മത്സരം ജയിപ്പിച്ചിട്ടും അന്ന് ധോണി പുറത്താക്കി. ആ തീരുമാനം ഞെട്ടിച്ചു. ഇർഫാൻ പത്താൻ പറയുന്നു.

ഒരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നിട്ടും, വലിയ റെക്കോർഡുകൾ സ്വന്തമാക്കി ഇതിഹാസമായി മാറാൻ സാധിക്കാതിരുന്ന ഒരു താരമാണ് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. തന്റെ അരങ്ങേറ്റം മുതൽ മികച്ച പ്രകടനം ടീമിനായി പുറത്തെടുത്തെങ്കിലും 2009ൽ പത്താന്റെ കരിയറിന് തിരിച്ചടി ഏൽക്കുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഏകദിന ക്രിക്കറ്റിൽ നിന്നും കുറച്ചുനാൾ പത്താൻ പുറത്തിരിക്കേണ്ടി വന്നു. ശേഷം 3 വർഷത്തോളം കാത്തിരുന്നാണ് പത്താൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഈ ദിവസങ്ങളെപ്പറ്റിയാണ് പത്താൻ ഇപ്പോൾ സംസാരിക്കുന്നത്.

“2009ലാണ് ന്യൂസിലാൻഡിനെതിരായ പരമ്പര ഞങ്ങൾ കളിക്കുന്നത്. അതിന് മുൻപ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഞാനും യൂസഫ് പത്താനും ചേർന്ന് ഒരു മത്സരം വിജയിപ്പിച്ചിരുന്നു. ആ മത്സരത്തിൽ 27-28 പന്തുകളിൽ 60 റൺസായിരുന്നു ഞങ്ങൾക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. പക്ഷേ മത്സരത്തിൽ മികവ് പുലർത്താനും ടീമിനെ വിജയിപ്പിക്കാനും ഞങ്ങൾക്ക് സാധിച്ചു. പക്ഷേ ന്യൂസിലാൻഡിനെതിരായ ആദ്യ 3 മത്സരത്തിലും കളിക്കാൻ എനിക്ക് അവസരം ലഭിച്ചില്ല. ആ സമയത്ത് ഞാൻ ബെഞ്ചിൽ ചിലവഴിച്ചു. പരമ്പരയിലെ നാലാം മത്സരം മഴമൂലം സമനിലയിൽ അവസാനിക്കുകയായിരുന്നു. അഞ്ചാം മത്സരത്തിലും എനിക്ക് കളിക്കാൻ സാധിച്ചില്ല.”- പത്താൻ പറയുന്നു.

“ഈ സമയത്ത് ഞാൻ പരിശീലകനായ ഗ്യാരി കിർസ്റ്റനെ കാണുകയും എന്നെ പുറത്താക്കിയതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. എന്റെ ഭാഗത്തു നിന്നും വന്ന തെറ്റുകൾ കണ്ടെത്താനും കൂടുതൽ പുരോഗതികൾ വരുത്തേണ്ടതുണ്ടോ എന്നറിയാനും ആയിരുന്നു അദ്ദേഹത്തോട് സംസാരിച്ചത്. എന്തുകൊണ്ടാണ് ഞാൻ പുറത്തിരിക്കേണ്ടി വന്നത് എന്നെനിക്ക് അറിയാമായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞ മറുപടി വ്യത്യസ്തമായിരുന്നു. ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല എന്നാണ് കോച്ച് പറഞ്ഞത്.”- പത്താൻ ഓർക്കുന്നു.

“പിന്നെ ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടിയൊന്നും നൽകിയില്ല. പക്ഷേ അത് ആരുടെ തീരുമാനമായിരുന്നു എന്നെനിക്കറിയാമായിരുന്നു. ക്യാപ്റ്റനാണ് മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നത്. അന്ന് മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ഇന്ത്യയുടെ നായകൻ. അന്ന് എന്നെ പുറത്താക്കാനുള്ള ധോണിയുടെ തീരുമാനം നല്ലതായിരുന്നോ മോശമായിരുന്നോ എന്ന് പറയാൻ എനിക്ക് സാധിക്കില്ല. കാരണം ഓരോ ക്യാപ്റ്റനും അവരുടേതായ തന്ത്രങ്ങളുണ്ട്.”- പത്താൻ കൂട്ടിച്ചേർക്കുന്നു.