ഫിൽ സോൾട്ടിന്റെ വെടിക്കെട്ട് 🔥 പന്തിന്റെ ടീമിനെ കെട്ടുകെട്ടിച്ച് കൊൽക്കത്ത.

dcc0ce07 f621 45ef a168 dc174d6fad16

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അർത്ഥസെഞ്ച്വറി നേടിയ ഫിൽസ് സോൾട്ടാണ് കൊൽക്കത്തയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്.

ബോളിങ്ങിൽ വരുൺ ചക്രവർത്തി അടക്കമുള്ളവർ മികച്ച പ്രകടനം പുറത്തെടുത്തതോടെ കൊൽക്കത്ത അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. എല്ലാ മേഖലകളിലും കൃത്യമായ മുൻതൂക്കം കാഴ്ചവച്ചാണ് കൊൽക്കത്തയുടെ ഈ വിജയം. ഈ സീസണിലെ കൊൽക്കത്തയുടെ ആറാം വിജയമാണ് മത്സരത്തിൽ പിറന്നത്.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഡൽഹിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. വലിയ പ്രതീക്ഷയായിരുന്ന പൃഥ്വി ഷായും (13) ഫ്രേസർ മക്ഗർക്കും (12) തുടക്കം തന്നെ കൂടാരം കയറി.

ശേഷം അഭിഷേക് പോറലും(18) ഷൈ ഹോപ്പും(6) സ്കോർ ബോർഡിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാതെ മടങ്ങിയതോടെ ഡൽഹി പൂർണ്ണമായും തകരുകയായിരുന്നു. നായകൻ പന്ത് 20 ബോളുകളിൽ 27 റൺസ് മാത്രമാണ് ഡൽഹിക്കായി സ്വന്തമാക്കിയത്. മധ്യനിരയും തകർന്നു വീണതോടെ ഡൽഹി 150 റൺസ് പോലും പിന്നിടില്ല എന്ന് എല്ലാവരും കരുതി.

Read Also -  ഇത് പഴയ സഞ്ജുവല്ല, "2.0" വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.

എന്നാൽ വാലറ്റത്ത് മികച്ച ബാറ്റിംഗ് പുറത്തെടുക്കാൻ കുൽദീപ് യാദവിന് സാധിച്ചു. മത്സരത്തിൽ 26 കുൽദീപ് 35 റൺസാണ് നേടിയത്. ഡൽഹി നിരയിലെ ടോപ്പ് സ്കോററും കുൽദീപ് തന്നെയായിരുന്നു. ഇങ്ങനെ ഡൽഹി മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 153 റൺസ് സ്വന്തമാക്കുകയുണ്ടായി.

മറുവശത്ത് കൊൽക്കത്തക്കായി 16 റൺസ് മാത്രം വിട്ടു നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ വരുൺ ചക്രവർത്തിയാണ് മികവ് പുലർത്തിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊൽക്കത്തയ്ക്ക് വമ്പൻ തുടക്കമായിരുന്നു ഓപ്പണർ ഫിൽ സോൾട്ട് നൽകിയത്. തുടക്കത്തിൽ തന്നെ ഡൽഹിയെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ സോൾട്ടിന് സാധിച്ചു.

മറ്റൊരു ഓപ്പണറായ സുനിൽ നരേയ്നെ കാഴ്ചക്കാരനാക്കി നിർത്തി സോൾട്ട് പവർപ്ലെയിൽ തന്നെ വെടിക്കെട്ട് തീർക്കുകയായിരുന്നു. 33 പന്തുകളിൽ 68 റൺസാണ് സോൾട്ട് മത്സരത്തിൽ നേടിയത്. 7 ബൗണ്ടറികളും 5 സിക്സറുകളും സോൾട്ടിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. നരെയ്നുമൊപ്പം ചേർന്ന് 79 റൺസിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ സോൾട്ട് കെട്ടിപ്പടുത്തത്. ശേഷമെത്തിയ ബാറ്റർമാരാരും വലിയ റിസ്ക് എടുക്കാതെ മുൻപോട്ടു പോയപ്പോൾ തന്നെ കൊൽക്കത്ത മത്സരത്തിൽ വിജയം ഉറപ്പിച്ചു. മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് കൊൽക്കത്ത നേടിയത്.

Scroll to Top