രോഹിത് സൂക്ഷിച്ചോ, മെഗാ ലേലമാണ് വരുന്നത്. മികച്ച പ്രകടനം വേണമെന്ന് മുൻ താരം.

തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന സമയങ്ങളിലൂടെ കടന്നുപോകുന്ന രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ താരം ദീപ്ദാസ് ഗുപ്ത. മുംബൈ ഇന്ത്യൻസ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായാലും രോഹിത് ശർമ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഗുപ്ത പറയുന്നു.

നിലവിൽ 2024 ഐപിഎല്ലിന്റെ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ് മുംബൈ ഇന്ത്യൻസ്. 11 മത്സരങ്ങളിൽ കേവലം 3 മത്സരങ്ങളിൽ മാത്രമാണ് മുംബൈ വിജയം കണ്ടത്. ഇതിന് ശേഷമാണ് ഗുപ്ത പ്രതികരണവുമായി എത്തിയത്. ടീം എന്നതിപരി രോഹിത് ശർമ വ്യക്തിപരമായ പ്രകടനങ്ങൾ പുറത്തെടുക്കണം എന്നാണ് ദീപ്ദാസ് ഗുപ്ത പറയുന്നത്. 2025ൽ മെഗാലേലം അടക്കമുള്ള കാര്യങ്ങൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രോഹിത്തിന്റെ പ്രകടനം വളരെ നിർണായകമാണ് എന്ന് ഗുപ്ത കരുതുന്നു.

“നമ്മൾ കളിക്കുന്നത് നമ്മുടെ ടീമിന്റെ അഭിമാനത്തിന് വേണ്ടി ആയിരിക്കണം. രോഹിത് ശർമ അടക്കമുള്ളവർ പ്രൊഫഷണൽ ക്രിക്കറ്റർമാർ തന്നെയാണ്. അവരവരുടെ അഭിമാനത്തിനായി നമ്മൾ കളിക്കണം. നമ്മൾ ഒരു മത്സരം കളിക്കാതിരിക്കാനോ പ്രകടനം കാഴ്ചവയ്ക്കാതിരിക്കാനോ നമുക്ക് സാധിക്കില്ല. ഏതൊക്കെ സമയത്ത് നമ്മൾ മൈതാനത്തിന്റെ ആ രേഖ കടന്നിട്ടുണ്ടോ, അപ്പോഴൊക്കെയും നമ്മുടെ മികച്ച പ്രകടനം തന്നെ കാഴ്ച വയ്ക്കേണ്ടതുണ്ട്.”- ദീപ്ദാസ് ഗുപ്ത സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“അടുത്ത വർഷം മെഗാ ലേലം വരാനിരിക്കുന്നു എന്ന കാര്യം മറക്കാൻ പാടില്ല. രോഹിത് ശർമയെ പോലുള്ള പ്രൊഫഷണൽ ക്രിക്കറ്റർമാരെ സംബന്ധിച്ച് ഇത് അവസാന അവസരങ്ങൾ തന്നെയാണ്. നമ്മുടെ ടീം പ്ലേയോഫിലേക്ക് യോഗ്യത നേടിയില്ലെങ്കിൽ കൂടി നമ്മൾ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാകൂ. മറ്റുള്ള ടീമുകളോടും നമ്മുടെ സ്വന്തം കളിക്കാരോടും ‘ഞാൻ ഇവിടെയുണ്ട്’ എന്ന് ബോധിപ്പിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.”- ഗുപ്ത കൂട്ടിച്ചേർത്തു. രോഹിത് ശർമ ഫോമിലേക്ക് തിരിച്ചു വരേണ്ടത് ഇന്ത്യയുടെ ആവശ്യമാണ് എന്നാണ് ഗുപ്ത കരുതുന്നത്. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി നിർണായക പ്രകടനം തന്നെ രോഹിത് കാഴ്ചവയ്ക്കണമെന്ന് ഗുപ്ത ആവശ്യപ്പെടുന്നു.

“നായകനായ ശേഷം ടീമിന്റെ ഒരു നിർണായക ഘടകം തന്നെയാണ് രോഹിത് ശർമ. ഇന്ത്യയുടെ മുൻനിരയിൽ കൃത്യമായി താളമുണ്ടാക്കിയതിൽ രോഹിത് ശർമയ്ക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി അവൻ ഇന്ത്യൻ ടീമിന്റെ നിർണായക താരം തന്നെയാണ്. അതിനാൽ തിരിച്ചുവരവ് അത്യാവശ്യമാണ്.”- ഗുപ്ത പറഞ്ഞു വയ്ക്കുന്നു. ഇതുവരെയും 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവയ്ക്കാൻ രോഹിത്തിന് സാധിച്ചിട്ടില്ല. പല മത്സരങ്ങളിലും മികച്ച ഇന്നിങ്സുകൾ കളിക്കുന്നുണ്ടെങ്കിലും മറ്റു മത്സരങ്ങളിൽ രോഹിത് പരാജയപ്പെടുന്നതും കാണാം.

Previous article2024 ലോകകപ്പിന് തീവ്രവാദ ആക്രമണ ഭീഷണി. ഭീഷണിയെത്തിയത് പാകിസ്ഥാനിൽ നിന്ന്.
Next articleസെഞ്ചുറിയുമായി സൂര്യ. പിന്തുണയുമായി തിലക്. മുംബൈ ഇന്ത്യൻസിന് വിജയം