സമീപകാലത്ത് കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ വനിതാ ക്രിക്കറ്റർമാരാണ് ആശാ ശോഭനയും മിന്നുമണിയും. ആശാ ശോഭന 2024 വനിതാ പ്രീമിയർ ലീഗിലൂടെ മികച്ച പ്രകടനം പുറത്തെടുത്താണ് ശ്രദ്ധ നേടിയത്. മിന്നുമണി വനിതാ പ്രീമിയർ ലീഗിലും ഇന്ത്യയുടെ ദേശീയ ടീമിലും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്ത് ശ്രദ്ധ നേടുകയുണ്ടായി.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയിൽ ക്യാപ്റ്റനായി മിന്നുമണി കളിച്ചിരുന്നു. പക്ഷേ കേരളത്തെ സംബന്ധിച്ച് വളരെ നിരാശജനകമായ ഒരു വാർത്തയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളായ ആശാ ശോഭനയും മിന്നുമണിയും ആഭ്യന്തര ക്രിക്കറ്റിൽ ഇത്തവണ കേരളത്തിനായി കളിക്കില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇരു താരങ്ങളും റെയിൽവേ ഉദ്യോഗസ്ഥരായതിനാൽ തന്നെ ഇരുവരും റെയിൽവേ ടീമിൽ കളിക്കാനായി മാനേജ്മെന്റ് നിർദ്ദേശിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാത്രമല്ല കേരള ക്രിക്കറ്റ് അസോസിയേഷൻ ഇരുവർക്കും ടീം വിടാനുള്ള അനുമതിയും നൽകി കഴിഞ്ഞു. 10 വർഷത്തോളം കേരള ടീമിൽ കളിച്ച മുൻ ക്യാപ്റ്റനാണ് ആശാ ശോഭന. എന്നാൽ റെയിൽവേയിൽ ജോലി കിട്ടിയതോടെ ആശാ ശോഭന കേരളം വിടുകയുണ്ടായി.
കഴിഞ്ഞ രണ്ടു സീസണുകളിൽ പുതുച്ചേരി ടീമിനൊപ്പമാണ് ശോഭന കളിച്ചത്. ഈ സീസണിൽ കേരളത്തിനായി കളിക്കാൻ ആശാ ശോഭന അനുമതി വാങ്ങിയിരുന്നു. ഇതിനിടെ ആശാ ശോഭന രാജ്യാന്തര മത്സരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ച വച്ചിരുന്നു. ശേഷമാണ് ഇപ്പോൾ റെയിൽവേ ആശാ ശോഭനയെ തിരികെ വിളിച്ചിരിക്കുന്നത്.
ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മിന്നുമണിയ്ക്ക് റെയിൽവേയിൽ ജോലി ലഭിക്കുന്നത്. ശേഷവും ഇന്ത്യൻ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റെയിൽവേ മിന്നുമണിയെ തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലൊക്കെയും കേരളത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു മിന്നുമണി. കേരള വനിതാ ക്രിക്കറ്റ് ടീമിനെ ഉയരങ്ങളിൽ എത്തിക്കാൻ മിന്നുമണിയ്ക്ക് സാധിക്കും എന്ന കാര്യം ഉറപ്പാണ്. എന്നാൽ മിന്നുവിന്റെയും ആശയുടെയും ഇത്തരത്തിലുള്ള ഒരു കൂടു മാറ്റം കേരളത്തിലെ മറ്റു താരങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ വനിതാ ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇരു താരങ്ങളും.