽ എത്തുകയും ചെയ്തു. 2021 ഇന്ത്യൻ പ്രീമിയർ ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് ശർദൂർ 21 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഇത്തവണയും താക്കൂർ തിരികെ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തുന്നതോടെ ടീം കൂടുതൽ ശക്തമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top