“ലോകകപ്പ് നേടിയില്ലെങ്കിലും കുഴപ്പമില്ല, ഇന്ത്യയെ തോൽപിക്കണം”- റമീസ് രാജ പാകിസ്ഥാൻ ടീമിന് നൽകിയ ഉപദേശം.

india vs pakistan mcg

ട്വന്റി20 ലോകകപ്പിൽ ലോകത്താകമാനമുള്ള ആരാധകർ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കാൻ പോകുന്നത്. ന്യൂയോർക്കിൽ ജൂൺ 9ന് നടക്കുന്ന മത്സരത്തിൽ തീപാറുന്ന പോരാട്ടം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെയും ചരിത്ര മത്സരങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഇത്തവണയും അത് ആവർത്തിക്കാൻ സാധ്യതകൾ ഏറെയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ. ഇന്ത്യക്കെതിരെയുള്ള സൂപ്പർ പോരാട്ടത്തിൽ എന്തു വിലകൊടുത്തും വിജയിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് മുഹമ്മദ് റിസ്വാൻ തുറന്നു പറയുകയുണ്ടായി.

ലോകകപ്പിന് തിരിക്കുന്നതിനു മുൻപായി മുൻ പാക് നായകൻ റമീസ് രാജ തങ്ങൾക്ക് നൽകിയ ഉപദേശത്തെ പറ്റിയാണ് റിസ്വാൻ വെളിപ്പെടുത്തിയത്. ലോകകപ്പിൽ എന്തൊക്കെ സംഭവിച്ചാലും ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയം ഉണ്ടാവാൻ പാടില്ല എന്ന് റമീസ് രാജ പറഞ്ഞതായി റിസ്വാൻ വ്യക്തമാക്കുന്നു. ഒരു ചടങ്ങിൽ സംസാരിക്കുന്ന സമയത്താണ് റിസ്വാൻ ഇക്കാര്യം പറഞ്ഞത്.

“ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ മത്സരങ്ങളിലും ഒരുപാട് സമ്മർദ്ദമുണ്ടാകും. എല്ലാ രാജ്യങ്ങളിലുള്ള ക്രിക്കറ്റ് ആരാധകരും ഈ മത്സരം കാണും. 2021 ട്വന്റി20 ലോകകപ്പിലാണ് ഞങ്ങൾ ഇന്ത്യയെ പരാജയപ്പെടുത്തിയത്. അന്ന് ആ വിജയം എത്ര വലുതാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്, തിരികെ പാക്കിസ്ഥാനിൽ എത്തിയതോടെ ആയിരുന്നു. നാട്ടിലെത്തിയ ശേഷം ഞങ്ങൾ ഷോപ്പിങ്ങിന് പോയപ്പോൾ ആളുകൾ ഞങ്ങളുടെ കയ്യിൽ നിന്ന് പണം വാങ്ങിയിരുന്നില്ല.”- റിസ്വാൻ പറയുന്നു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

“റമീസ് രാജ ഞങ്ങളോട് ഇത്തവണ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമാണ്. ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കണം എന്നത്. നിങ്ങൾ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും അത് വലിയ പ്രശ്നമല്ല. പക്ഷേ ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയപ്പെടാൻ പാടില്ല. ഇതാണ് റമീസ് രാജ ഞങ്ങളോട് പറഞ്ഞത്.”- റിസ്വാൻ കൂട്ടിച്ചേർത്തു.

2022 ട്വന്റി20 ലോകകപ്പിൽ ആയിരുന്നു ഇന്ത്യ പാകിസ്ഥാനെതിരെ അവസാനമായി വലിയ മത്സരം കളിച്ചത്. മെൽബണിൽ നടന്ന ത്രില്ലർ മത്സരത്തിൽ ഇന്ത്യ അവിശ്വസനീയമായ രീതിയിൽ വിജയം സ്വന്തമാക്കുകയായിരുന്നു. വിരാട് കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടമാണ് മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചത്.

ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്കെതിരെ വളരെ മോശം റെക്കോർഡാണ് പാക്കിസ്ഥാന് നിലവിലുള്ളത്. ഇതുവരെ ട്വന്റി20 ലോകകപ്പിൽ ഒരു തവണ മാത്രമാണ് ഇന്ത്യക്കെതിരെ പാകിസ്ഥാൻ വിജയിച്ചിട്ടുള്ളത്. 2021ൽ യുഎഇയിൽ നടന്ന ടൂർണമെന്റിലായിരുന്നു പാക്കിസ്ഥാന്റെ ചരിത്രവിജയം.

8 തവണ ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 6 മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഇത്തവണയും ഇന്ത്യ ശക്തമായ പ്രകടനം പുറത്തെടുത്ത് വിജയം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top