അമിതമായ റൺ ഒഴുക്ക് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രത്യേകതയാണ്. 2024 ഐപിഎൽ സീസണിലെ പ്രധാന മത്സരങ്ങളിലൊക്കെയും 200 റൺസിലധികം ടീമുകൾ നേടുന്നത് കാണാൻ സാധിക്കുന്നുണ്ട്. മാത്രമല്ല ചില സമയങ്ങളിൽ ടീമിന്റെ സ്കോർ 250ന് മുകളിലേക്കും പോകുന്നു. ഇത്തരം സാഹചര്യങ്ങൾ ബോളർമാരെ സംബന്ധിച്ച് വലിയ രീതിയിലുള്ള വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്.
പ്രധാനമായും ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റായ പിച്ചുകളുമായാണ് ഐപിഎല്ലിൽ സ്കോർ ഉയരാൻ കാരണമെന്നാണ് ബാംഗ്ലൂരിന്റെ പേസർ മുഹമ്മദ് സിറാജ് പറയുന്നത്. ബോളർമാർക്ക് മൈതാനത്ത് നിന്ന് യാതൊരുവിധ സഹായങ്ങളും ഈ ഐപിഎല്ലിൽ ലഭിച്ചിട്ടില്ല എന്നും സിറാജ് പറയുന്നു.
ബാറ്റർമാരുടെ അമിത ആക്രമണ രീതിയിലുള്ള സമീപനവും ഇമ്പാക്ട് പ്ലെയർ നിയമവും എല്ലാം ഇത്തരത്തിൽ ബാറ്റിംഗിനെ വലിയ രീതിയിൽ സഹായിക്കുന്നു എന്ന് സിറാജ് പറയുന്നു. “നോക്കൂ, ഈ ദിവസങ്ങളിൽ ക്രിക്കറ്റ് വളരെ വ്യത്യസ്തമാണ്. ഇപ്പോൾ ട്വന്റി20കളിൽ 250- 260 സ്കോറുകൾ ഓരോ മത്സരത്തിലും ടീമുകൾ നേടുന്നുണ്ട്. മുൻപ് 250 റൺസ് സ്വന്തമാക്കുക എന്നത് തന്നെ വളരെ അവിചാരിതമായി സംഭവിക്കുന്ന കാര്യമായിരുന്നു.”- ഗുജറാത്തിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം സിറാജ് പറഞ്ഞു.
“ഇപ്പോൾ ക്രിക്കറ്റിൽ ബോളർമാർക്ക് യാതൊരു സഹായവും എവിടെ നിന്നും ലഭിക്കുന്നില്ല. വളരെ ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റായ വിക്കറ്റുകളുമാണ് ഇപ്പോൾ എല്ലായിടത്തുമുള്ളത്. ബോളിന് യാതൊരു തരത്തിലും സ്വിങ് ലഭിക്കുകയും ചെയ്യുന്നില്ല. ഇതൊക്കെ വലിയ മാറ്റങ്ങൾ തന്നെയാണ്. ബോളർമാർ തുടർച്ചയായി പന്തുകൾ എറിയുകയും ബാറ്റർമാരുടെ തല്ലു വാങ്ങുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.”
“ഒരു ബോളറെന്ന നിലയ്ക്ക് നമുക്ക് നമ്മളിൽ തന്നെ വലിയൊരു വിശ്വാസം ഉണ്ടാവണം. എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് ഉയർച്ചകളും കാഴ്ചകളും അനുഭവിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മത്സരങ്ങൾ എന്റെ വഴിക്ക് വന്നില്ലെങ്കിലും ഞാൻ ഒന്നും തന്നെ വിട്ടുകൊടുക്കാൻ തയ്യാറല്ല. വലിയൊരു തിരിച്ചുവരവിനാണ് ഞാൻ ശ്രമിക്കാറുള്ളത്.”- സിറാജ് കൂട്ടിച്ചേർത്തു.
“ഒരു മാസത്തിന് ശേഷം ലോകകപ്പ് ആരംഭിക്കുകയാണ്. അതിനാൽ ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട്. നല്ല പന്തുകളിൽ എനിക്കെതിരെ റൺസ് ബാറ്റർമാർ സ്വന്തമാക്കിയാലും അത് എനിക്കൊരു പ്രശ്നമല്ല. പക്ഷേ വളരെ കുറച്ചു മോശം പന്തുകൾ മാത്രം എറിയാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. ഈ ഐപിഎല്ലിൽ അത്ര മോശം പ്രകടനമല്ല ഞാൻ ഇതുവരെ കാഴ്ച വച്ചിട്ടുള്ളത്.”
“4 ഓവറുകളിൽ 40 റൺസ് വിട്ടു നൽകുക എന്നത് ഇത്തവണത്തെ ഐപിഎല്ലിൽ സ്വാഭാവിക കാര്യമാണ്. ട്വന്റി20 എന്നത് എല്ലായിപ്പോഴും ഭാഗ്യം നിറഞ്ഞ ഫോർമാറ്റ് കൂടിയാണ്. ചില സമയങ്ങളിൽ നല്ല പന്തുകളിൽ നമുക്ക് വിക്കറ്റ് ലഭിക്കാതിരിക്കും. ചില സമയങ്ങളിൽ ഫുൾടോസിൽ പോലും വിക്കറ്റ് ലഭിച്ചുവെന്ന് വരും. ഇതൊക്കെയും ഭാഗ്യത്തിന്റെ കാര്യമാണ്. ഞാൻ എന്റേതായിട്ടുള്ള തെറ്റുകൾ ഒഴിവാക്കി മുൻപോട്ട് വരാനാണ് ശ്രമിക്കുന്നത്.”- സിറാജ് പറയുന്നു..