ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം തകർത്താടി ഇന്ത്യ. മത്സരത്തിൽ ജയസ്വാളിന്റെ നേതൃത്വത്തിൽ ആദ്യ ഇന്നിങ്സ് ബാറ്റിംഗിൽ മികച്ച പ്രകടനം ഇന്ത്യ പുറത്തെടുത്തു. പിന്നാലെ ബോളിംഗിൽ ബൂമ്ര വജ്രായുധമായി മാറിയപ്പോൾ ഇംഗ്ലണ്ടിനെ ഇന്ത്യ പിന്നിലാക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ 143 റൺസിന്റെ വ്യക്തമായ ലീഡ് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി ബുമ്ര 6 വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്. ബാറ്റിംഗിൽ ഡബിൾ സെഞ്ച്വറി നേടിയ ഓപ്പണർ ജയസ്വാളിന്റെ മികവിലാണ് ഇന്ത്യ ശക്തമായ സ്കോറിൽ എത്തിയത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കരുതലോടെ തന്നെയാണ് രണ്ടാം ദിവസം കളിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ആദ്യ ദിവസം ജയ്‌സ്വാൾ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അത് രണ്ടാം ദിവസവും തുടരാൻ ജയ്‌സ്വാളിന് സാധിച്ചു. തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയാണ് ജയസ്‌വാൾ മത്സരത്തിൽ നേടിയത്. 290 പന്തുകൾ നേരിട്ട് ജയ്‌സ്വാൾ 209 റൺസ് മത്സരത്തിൽ കുറിക്കുകയുണ്ടായി.
19 ബൗണ്ടറികളും 7 സിക്സറുകളും ഈ യുവതാരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ജയസ്വാളിന്റെ ഈ മികവിൽ ആദ്യ ഇന്നിങ്സിൽ 396 എന്ന ശക്തമായ സ്കോറിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. മറുവശത്ത് ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ, ശുഐബ് ബഷീർ, രെഹൻ അഹമ്മദ് എന്നിവർ 3 വിക്കറ്റുകൾ വീതം സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിംഗിനീറങ്ങിയ ഇംഗ്ലണ്ടിന് നല്ല തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ക്രോളി ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് വലിയ ഭീഷണി സൃഷ്ടിച്ചു. ആദ്യ ഇന്നിംഗ്സിൽ 78 പന്തുകളിൽ 11 ബൗണ്ടറികളും 2 സിക്സറുകളുമായി ക്രോളി 76 റൺസ് സ്വന്തമാക്കി. ബാസ്ബോൾ ശൈലിയിൽ തന്നെയാണ് ക്രോളി കളിച്ചത്.
എന്നാൽ ക്രോളി പുറത്തായശേഷം ബൂമ്ര ഇന്ത്യയെ കൈപിടിച്ചു കയറ്റുന്നതാണ് കാണാൻ സാധിച്ചത്. കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ പൂർണമായും ബൂമ്ര തകർത്തെറിഞ്ഞു. ഇംഗ്ലണ്ടിന്റെ മധ്യനിരയിൽ നായകൻ സ്റ്റോക്സ് മാത്രമാണ് അല്പമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. 54 പന്തുകൾ നേരിട്ട സ്റ്റോക്സ് മത്സരത്തിൽ 47 റൺസ് നേടി.
എന്നാൽ സ്റ്റോക്സിനെയും ബൂമ്ര പിടിച്ചു കെട്ടിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. കേവലം 253 റൺസിന് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിങ്സിൽ പുറത്താവുകയായിരുന്നു. ബൂമ്ര ഇന്ത്യയ്ക്കായി ആദ്യ ഇന്നിംഗ്സിൽ 45 റൺസ് വിട്ടുനൽകിയാണ് 6 വിക്കറ്റുകൾ സ്വന്തമാക്കിയത്. കുൽദീപ് 3 വിക്കറ്റുകൾ സ്വന്തമാക്കി ബൂമ്രയ്ക്ക് മികച്ച പിന്തുണയും നൽകി.
ഇതോടെ ആദ്യ ഇന്നിങ്സിൽ 143 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്കായി രോഹിത്തും ജയസ്വാളും കരുതലോടെയാണ് തുടങ്ങിയത്. രണ്ടാം ദിവസത്തെ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയുടെ ലീഡ് 171 റൺസായി മാറിയിട്ടുണ്ട്.