അസറുദ്ദീന്റെ പവറിൽ ഛത്തീസ്ഗഡിനെ വിറപ്പിച്ച് കേരളം. ആദ്യ ഇന്നിങ്സ് ലീഡിലേക്ക്.

FB IMG 1705669352591

രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരായ മത്സരത്തിന്റെ രണ്ടാം ദിവസം ശക്തമായ പ്രകടനം കാഴ്ചവച്ച് കേരളം. മത്സരത്തിന്റെ രണ്ടാം ദിവസം ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങാൻ കേരളത്തിന് സാധിച്ചു.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗ് തുടർന്ന കേരളം രണ്ടാം ദിവസം വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീന്റെയും വിഷ്ണു വിനോദിന്റെയും മികവിൽ 350 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനീറങ്ങിയ ഛത്തീസ്ഗഡിനെ, രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ തളയ്ക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. മൂന്നാം ദിവസം ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്താൽ കേരളത്തിന് ആദ്യ ഇന്നിംഗ്സിൽ ലീഡ് കണ്ടെത്താൻ സാധിക്കും.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച കേരളം തുടക്കത്തിൽ പതറി. ഓപ്പണർമാരെ കേരളത്തിന് തുടക്കത്തിൽ നഷ്ടമായി. പിന്നീട് മൂന്നാമനായെത്തിയ രോഹൻ പ്രേമും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തെ കൈപിടിച്ചു കയറ്റിയത്. രോഹൻ മത്സരത്തിൽ 54 റൺസ് നേടിയപ്പോൾ, സച്ചിൻ ബേബി 91 റൺസാണ് സ്വന്തമാക്കിയത്.

ഒപ്പം നായകൻ സഞ്ജു സാംസൺ ഒരു അർത്ഥ സെഞ്ച്വറിയുമായി തിളങ്ങിയതോടെ കേരളത്തിന്റെ സ്കോർ കുതിച്ചു. 72 പന്തുകൾ നേരിട്ട സഞ്ജു 57 റൺസാണ് ഇന്നിങ്സിൽ നേടിയത്. ആറാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദ് 40 റൺസ് നേടി മികച്ച പിന്തുണ സഞ്ജുവിന് നൽകി. രണ്ടാം ദിവസം കാണാൻ സാധിച്ചത് വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു. ഒരു ഏകദിന മത്സരത്തിന്റെ ശൈലിയിലാണ് അസറുദ്ദീൻ കളിച്ചത്.

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

മത്സരത്തിൽ 104 പന്തുകൾ നേരിട്ട അസറുദ്ദീൻ 85 റൺസാണ് നേടിയത്. 12 ബൗണ്ടറികളും 2 സിക്സറുകളും അസറുദ്ദീന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ മറ്റു ബാറ്റർമാർക്ക് തിളങ്ങാൻ സാധിക്കാതെ വന്നതോടെ കേരളത്തിന്റെ ഇന്നിങ്സ് 350 റൺസിൽ അവസാനിക്കുകയായിരുന്നു.

ഛത്തീസ്ഗഡിനായി ആശിഷ് ചൗഹാൻ 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനീറങ്ങിയ ഛത്തീസ്ഗഡിനെ തുടക്കത്തിൽ തന്നെ വിറപ്പിയ്ക്കാൻ കേരളത്തിന് സാധിച്ചു. ഓപ്പണർ ശശാങ്ക് ചന്ദ്രശേഖരന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ ബേസിൽ തമ്പി പിഴുതെറിഞ്ഞു. ഒപ്പം ഋഷഭ് തിവാരിയും കൂടാരം കയറിയതോടെ ഛത്തീസ്ഗഡ് പതറി.

സംജീത് ദേശായിയാണ് പിന്നീട് ഛത്തീസ്ഗഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇതുവരെ 110 പന്തുകൾ നേരിട്ട സംജീത് 50 റൺസ് നേടി പുറത്താവാതെ നിൽപ്പുണ്ട്. എന്നാൽ നായകൻ അമൻദീപ് പൂജ്യനായി മടങ്ങിയത് ഛത്തീസ്ഗഡിനെ ബാധിച്ചിരുന്നു. എങ്ങനെയെങ്കിലും കേരളത്തിന്റെ സ്കോർ മറികടക്കുക എന്നതാണ് നിലവിൽ ഛത്തീസ്ഗഡിന്റെ ലക്ഷ്യം.

കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഇനിയും ഛത്തീസ്ഗഡിന് 250 റൺസിന്റെ ആവശ്യമുണ്ട്. എന്നാൽ മറുവശത്ത് കേരളത്തിന്റെ എല്ലാ ബോളർമാരും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. മത്സരത്തെ സംബന്ധിച്ച് മൂന്നാം ദിവസം വളരെ പ്രധാനപ്പെട്ടതാണ്.

Scroll to Top