“ബുമ്രയുടെ അഭാവം ഞങ്ങൾക്ക് വെല്ലുവിളി, അവൻ ലോക ഒന്നാം നമ്പർ ബോളർ”- മുംബൈ കോച്ച് ജയവർധന.

സ്റ്റാർ പേസർ ബുമ്രയുടെ അഭാവം തങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്ന് തുറന്നു പറഞ്ഞ് മുംബൈ ഇന്ത്യൻസിന്റെ പരിശീലകൻ മഹേള ജയവർധന. ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയ്ക്കിടെ പരിക്കേറ്റ ബൂമ്ര നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്.

ബുമ്രയ്ക്ക് പൂർണമായി ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യപാദം ബൂമ്രയ്ക്ക് നഷ്ടമാവും എന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങൾ നേരിടുന്ന വെല്ലുവിളിയെ പറ്റി മുംബൈയുടെ പരിശീലകൻ സംസാരിച്ചത്.

പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിലും ബൂമ്രയുടെ തിരിച്ചുവരവ് തങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ജയവർധന തുറന്നു പറയുകയുണ്ടായി. “നിലവിൽ ജസ്പ്രീത് ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഉള്ളത്. അവൻ പൂർണമായി തന്നെ പരിശീലനത്തിലേക്ക് എത്തിയിട്ടുണ്ട്. എന്താണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള വിവരങ്ങൾ എന്നറിയാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് ഇപ്പോൾ കാര്യങ്ങളൊക്കെ നന്നായി മുന്നോട്ടു പോകുന്നുണ്ട്. അവൻ നന്നായി പരിശീലനത്തിൽ ഏർപ്പെടുന്നുണ്ട്. ഉടൻ തന്നെ ടീമിനൊപ്പം അവന് ചേരാൻ സാധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.”- ജയവർധന പറഞ്ഞു.

“എന്നാൽ അവൻ ടീമിനൊപ്പം ഇല്ലാത്തത് വലിയ വെല്ലുവിളിയാണ് ഞങ്ങൾക്ക് ഉയർത്തുന്നത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ബുമ്ര. കഴിഞ്ഞ കുറച്ചധികം വർഷമായി ലോക ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ മാത്രമാണ് അവൻ കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവന് പകരം മറ്റൊരാളെ കണ്ടെത്തുക എന്നത് ശ്രമകരമാണ്. എന്നിരുന്നാലും മറ്റൊരു താരത്തിന്, മുൻപിലേക്ക് വന്ന് അവന്റെ സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരു അവസരമാണിത്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് നോക്കാം.”- ജയവർധന കൂട്ടിച്ചേർക്കുന്നു.

“ബൂമ്രയുടെ അഭാവം ഞങ്ങൾക്ക് വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ഇപ്പോൾ നിർബന്ധിതരായിരിക്കുന്നു.”- പരിശീലകൻ പറഞ്ഞു വെക്കുന്നു. മാർച്ച് 23നാണ് ഈ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം നടക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ചെപ്പോക്കിലാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണുകളിൽ ഒന്നുംതന്നെ മികച്ച തുടക്കം ലഭിക്കാതിരുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. ഈ ചരിത്രം മാറ്റി കുറിക്കാനാണ് ഇത്തവണ മുംബൈ ശ്രമിക്കുന്നത്.

Previous article“എല്ലാ അപമാനവും ഏറ്റുവാങ്ങിയിട്ടും അവനൊരു സിംഹത്തെപോലെ തിരിച്ചുവന്നു”- ഹാർദിക് പാണ്ഡ്യയെ പറ്റി കൈഫ്‌.
Next articleധോണി മുതൽ ഡുപ്ലെസിസ് വരെ. ഈ ഐപിഎല്ലോടെ വിരമിക്കാൻ 5 താരങ്ങൾ.