ലേലത്തിന് മുമ്പ് ബാംഗ്ലൂർ കാണിച്ച 2 അബദ്ധങ്ങൾ. 2 പ്രൈം താരങ്ങളെ വിട്ടയച്ചു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ കേവലം 3 താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം നിലനിർത്തിയത്. ഇതിൽ തങ്ങളുടെ പ്രധാന താരമായ വിരാട് കോഹ്ലിയെയാണ് വമ്പൻ തുകയ്ക്ക് ബാംഗ്ലൂർ നിലനിർത്തിയിരിക്കുന്നത്.

21 കോടി രൂപയ്ക്ക് വിരാട് കോഹ്ലിയെ നിലനിർത്തിയ ബാംഗ്ലൂർ, 11 കോടി രൂപയ്ക്ക് രജത് പട്ടിദാറിനെയും നിലനിർത്തുകയുണ്ടായി. 5 കോടി രൂപയ്ക്കാണ് യുവപേസറായ യാഷ് ദയാലിനെ ബാംഗ്ലൂർ നിലനിർത്തിയത്. എന്നാൽ മുഹമ്മദ് സിറാജ് അടക്കമുള്ള മറ്റ് താരങ്ങളെ ബാംഗ്ലൂർ വിട്ടുനൽകുകയാണ് ഉണ്ടായത്. എന്നാൽ ബാംഗ്ലൂരിന് പറ്റിയ 2 പ്രധാനപ്പെട്ട പിഴവുകൾ ശ്രദ്ധിക്കാം.

നിലനിർത്തൽ പ്രക്രിയയിൽ ബാംഗ്ലൂരിനേറ്റ കനത്ത തിരിച്ചടി ഡുപ്ലസിസിന്റെ കാര്യത്തിലാണ്. കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ ടീമിന്റെ നായകനായിരുന്നു ഡുപ്ലസിസ്. 40കാരനായ ഡുപ്ലസിസ് തരക്കേടില്ലാത്ത പ്രകടനം ഫ്രാഞ്ചൈസിക്കായി പുറത്തെടുക്കുകയും ഉണ്ടായി. എന്നാൽ ഇത്തവണ ബാംഗ്ലൂർ താരത്തെ നിലനിർത്താൻ ശ്രമിച്ചില്ല. പക്ഷേ മറ്റു ലീഗുകളിലൊക്കെയും ഇപ്പോഴും മികച്ച പ്രകടനം തന്നെയാണ് ഡുപ്ലസിസ് കാഴ്ചവെക്കുന്നത്. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ മികച്ച പ്രകടനവുമായി ഡുപ്ലസിസ് തിളങ്ങി. മാത്രമല്ല കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലുസിയ ടീമിനായി ആദ്യ കിരീടം നേടി കൊടുക്കാനും താരത്തിന് സാധിച്ചു. ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരങ്ങളിൽ ഒരാൾ തന്നെയായിരുന്നു ഡുപ്ലസിസ്.

സിപിഎല്ലിൽ തന്റെ നായകത്വ മികവും, തന്ത്രപരമായ നീക്കങ്ങളും, ഇന്നിംഗ്സ് ആങ്കർ ചെയ്യാനുള്ള കഴിവും നന്നായി തന്നെ താരം ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡുപ്ലസിസിനെ വിട്ടു നൽകാനുള്ള ബാംഗ്ലൂരിന്റെ തീരുമാനം എത്രമാത്രം ശരിയാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തവണ യുവനിര അണിനിരക്കുന്ന ഒരു സ്ക്വാഡിനെ സ്വന്തമാക്കാനാണ് ബാംഗ്ലൂർ ശ്രമിക്കുന്നത്. പക്ഷേ അനുഭവസമ്പത്തുള്ള ഡുപ്ലസിസിനെ പോലെ ഒരു താരത്തെ വിട്ടുനൽകിയത് ബാംഗ്ലൂരിന്റെ ഭാഗത്തുനിന്ന് വന്ന വലിയൊരു പിഴവാണ്. ഇതേ പോലെ തന്നെ ബാംഗ്ലൂരിന് പറ്റിയ മറ്റൊരു അബദ്ധമാണ് വിൽ ജാക്സ്. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിനായി തട്ടുപൊളിപ്പൻ പ്രകടനമായിരുന്നു ജാക്സ് കാഴ്ച വച്ചത്.

അനായാസം ബൗണ്ടറികൾ കണ്ടെത്താനും കൃത്യമായി എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനും കഴിയുന്ന ബാറ്ററാണ് ജാക്സ്. ബാംഗ്ലൂരിന്റെ ബാറ്റിംഗ് ലൈനപ്പിലേക്ക് ഒരു എക്സ് ഫാക്ടറായി മാറാൻ കഴിഞ്ഞ സീസണിൽ ജാക്സിന് സാധിച്ചിരുന്നു. എത്ര വേഗത്തിൽ റൺസ് കണ്ടെത്താനും സാധിക്കുന്ന താരമാണ് ജാക്സ്. അതുകൊണ്ടുതന്നെ ജാക്സിനെ വിട്ടു നൽകാനുള്ള ബാംഗ്ലൂരിന്റെ തീരുമാനവും വലിയ പിഴവായി മാറാൻ സാധ്യതയുണ്ട്. ഈ ലേലത്തിൽ വലിയ തുക സ്വന്തമാക്കാൻ സാധ്യതയുള്ള ഒരു താരമാണ് ജാക്സ്.

Previous articleടെസ്റ്റിൽ പുതിയ നായകനെ നിയമിക്കൂ. രോഹിത് ഒരു ബാറ്ററായി മാത്രം കളിക്കട്ടെ. സുനിൽ ഗവാസ്കർ പറയുന്നു.