ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. മറുവശത്ത് ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശക്തരായാണ് ഇത്തവണ ബംഗ്ലാദേശ് ടീം എത്തുന്നത്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരമായ സർഫറാസ് ഖാൻ. രോഹിത് ശർമ ടീമിൽ ഒരാളെപ്പോലും ഒരു ജൂനിയർ എന്ന നിലയ്ക്ക് കാണാറില്ല എന്നാണ് സർഫറാസ് ഖാൻ പറഞ്ഞിരിക്കുന്നത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ, ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരമ്പരയിൽ ആയിരുന്നു സർഫറാസ് ഖാൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. പരമ്പരയിൽ 3 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സർഫറാസ് 200 റൺസ് സ്വന്തമാക്കുകയുണ്ടായി. വ്യത്യസ്തമായ ഇന്നിംഗ്സുകൾ കൊണ്ട് അരങ്ങേറ്റത്തിൽ തന്നെ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ സർഫറാസിന് സാധിച്ചിരുന്നു.
ശേഷമാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് താരത്തിന് വിളിയെത്തിയത്. ഇതിന് പിന്നാലെയാണ് രോഹിത് ശർമയെ പ്രശംസിച്ചുകൊണ്ട് സർഫറാസ് സംസാരിച്ചത്. തന്നെ സംബന്ധിച്ച് രോഹിത് ശർമ വളരെ വ്യത്യസ്തനായ ഒരു താരമാണ് എന്ന് സർഫറാസ് പറയുകയുണ്ടായി.
“രോഹിത് ശർമ വളരെ വ്യത്യസ്തമായ ഒരു ക്രിക്കറ്ററാണ്. എല്ലായിപ്പോഴും സഹതാരങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ രോഹിത് സഹായിക്കാറുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഒരു മൂത്ത ജ്യേഷ്ഠന്റെ സ്ഥാനമാണ് രോഹിതിനുള്ളത്. അദ്ദേഹത്തിനൊപ്പം കളിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഒരിക്കലും ഒരു ജൂനിയർ താരം എന്ന നിലയ്ക്ക് രോഹിത് എന്നെ കണ്ടിട്ടില്ല. എല്ലായിപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന ഒരു ക്രിക്കറ്ററാണ് അദ്ദേഹം. രോഹിത് സംസാരിക്കുന്ന രീതി എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.”- സർഫറാസ് പറയുന്നു.
“എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചലച്ചിത്രം ലഗാനാണ്. ആ സിനിമയിൽ അമീർ ഖാൻ തന്റെ ടീമിനെ വളരെ മികച്ച രീതിയിൽ കൂട്ടിച്ചേർക്കുന്നുണ്ട്. രോഹിത് ശർമ എന്നെ ഓർമിപ്പിക്കുന്നത് ലഗാൻ തന്നെയാണ്. ലഗാൻ സിനിമയിൽ അമീർഖാനെ പോലെയാണ് രോഹിത് ശർമ. എന്റെ കുടുംബത്തിന്റെ ഒരു ഭാഗമാണ് അദ്ദേഹം എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്.”- സർഫറാസ് ഖാൻ പറയുകയുണ്ടായി. ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യ കാഴ്ച വെച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരെയും ഇന്ത്യ ഈ വിജയം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.