2024 ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ സെലക്ടർമാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പല ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും. കഴിഞ്ഞ സമയങ്ങളിൽ ഐപിഎല്ലിൽ അടക്കം വളരെ മോശം പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള മുംബൈ നായകൻ ഹർദിക് പാണ്ഡ്യയെ ടീമിന്റെ ഉപനായകനായി ഉൾപ്പെടുത്തിയതിന് എതിരെയാണ് ആരാധകർ രംഗത്ത് വന്നിരിക്കുന്നത്.
ഐപിഎല്ലിൽ മോശം പ്രകടനം പുറത്തെടുത്ത പാണ്ഡ്യയെ ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കും എന്ന രീതിയിൽ മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ടീമിന്റെ ഉപനായകനായി തന്നെ ഇന്ത്യ പാണ്ഡ്യയെ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
മുൻപ് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം വിക്കറ്റ് കീപ്പർ റിഷഭ് പന്തായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ ഉപനായകനാവാൻ സാധ്യതയുള്ള താരം. എന്നാൽ വളരെ മോശം പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള പാണ്ഡ്യയെ ഇപ്പോൾ ഉപനായകനായി നിശ്ചയിച്ചത് ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഈ ഐപിഎല്ലിൽ മുംബൈയെ വളരെ മോശം നിലയിലാണ് പാണ്ഡ്യ നയിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ മുംബൈ 6 പരാജയങ്ങൾ പാണ്ഡ്യയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുകയുണ്ടായി. മാത്രമല്ല ബാറ്റിങ്ങിലും ബോളിങ്ങിലും ഇമ്പാക്ടുള്ള പ്രകടനങ്ങൾ പുറത്തെടുക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല.
ഇതുവരെ ഈ ഐപിഎല്ലിൽ 9 മത്സരങ്ങൾ കളിച്ച പാണ്ഡ്യ 197 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. കേവലം 4 വിക്കറ്റുകൾ മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാൻ സാധിച്ചത്. ഈ മോശം പ്രകടനങ്ങൾക്കിടയിലും എന്തുകൊണ്ടാണ് ഇന്ത്യ പാണ്ഡ്യയെ ടീമിലെത്തിച്ചത് എന്ന് ആരാധകർ ചോദിക്കുന്നു. “എന്തുകൊണ്ടാണ് ബൂമ്രയെ ഇന്ത്യ ഉപനായകനായി തിരഞ്ഞെടുക്കാത്തത്. പാണ്ഡ്യയ്ക്ക് പകരം ഇന്ത്യയ്ക്ക് ഉപനായകനായി തെരഞ്ഞെടുക്കാവുന്ന താരം തന്നെയായിരുന്നു ബുമ്ര. യുവതാരങ്ങളെ നയിക്കാൻ ആവശ്യമായ അനുഭവസമ്പത്ത് ബുമ്രയ്ക്ക് ഉണ്ടായിരുന്നു.”- ഒരു ആരാധകൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.
എന്തിനാണ് ഇന്ത്യ ഇത്തരം മോശമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒരുതരത്തിലും പാണ്ഡ്യ മികവ് പുലർത്താത്ത സാഹചര്യത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം വലിയ അധിക്ഷേപങ്ങളാണ് പാണ്ഡ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ആരാധകരിൽ നിന്നും കൂകിവിളികൾ കേട്ടാണ് പലപ്പോഴും പാണ്ഡ്യ മൈതാനത്ത് എത്തുന്നത്. ഇപ്പോൾ ഇന്ത്യയ്ക്കായി അണിനിരക്കുമ്പോഴും പാണ്ഡ്യയ്ക്ക് വിമർശനങ്ങൾ തന്നെയാണ് കേൾക്കേണ്ടിവരുന്നത്.