2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് നാളെ പ്രഖ്യാപിക്കുകയാണ്. ഒരുപാട് ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും അറുതി വരുത്തിയാണ് നാളെ സ്‌ക്വാഡ് പ്രഖ്യാപിക്കാൻ ഇരിക്കുന്നത്. എന്നാൽ ഇതിന് മുൻപായി ഇന്ത്യ ടീമിന് ചില നിർദ്ദേശങ്ങൾ നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളായ ശ്രീകാന്തും ടോം മൂഡിയും.
ഇന്ത്യ ഏതു തരത്തിൽ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും അക്ഷർ പട്ടേലിനെയും ലോകകപ്പിൽ പ്രയോജനപ്പെടുത്തണം എന്നാണ് ഇരുവരും പറയുന്നത്. ഈ താരങ്ങളുടെ പ്രകടനത്തിലുള്ള സാമ്യതകളെ പറ്റിയും മൂഡിയും ശ്രീകാന്തും സംസാരിക്കുകയുണ്ടായി.
ജഡേജയും അക്ഷറും ഇന്ത്യയുടെ സ്ക്വാഡിൽ ഉണ്ടാവണം എന്നാണ് ശ്രീകാന്ത് പറയുന്നത്. “ജഡേജ എന്തായാലും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉണ്ടാവണം. അതേ സമയം അക്ഷർ ഇന്ത്യയുടെ സ്ക്വാഡിൽ ഇടം പിടിക്കണം. നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അക്ഷർ ഒരു കഴിവുള്ള മാച്ച് വിന്നറാണ് എന്നത് തന്നെയാണ്. അക്ഷറിന് നന്നായി ബാറ്റ് ചെയ്യാനും ബോൾ ചെയ്യാനും സാധിക്കും. ഫീൽഡിലും അവൻ അവിസ്മരണീയമാണ്.”
“എന്നിരുന്നാലും എന്റെ ആദ്യ ചോയ്സ് ഏഴാം നമ്പറിൽ രവീന്ദ്ര ജഡേജ തന്നെയാണ്. ഒരുപാട് നാളത്തെ അനുഭവസമ്പത്ത് ഏഴാം നമ്പറിൽ ജഡേജയ്ക്കുണ്ട്. കഴിഞ്ഞ സമയങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ അവന് സാധിച്ചിരുന്നു. അവൻ വലിയ മത്സരങ്ങളുടെ താരമാണ്. അതുപോലെ തന്നെയാണ് അക്ഷർ പട്ടേലും. അതിനാൽ രണ്ടുപേരെയും ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തണം.”- ശ്രീകാന്ത് പറഞ്ഞു.
എന്നാൽ ഇരു താരങ്ങളെയും ഇന്ത്യ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കണമെന്ന ശ്രീകാന്തിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് മൂഡി രംഗത്തെത്തിയത്. “ഞാൻ എന്തായാലും ഇരുവരെയും ടീമിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ജഡേജയെ ഞാൻ എന്തായാലും ടീമിൽ ഉൾപ്പെടുത്തും. കാരണം മികച്ച ഇടങ്കയ്യൻ സ്പിന്നറെയാണ് ഞാൻ നോക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഇടംകയ്യൻ സ്പിന്നർ ജഡേജ തന്നെയാണ്. എന്നിരുന്നാലും എന്റെ പ്ലേയിംഗ് ഇലവനിൽ ജഡേജ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യുന്ന താരമല്ല.”- മൂഡി പറഞ്ഞു.
“ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള പ്രതിഭ ജഡേജയ്ക്കുണ്ട് എന്ന് ഞാൻ കരുതുന്നില്ല. തന്റെ സ്ട്രൈക്ക് റേറ്റ് കൊണ്ട് ഇതിനോടകം തന്നെ അത് അവൻ തെളിയിച്ചു കഴിഞ്ഞു. ഏഴാം നമ്പറിൽ ഒരു മികച്ച ഇമ്പക്ട് ഉണ്ടാക്കുന്ന താരത്തെയാണ് നമുക്ക് ആവശ്യം. അതിനാൽ തന്നെ ഞാൻ എന്റെ ടീമിലേക്ക് രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തുകയാണെങ്കിൽ ജഡേജ എട്ടാം നമ്പറിലാവും ബാറ്റ് ചെയ്യുക.”
“ശേഷം കുൽദീപ് ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യും. കൂടാതെ രണ്ടു ഫാസ്റ്റ് ബോളർമാരെയും ഞാൻ എന്റെ ഇലവനിൽ ഉൾപ്പെടുത്തും. ഹർദിക് പാണ്ട്യയും എന്റെ ടീമിലുണ്ടാവും. ശിവം ദുബെയെ പരിഗണിച്ചാൽ ടീമിന് ബോളിങ്ങിൽ കൂടി ഡെപ്ത് ലഭിക്കും. ആ രീതിയിലാണ് ഞാൻ കാര്യങ്ങളെ കാണുന്നത്. ജഡേജ എന്തായാലും എന്റെ ഇലവനിൽ ഉണ്ടാവും. അക്ഷർ ഉണ്ടാവില്ല.”- മോഡി കൂട്ടിച്ചേർത്തു.