ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് പൂജ്യനായാണ് മടങ്ങിയത്. കഴിഞ്ഞ 2 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വളരെയേറെ തലവേദന സൃഷ്ടിച്ച ഹെഡിനെ ഇത്തവണ ബൂമ്ര ഒരു തകർപ്പൻ ഇൻസ്വിംഗറിലൂടെ പുറത്താക്കുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ബൂമ്ര വലിയ ആഘോഷത്തിലേക്ക് പോകുമെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ വളരെ ശാന്തമായ രീതിയിലാണ് ബൂമ്ര ഈ വിക്കറ്റ് ആഘോഷിച്ചത്. ഇതിന് ശേഷം ബൂമ്രയെ പ്രശംസിച്ചുകൊണ്ടും സിറാജിനെ പോലെയുള്ള മറ്റു താരങ്ങളെ വിമർശിച്ചു കൊണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരമായ മുഹമ്മദ് കൈഫ്.
ഇന്ത്യയുടെ പലതാരങ്ങളും ബുമ്രയുടെ ഈ ആഘോഷം കണ്ടു പഠിക്കണമെന്നാണ് മുഹമ്മദ് കൈഫ് പറഞ്ഞത്. “ഓസ്ട്രേലിയയുടെ പ്രധാന ബാറ്ററായ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം ബുമ്ര ഏതുതരത്തിലാണ് ആഘോഷിച്ചത് എന്ന് ശ്രദ്ധിക്കൂ. അവൻ അധികമായ ആഘോഷങ്ങൾക്ക് ഒന്നുംതന്നെ മുതിർന്നില്ല. ദേഷ്യത്തോടെ ബാറ്റർക്ക് യാത്രയയപ്പ് നൽകാനും തയ്യാറായില്ല. ഒരു ചെറു ചിരിയോടെ ഹെഡിനെ അവൻ പറഞ്ഞയക്കുകയായിരുന്നു കുട്ടികൾ ഇത് കണ്ടു പഠിക്കണം. തങ്ങളുടെ റോൾ മോഡലിനെ ബുദ്ധിപരമായി തിരഞ്ഞെടുക്കണം.”- കൈഫ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.
അഡ്ലൈഡിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 140 റൺസായിരുന്നു ഹെഡ് സ്വന്തമാക്കിയത്. മത്സരത്തിൽ ഹെഡിനെ പുറത്താക്കിയ ശേഷം മുഹമ്മദ് സിറാജ് ദേഷ്യത്തോടെ അംഗവിക്ഷേപങ്ങൾ നടത്തുകയുണ്ടായി. ഇതിനെതിരെ വലിയ വിമർശനങ്ങൾ ആയിരുന്നു പൊട്ടിപ്പുറപ്പെട്ടത് ശേഷമാണ് ഇപ്പോൾ മുഹമ്മദ് കൈഫ് രംഗത്ത് എത്തിയിരിക്കുന്നത്. മത്സരത്തിൽ വളരെ കൃത്യമായ പന്തിനായിരുന്നു ഹെഡിനെ ബൂമ്ര പുറത്താക്കിയത്. ബൂമ എറിഞ്ഞ പന്ത് ഹെഡിന്റെ ഓഫ് സ്റ്റമ്പിന് പുറത്തായിരുന്നു പിച്ച് ചെയ്തത്. അതുകൊണ്ടുതന്നെ പന്ത് ലീവ് ചെയ്യാനായി ഹെഡ് തീരുമാനിക്കുകയാണ് ഉണ്ടായത്.
പക്ഷേ ബുമ്രയുടെ പന്ത് പിച്ച് ചെയ്തതിന് ശേഷം ഇൻസ്വിങ്ങറായി ഹെഡിന്റെ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ബുമ്രയുടെ ഈ അത്യുഗ്രൻ ബോളിങ്ങിനെ വളരെയധികം പ്രശംസിച്ചാണ് മുൻ താരങ്ങളടക്കം സംസാരിച്ചത്. ഈ സമയത്താണ് മുഹമ്മദ് കൈഫ് വ്യത്യസ്തമായ ഒരു അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ ഈ പരമ്പരയിൽ വമ്പൻ ബോളിംഗ് പ്രകടനമാണ് ബൂമ്ര കാഴ്ച്ച വച്ചിട്ടുള്ളത്. നാലാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം 21 ഓവറുകൾ പന്തറിഞ്ഞ ബൂമ്ര 75 റൺസ് വിട്ടു നൽകിയാണ് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.