ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയമറിയാനുള്ള പ്രധാന കാരണം ബാറ്റിംഗ് നിരയുടെ പരാജയം തന്നെയായിരുന്നു. പല ബാറ്റർമാരും ക്രീസിലുറച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല. ഇതിൽ ഒരു ബാറ്ററാണ് രവീന്ദ്ര ജഡേജ. മത്സരത്തിൽ 23 പന്തുകളിൽ 31 റൺസ് ജഡേജ നേടി.
പക്ഷേ ഇന്നിംഗ്സിന്റെ ഒരു സമയത്തും ഒരു ഫ്ലോ കണ്ടെത്താൻ ജഡേജയ്ക്ക് സാധിച്ചില്ല. അതിനാൽ തന്നെ നിശ്ചിത 20 ഓവറുകളിൽ കേവലം 165 റൺസ് മാത്രമാണ് ചെന്നൈയ്ക്ക് നേടാൻ സാധിച്ചത്. ഈ സീസണിൽ ജഡേജ 3 ഇന്നിംഗ്സുകളിൽ നിന്ന് 84 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്.
140 എന്ന സ്ട്രൈക്ക് റേറ്റാണ് ജഡേജയ്ക്കുള്ളത്. പക്ഷേ ഹൈദരാബാദിനെതിരായ മത്സരത്തിൽ ജഡേജയെ ചെന്നൈ മോയിൻ അലിയ്ക്ക് മുൻപ് ക്രീസിൽ എത്തിച്ചതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ.
സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഹെയ്ഡൻ തന്റെ അഭിപ്രായം അറിയിച്ചത്. മുൻപ് തന്നെ ചെന്നൈ സൂപ്പർ കിംഗ്സ് മോയിൻ അലിയെ ക്രീസിൽ എത്തിക്കേണ്ടതായിരുന്നു എന്ന് ഹെയ്ഡൻ പറഞ്ഞു. 2024 ഐപിഎല്ലിൽ ജഡേജ യാതൊരു ഫ്ലോയുമില്ലാതെയാണ് കളിക്കുന്നത് എന്നും പറയുകയുണ്ടായി.
ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഡാരിൽ മിച്ചലിനും മഹേന്ദ്ര സിംഗ് ധോണിക്കും മോയിൻ അലിയ്ക്കും മുകളിലായി അഞ്ചാം നമ്പറിലായിരുന്നു ജഡേജ ക്രീസിലേത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഈ തീരുമാനം മത്സരത്തിൽ വലിയ രീതിയിൽ ബാധിച്ചു എന്നാണ് ഹെയ്ഡൻ പറയുന്നത്.
“മത്സരത്തിൽ അവിശ്വസനീയമായ രീതിയിലാണ് ശിവം ദുബെ മധ്യ ഓവറുകളിൽ കളിച്ചത്. മത്സരത്തിൽ വലിയ സിക്സറുകൾ സ്വന്തമാക്കാൻ ദുബെയ്ക്ക് സാധിച്ചു. ഋതുരാജോ രവീന്ദ്രയോ ഇതിനൊപ്പം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ അത് സംഭവിച്ചില്ല.”
“തന്ത്രപരമായി ചിന്തിച്ചാൽ മോയിൻ അലിയെ കുറച്ച് മുൻപ് തന്നെ ചെന്നൈ സൂപ്പർ കിങ്സ് ഇറക്കേണ്ടിയിരുന്നു എന്ന് തോന്നുന്നു. ജഡേജ അത്ര മികച്ച പ്രകടനമല്ല നടത്തിയത്. പൂർണ്ണമായും ഫ്ലോ ഇല്ലാതെയാണ് ജഡേജ കളിക്കുന്നത്. ഇതുപോലെ ഒരു വേദിയിൽ കൃത്യമായ ഫ്ലോയും താളവും ഉണ്ടെങ്കിൽ മാത്രമേ റൺസ് കണ്ടെത്താൻ സാധിക്കൂ. മൊയിൻ അലിയെ സംബന്ധിച്ച് ഇതൊരു നല്ല അവസരമായിരുന്നു.”- ഹെയ്ഡൻ പറഞ്ഞു.
മത്സരത്തിൽ ചെന്നൈക്ക് വളരെ മികച്ച തുടക്കം തന്നെയായിരുന്നു ഋതുരാജ് നൽകിയത്. എന്നാൽ പിന്നീട് ഭുവനേശ്വർ കുമാർ അടക്കമുള്ള ബോളർമാർ കൃത്യമായി തിരിച്ചെത്തുകയും ചെന്നൈയുടെ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടുകയും ചെയ്തു. രഹാനെ അടക്കമുള്ള ബാറ്റർമാർ ക്രീസിൽ ഉറച്ചുവെങ്കിലും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. ദുബെ മത്സരത്തിൽ 24 പന്തുകളിൽ 45 റൺസുമായി മിന്നും പ്രകടനം കാഴ്ചവച്ചു. എന്നാൽ അവസാന ഓവറുകളിലും ചെന്നൈ സൂപ്പർ കിംഗ്സ് പൂർണമായും പരാജയമായതോടെ ആയിരുന്നു മത്സരത്തിൽ തോൽവി സംഭവിച്ചത്.