“ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിൽ കളിക്കാനുള്ള പക്വത അവന് ഇനിയും കൈവന്നിട്ടില്ല. ടീമിൽ എടുക്കരുത്”- യുവരാജ് സിംഗിന്റെ നിർദ്ദേശം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇതുവരെ ഓപ്പണറായ അഭിഷേക് ശർമ കാഴ്ച വെച്ചിട്ടുള്ളത്. ട്രാവീസ് ഹെഡിനൊപ്പം ഓപ്പണിങ്ങിറങ്ങി ഹൈദരാബാദിന് മികച്ച തുടക്കങ്ങൾ നൽകാൻ അഭിഷേകിന് സാധിക്കുന്നുണ്ട്.

ഇതുവരെ ഐപിഎല്ലിൽ 12 മത്സരങ്ങൾ പൂർത്തിയാക്കിയ താരം 258 റൺസാണ് നേടിയിട്ടുള്ളത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയാണ് അഭിഷേക് ശർമയുടെ പ്രതിഭ ലോക ക്രിക്കറ്റിന് ബോധ്യപ്പെട്ടത്. അതിനാൽ തന്നെ അഭിഷേകിനെ ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന രീതിയിൽ അഭിപ്രായങ്ങൾ എത്തിയിരുന്നു. എന്നാൽ അഭിഷേകിനെ ഒരുകാരണവശാലും ഇന്ത്യ ട്വന്റി20 ലോകകപ്പിൽ ഉൾപ്പെടുത്താൻ പാടില്ല എന്നാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് പറയുന്നത്.

ട്വന്റി20 ലോകകപ്പ് പോലെ വലിയ ടൂർണമെന്റ് കളിക്കാനുള്ള പക്വത ഇനിയും അഭിഷേകിന് കൈവന്നിട്ടില്ല എന്ന് യുവരാജ് ചൂണ്ടിക്കാട്ടുന്നു. “ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ അടുത്തുതന്നെ അഭിഷേക് ശർമയുണ്ട്. പക്ഷേ ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിൽ കളിക്കാനുള്ള പക്വത അവന് ഇനിയും കൈവന്നിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. പരിചയസമ്പന്നരായ താരങ്ങളുടെ ഒരു നിരയെയാണ് നമുക്ക് ലോകകപ്പിൽ ആവശ്യം”

“ചില യുവതാരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പിൽ കളിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അഭിഷേക് ശർമ ഇനി ശ്രദ്ധിക്കേണ്ടത് ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ കളിക്കാനാണ്. അതിൽ അവൻ തയ്യാറായിരിക്കണം. അടുത്ത 6 മാസങ്ങൾ അഭിഷേക് ശർമയെ സംബന്ധിച്ച് വളരെ നിർണായകമാണ്.”- യുവരാജ് പറയുന്നു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ അഭിഷേക് ശർമയുടെ പ്രകടനത്തെപ്പറ്റിയും യുവരാജ് സംസാരിക്കുകയുണ്ടായി. “വളരെ മികച്ച പ്രകടനമാണ് ഇതുവരെ അഭിഷേക് കാഴ്ച വെച്ചിട്ടുള്ളത്. അസാധ്യമായ സ്ട്രൈക്ക് റേറ്റ് അവനുണ്ട്. എന്നിരുന്നാലും വലിയ സ്കോറുകൾ സ്വന്തമാക്കാൻ അഭിഷേകിന് സാധിച്ചിട്ടില്ല. ഇന്ത്യക്കായി കളിക്കുമ്പോൾ വലിയ സ്ട്രൈക്ക് റേറ്റിൽ വലിയ സ്കോറുകൾ സ്വന്തമാക്കാൻ അവൻ ശ്രദ്ധിക്കണം. വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള കഴിവ് അഭിഷേക് ശർമയ്ക്കുണ്ട്. എന്നാൽ സിംഗിൾസ് എടുത്ത് സ്ട്രൈക് റൊട്ടേറ്റ് ചെയ്യാനും അഭിഷേക് ശർമ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ബോളർമാർക്കെതിരെ നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള ആത്മവിശ്വാസം അവന് കൈ വരണം.”- യുവരാജ് കൂട്ടിച്ചേർത്തു.

ഹൈദരാബാദ് ടീമിൽ അഭിഷേക് ശർമയുടെ സഹ ഓപ്പണറാണ് ട്രാവിസ് ഹെഡ്. ഇതുവരെ വമ്പൻ പ്രകടനങ്ങൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഹെഡ്. ഹെഡിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അഭിഷേക് ശർമയ്ക്ക് ഇനിയും പഠിക്കാനുണ്ട് എന്നാണ് യുവരാജ് പറയുന്നത്. നല്ല തുടക്കങ്ങളൊക്കെയും വലിയ സ്കോറാക്കി മാറ്റാൻ സാധിച്ചാലേ അഭിഷേകിനെ മികച്ച ഒരു ബാറ്ററായി പരിഗണിക്കാൻ സാധിക്കു എന്ന് യുവരാജ് കരുതുന്നു. എന്തായാലും ഈ ഐപിഎല്ലിൽ ഒരു അത്ഭുതപ്രകടനം തന്നെയാണ് അഭിഷേക് പുറത്തെടുത്തിട്ടുള്ളത്.

Previous article“നരെയ്നെതിരെ സിംഗിൾ നേടി , ബാക്കിയുള്ള ബോളർമാരെ ആക്രമിയ്ക്കുക “- തന്ത്രം വ്യക്തമാക്കി ശശാങ്ക് സിംഗ്.
Next articleരക്ഷയില്ല ഹാർദിക്കേ.. മുംബൈയ്ക്ക് സീസണിലെ ആറാം തോൽവി.. ഡൽഹിയുടെ വിജയം 10 റൺസിന്..