ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വലിയൊരു മാറ്റത്തിന് ഇന്ത്യ ഒരുങ്ങുന്നതായി സൂചന. മത്സരത്തിൽ ഇന്ത്യ നിലവിലെ വിക്കറ്റ് കീപ്പറായ കെഎസ് ഭരതിനെ മാറ്റിനിർത്തും എന്നാണ് റിപ്പോർട്ടുകൾ.
പകരം മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജൂറലിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെയെങ്കിൽ ധ്രുവ് ജുറലിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരമാവും മൂന്നാം ടെസ്റ്റ് മത്സരം.
കഴിഞ്ഞ മത്സരങ്ങളിലെ ഭരതിന്റെ മോശം പ്രകടനങ്ങളാണ് ഇത്തരം ഒരു തീരുമാനത്തിന് വഴിവച്ചത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 15ന് രാജ്കോട്ടാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്.
ഇന്ത്യക്കായി കഴിഞ്ഞ സമയങ്ങളിൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഭരതിന് സാധിച്ചിട്ടുണ്ട്. ഉപഭൂഖണ്ടത്തിലെ സ്പിന്നിങ് പിച്ചുകളിൽ ഭേദപ്പെട്ട പ്രകടനമാണ് ഭരത് നടത്തിയത്. എന്നാൽ ബാറ്റിംഗിൽ മോശം പ്രകടനങ്ങൾ ഭരത് തുടരുകയാണ്. 2023ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിലാണ് ഭരത് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.
എന്നാൽ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു അർദ്ധ സെഞ്ച്വറി പോലും സ്വന്തമാക്കാൻ ഭരതിന് സാധിച്ചിട്ടില്ല. കേവലം 20 റൺസ് മാത്രമാണ് ഭരതിന്റെ ടെസ്റ്റിലെ ആവറേജ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും വളരെ മോശം പ്രകടനമായിരുന്നു ഭരത് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 16 റൺസും, രണ്ടാം ഇന്നിങ്സിൽ 7 റൺസുമാണ് ഭരത് നേടിയത്.
“ഭരതിന്റെ ബാറ്റിംഗ്, ശരാശരിക്കും വളരെ താഴെയാണ്. മാത്രമല്ല കീപ്പിങ്ങിലും അത്ര വമ്പൻ പ്രകടനങ്ങൾ പുറത്തെടുക്കാൻ ഭരതിന് സാധിച്ചിട്ടില്ല. അവസരങ്ങൾ ലഭിക്കുന്നത് നന്നായി വിനിയോഗിക്കാനും അവന് സാധിച്ചില്ല. മറുവശത്ത് ജൂറൽ വളരെ പ്രതിഭയുള്ള താരമാണ്. മികച്ച ഒരു ഭാവിയുള്ള താരമാണ് ജൂറൽ.
ഉത്തർപ്രദേശിനായും ഇന്ത്യഎ ടീമിനായും രാജസ്ഥാൻ റോയൽസിനായും മികച്ച പ്രകടനങ്ങൾ കഴിഞ്ഞ സമയങ്ങളിൽ ജൂറൽ കാഴ്ചവച്ചു കഴിഞ്ഞു. അതിനാൽ തന്നെ രാജ്കോട്ട് നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ജൂറൽ തന്റെ അരങ്ങേറ്റം കുറിച്ചാൽ അതിൽ അത്ഭുതമില്ല.”- ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു വൃത്തം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കഴിഞ്ഞ രഞ്ജി ട്രോഫി മത്സരങ്ങളിലും മികച്ച പ്രകടനമാണ് ജൂറൽ കാഴ്ച വെച്ചിട്ടുള്ളത്. ഇംഗ്ലണ്ട് ലയൻസിനെതിരായ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക പരമ്പരയിലും മികവ് പുലർത്താൻ ജുറലിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ വലിയൊരു മാറ്റത്തിന് തയ്യാറാവുന്നത്.
മൂന്നാം മത്സരത്തിൽ തിളങ്ങാനായാൽ ജൂറലിന് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായി മാറാനും സാധിക്കും. മാത്രമല്ല സമീപകാലത്ത് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള താരം കൂടിയാണ് ജൂറൽ.