പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ 3 വിക്കറ്റ്കളുടെ ത്രസിപ്പിക്കുന്ന വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറുകളിൽ 147 റൺസായിരുന്നു നേടിയത്. രാജസ്ഥാൻ ഇന്നിങ്സിന്റെ പല സമയത്തും പതറുകയുണ്ടായി.
രാജസ്ഥാനായി 39 റൺസ് നേടിയ ഓപ്പണർ ജയസ്വാളാണ് തുടക്കത്തിൽ മിന്നും പ്രകടനം കാഴ്ചവച്ചത്. എന്നാൽ അവസാന ഓവറുകളിൽ രാജസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ പഞ്ചാബിന്റെ ബോളർമാർക്ക് സാധിച്ചു. പക്ഷേ രാജസ്ഥാന്റെ രക്ഷകനായി ഹെറ്റ്മയർ എത്തുകയായിരുന്നു. 10 പന്തുകളിൽ 27 നേടിയ ഹെറ്റ്മയറുടെ മികവിലാണ് രാജസ്ഥാൻ മത്സരത്തിൽ ത്രില്ലിംഗ് ഫിനിഷ് നടത്തിയത്. മത്സരത്തിലെ വിജയത്തെപ്പറ്റി നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
ക്യാച്ചിങ്ങിൽ ഉണ്ടായിട്ടുള്ള മികവുകൾ മത്സരങ്ങളിൽ വലിയ സഹായകരമായി മാറിയിട്ടുണ്ട് എന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും വളരെ മികച്ച ക്യാച്ചുകൾ സ്വന്തമാക്കാൻ ടീമംഗങ്ങൾക്ക് സാധിക്കുന്നുണ്ട് എന്ന് സഞ്ജു കൂട്ടിച്ചേർക്കുന്നു.
ടീമിലുള്ള എല്ലാവരും തന്നെ ഇത്തരത്തിൽ മികവ് പുലർത്തുന്നത് വലിയ സന്തോഷം നൽകുന്നുവേന്നും സഞ്ജു പറഞ്ഞു. എന്നിരുന്നാലും മത്സരത്തിൽ വലിയ രീതിയിൽ ടെൻഷൻ ഉണ്ടായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി. ഹെറ്റ്മയറിന്റെ മത്സരത്തിലെ പ്രകടനത്തെ പുകഴ്ത്തി തന്നെയാണ് സഞ്ജു സാംസൺ സംസാരിച്ചത്.
“റൺ ചേസിനിടെ ഒരുപാട് ടെൻഷനുകൾ ഞങ്ങൾക്കുണ്ടായിരുന്നു. കഴിഞ്ഞ 3-4 വർഷങ്ങളിൽ പഞ്ചാബിനെതിരെ നടന്ന മത്സരങ്ങളൊക്കെയും വളരെ ത്രില്ലിംഗ് ആയാണ് ഫിനിഷ് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചാബ് വളരെ നന്നായി തന്നെ ബോൾ ചെയ്തു. ക്രിക്കറ്റ് എന്നത് ചില സമയത്ത് തമാശകൾ നിറഞ്ഞ മത്സരമാണ്.”
“ഹെറ്റ്മയർ ഇത്തരത്തിൽ വർഷങ്ങളായി മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നുണ്ട്. അതിനനുസരിച്ചുള്ള അനുഭവസമ്പത്തും കഴിവും അദ്ദേഹത്തിനുണ്ട്. പവലും ഹെറ്റ്മയറും ടീമിലുള്ളത് ഞങ്ങളെ സംബന്ധിച്ച് വലിയ ഗുണം തന്നെയാണ്.”- സഞ്ജു പറയുകയുണ്ടായി.
“രഞ്ജി ട്രോഫിയിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് തനുഷ് കൊട്ടിയൻ ടീമിലേക്ക് എത്തിയത്. എല്ലാവരെയും എല്ലാത്തരത്തിലും ഇംപ്രസ് ചെയ്യിക്കാൻ അവന് സാധിച്ചിട്ടുണ്ട്. ജോസ് ബട്ട്ലർ ഉടൻ തന്നെ തിരിച്ചു എത്തും. അതുകൊണ്ടാണ് കൊട്ടിയനെ ഓപ്പണിങ്ങിൽ ഇറക്കിയത്. ബാറ്റിങ് ഓർഡറിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ തയ്യാറാവുന്നില്ല. മാത്രമല്ല ജയസ്വാൾ മികച്ച പ്രകടനം മത്സരത്തിൽ നടത്തിയതും വലിയ സന്തോഷം നൽകുന്നു. 30കളും 40കളും നേടി ജയസ്വാൾ മികവ് പുലർത്തുന്നത് നല്ല സൂചനയാണ് നൽകുന്നത്.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.