മികച്ച പ്രകടനത്തിന് ശേഷം ബുമ്ര ടീമിന് പുറത്ത്. നാലാം ടെസ്റ്റിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ.

ഇന്ത്യയുടെ പ്രീമിയർ പേസ് ബോളറായ ബൂമ്ര ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ കളിക്കില്ല എന്ന് റിപ്പോർട്ട്. 5 മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ജോലിഭാരം കുറയ്ക്കുന്നതിനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് താരത്തിന് വിശ്രമം അനുവദിക്കാൻ തയ്യാറായിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 434 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ പരമ്പരയിൽ 2-1 എന്ന നിലയിൽ മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ വിജയത്തിന് ഒരു ദിവസം മാത്രം ശേഷമാണ് ഇത്തരം ഒരു തീരുമാനം ഇന്ത്യ കൈകൊണ്ടിരിക്കുന്നത്. നിലവിൽ ബുമ്ര രാജ്കോട്ടിൽ നിന്ന് റാഞ്ചിയിലേക്ക് ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ചൊവ്വാഴ്ചയാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം റാഞ്ചിയിലേക്ക് യാത്രയ്ക്കൊരുങ്ങുന്നത്. ഇതേസമയം മറ്റൊരു ഇന്ത്യൻ താരമായ കെഎൽ രാഹുൽ നാലാം ടെസ്റ്റിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 23ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിലാണ് രാഹുൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

മുൻപ് പരിക്ക് മൂലം രാഹുലിന് രണ്ടും മൂന്നും ടെസ്റ്റ് മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ രാഹുൽ നിലവിൽ പരിക്കിൽ നിന്ന് തിരികെ വന്ന സാഹചര്യത്തിലാണ് തിരികെ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആർക്ക് പകരം രാഹുൽ ഇന്ത്യൻ ടീമിൽ കളിക്കും എന്ന ചോദ്യം നിലനിൽക്കുകയാണ്.

നിലവിൽ രാഹുൽ 90%വും ഫിറ്റ്നസ് വീണ്ടെടുത്തു എന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. അതിനാൽ തന്നെ താരത്തിന് കൂടുതൽ മത്സരസമയം ആവശ്യമുണ്ട് എന്നും ടീം മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.

രാജ്കോട്ടിലെ മത്സര വിജയത്തിന് ശേഷം നായകൻ രോഹിത് ശർമ നടത്തിയ പത്രസമ്മേളനത്തിലും രാഹുലിന്റെ പരിക്കിൽ നിന്നുള്ള തിരിച്ചു വരവിനെപ്പറ്റി സംസാരിക്കുകയുണ്ടായി. വളരെ പോസിറ്റീവായാണ് നിലവിൽ രാഹുലുള്ളത് എന്ന് രോഹിത് പറഞ്ഞിരുന്നു. ശേഷമാണ് രാഹുൽ തിരികെ വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

എന്നിരുന്നാലും ഈ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ ബൂമ്ര മാറിനിൽക്കുന്നത് ഇന്ത്യയ്ക്ക് ദോഷകരമായി തന്നെ ബാധിച്ചേക്കും. 3 മത്സരങ്ങളിൽ നിന്ന് ഇതുവരെ 17 വിക്കറ്റുകൾ ബൂമ്ര സ്വന്തമാക്കുകയുണ്ടായി. ബുമ്രയുടെ അഭാവത്തിൽ മുകേഷ് കുമാറിനെ ഇന്ത്യ ടീമിലേക്ക് തിരികെ എത്തിക്കാൻ സാധ്യതകളുണ്ട്.

നിലവിൽ രഞ്ജി ട്രോഫിയിൽ കളിക്കുകയാണ് മുകേഷ്. മാത്രമല്ല ബംഗാൾ പേസർ ആകാശ് ദ്വീപിനെയും ഇന്ത്യ ടീമിൽ ഉൾക്കൊള്ളിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നു. എന്നിരുന്നാലും ഇക്കാര്യത്തിൽ സംബന്ധിച്ചുള്ള കൂടുതൽ വ്യക്തത പുറത്തുവന്നിട്ടില്ല.

Previous articleജയസ്വാൾ വെടിക്കെട്ട്‌ ബാറ്റർ മാത്രമല്ല. ഒരു ഓൾറൗണ്ടറാണ്. ഇന്ത്യ ബോളിങ്ങിൽ അവസരം നൽകണമെന്ന് കുംബ്ലെ.
Next articleഅരങ്ങേറ്റക്കാരന്‍ തകര്‍ത്തു. പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം.