2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഇന്ന് ആരംഭിക്കുകയാണ്. നാളെ ബംഗ്ലാദേശിനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ടൂർണമെന്റിൽ ഇന്ത്യയെ വളരെയധികം നിരാശപ്പെടുത്തുന്നത് സ്റ്റാർ പേസറായ ബുമ്രയുടെ അഭാവമാണ്. എന്നാൽ മുഹമ്മദ് ഷാമി ടീമിലേക്ക് തിരികെ വന്നത് ഇന്ത്യക്ക് ആശ്വാസം നൽകുന്നുണ്ട്. പക്ഷേ ടൂർണമെന്റിൽ ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് ഷാമിയെ അല്ല കളിപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിംഗ്. ഇടങ്കയ്യൻ പേസറായ അർഷദീപ് സിംഗാണ് ബുമ്രയ്ക്ക് പകരക്കാരനായി ടീമിലെത്തേണ്ടത് എന്ന് പോണ്ടിംഗ് പറയുന്നു.
സമീപകാലത്തെ അർഷദീപിന്‍റെ പ്രകടനങ്ങൾ കണക്കിലെടുത്താണ് പോണ്ടിംഗ് സംസാരിച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ അർഷദീപ് ഇന്ത്യൻ നിരയിൽ കളിച്ചിരുന്നു. മികച്ച പ്രകടനം താരത്തിന് കാഴ്ചവയ്ക്കാനും സാധിച്ചു. അതുകൊണ്ടു തന്നെ അർഷദീപിനെ ഇന്ത്യ കളിപ്പിക്കണം എന്നാണ് പോണ്ടിംഗ് ആവശ്യപ്പെടുന്നത്. “ഇന്ത്യയുടെ ടീമിൽ ഒരു ഇടംകയ്യൻ പേസർ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ബൂമ്രയ്ക്ക് പകരക്കാരനായി അർഷദീപ് സിംഗിനെ ഇന്ത്യ കളിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും മികവ് പുലർത്തിയിട്ടുള്ള താരങ്ങളിൽ ഒരാളാണ് അർഷദീപ് സിംഗ്.”- പോണ്ടിംഗ് പറയുന്നു.
“ഇന്ത്യക്കായി അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് ബൂമ്റ. ബുമ്രയുടെ മികവിനൊപ്പം പ്രതിഭയുള്ള മറ്റൊരു ബോളറാണ് അർഷദീപ്. പുതിയ ബോളിലും ഡെത്ത് ഓവറുകളിലും ബൂമ്ര ഇന്ത്യക്കായി മികവ് പുലർത്തിയിരുന്നു. ഇത് ആവർത്തിക്കാൻ അർഷദ്വീപിന് സാധിക്കും.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും സമീപകാലത്ത് ഇന്ത്യയുടെ ഹെഡ് കോച്ചായ ഗംഭീർ ഏറ്റവുമധികം പിന്തുണ നൽകിയിട്ടുള്ളത് യുവതാരമായ ഹർഷിത് റാണയ്ക്കാണ്. ഹർഷിത റാണ ഇന്ത്യൻ ടീമിൽ കളിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതേ സംബന്ധിച്ച് പോണ്ടിംഗ് വ്യക്തമാക്കി.
“റാണ വളരെ പ്രതിഭയുള്ള ബോളറാണ് എന്ന കാര്യത്തിൽ നമുക്ക് സംശയമില്ല. പുതിയ ബോളിൽ അവന് ശോഭിക്കാൻ സാധിക്കും. പക്ഷേ അവസാന ഓവറുകളിൽ അവന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. ടീമിൽ ഇടംകൈ വലംകൈ ബോളിംഗ് അറ്റാക്ക് വളരെ നിർണായകമാണ്. ഇക്കാര്യം കൊണ്ടാണ് അർഷദീപ് സിംഗിന് പ്രാധാന്യം കൂടുന്നത്. വലിയ മത്സരങ്ങളുടെ നിർണായക സമയത്ത് ഇന്ത്യയ്ക്കായി മികവ് പുലർത്താൻ അർഷദ്വീപിന് സാധിക്കും. ഞാനായിരുന്നു ഇന്ത്യൻ നായകനെങ്കിൽ ഉറപ്പായും അവനെയാവും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുക.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു.