2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലെ ഉപനായകനാണ് ഹർദിക് പാണ്ഡ്യ. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹർദിക്കിന് സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഹർദിക്കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.
ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പിൽ കളിക്കുമ്പോൾ നമുക്ക് വ്യത്യസ്തമായ ഒരു ഹർദിക് പാണ്ഡ്യയെ കാണാൻ സാധിക്കും എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. ലോകകപ്പിൽ പാണ്ഡ്യ എല്ലാത്തരം പോസിറ്റീവ് മനോഭാവത്തോടെയും തന്നെ കളിക്കുമെന്നാണ് ഗവാസ്കർ കരുതുന്നത്.
ഇന്ത്യക്കായി ട്വന്റി20 ലോകകപ്പിൽ കളിക്കുന്നതും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നാണ് ഗവാസ്കറുടെ അഭിപ്രായം. ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ അധികമായി എനർജി പാണ്ഡ്യയ്ക്ക് ലഭിക്കും എന്നാണ് ഗവാസ്കർ കരുതുന്നത്.
“നമ്മുടെ രാജ്യത്തിനായി കളിക്കുന്നതും ഐപിഎല്ലിൽ കളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസം തന്നെയുണ്ട്. രാജ്യത്തിനായി കളിക്കുമ്പോൾ എല്ലാ താരങ്ങൾക്കും വ്യത്യസ്തമായ എനർജി ലഭിക്കാറുണ്ട്. ട്വന്റി20 ലോകകപ്പിൽ ഹർദിക് ഒരു വ്യത്യസ്തനായ താരം തന്നെയായിരിക്കും. ഐപിഎല്ലിൽ ഇതുവരെ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്ന താരമാണ് ഹർദിക്.”- ഗവാസ്കർ പറയുന്നു.
“എന്നിരുന്നാലും ഈ പ്രശ്നങ്ങളൊക്കെ നന്നായി തന്നെ നിയന്ത്രിക്കാൻ പാണ്ഡ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. വിദേശ പിച്ചുകളിലെത്തി അവിടെ ഇന്ത്യക്കായി കളിക്കുമ്പോൾ ഹർദിക്ക് പൂർണമായും വ്യത്യസ്തമായ ഒരു മനോഭാവമാവും പുലർത്തുക. അത്തരം സാഹചര്യം പാണ്ഡ്യയ്ക്ക് കൂടുതൽ പോസിറ്റീവായുള്ള കാര്യങ്ങൾ നൽകും. ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം പോലെയാവില്ല ഹർദിക്കിന്റെ ലോകകപ്പിലെ പ്രകടനം. ലോകകപ്പിൽ ബാറ്റ്കൊണ്ടും ബോൾകൊണ്ടും ഇന്ത്യയ്ക്കായി വലിയ സംഭാവന നൽകാൻ ഹർദിക്കിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.
ലോകകപ്പിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലും പാണ്ഡ്യ ഉൾപ്പെടുമെന്നാണ് ഗവാസ്കർ കരുതുന്നത്. “ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ രോഹിത് ശർമയും ജയ്സ്വാളുമാവും ഓപ്പണർമാരായി ഉണ്ടാവുക. മൂന്നാം നമ്പറിൽ കോഹ്ലിയും നാലാം നമ്പറിൽ സൂര്യകുമാർ യാദവും കളിക്കും. അഞ്ചാം നമ്പറിൽ പന്താണ് കളിക്കാൻ സാധ്യതയുള്ള താരം. ആറാം നമ്പറിൽ ഹാർദിക്കും ഏഴാം നമ്പറിൽ രവീന്ദ്ര ജഡേജയും കളിക്കും. എട്ടാം നമ്പറിൽ കുൽദീവ് യാദവും 9ആം നമ്പറിൽ ബൂമ്രയും ക്രീസിലെത്തും. പത്താം നമ്പറിൽ അർഷാദീപ് സിംഗാവും കളിക്കുക. നിലവിൽ പതിനൊന്നാം നമ്പർ ഒഴിഞ്ഞു കിടക്കുകയാണ്. സാഹചര്യമനുസരിച്ച് ആവും ഇന്ത്യക്കായി പതിനൊന്നാം നമ്പറിൽ താരം ഇറങ്ങുക.”- ഗവാസ്കർ പറഞ്ഞു വെക്കുന്നു.