ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് താരങ്ങളാണ് രവി ബിഷണോയും ഋതുരാജും. ഇവർക്ക് പുറമേ മറ്റ് യുവതാരങ്ങളും ഇന്ത്യക്കായി പരമ്പരയിൽ പോരാട്ടം നയിക്കുകയുണ്ടായി. പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത യുവതാരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ ഇപ്പോൾ.
റിങ്കു സിംഗാണ് തന്നെ സംബന്ധിച്ച് പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം എന്നാണ് നെഹ്റ പറയുന്നത്. റിങ്കുവിന്റെ നാലാം ട്വന്റി20യിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നെഹ്റ തന്റെ വിലയിരുത്തൽ നടത്തിയത്.
പരമ്പരയിൽ 4 ഇന്നിംഗ്സുകളിൽ ആയിരുന്നു റിങ്കു സിംഗ് ബാറ്റിംഗിന് ഇറങ്ങിയത്. ഇതിൽ നിന്നായി 52.5 റൺസ് ശരാശരിയിൽ 150 റൺസ് സ്വന്തമാക്കാൻ റിങ്കുവിന് സാധിച്ചു. 175 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് റിങ്കു കളിച്ചത്. ഇതിന് ശേഷമാണ് നെഹ്‌റ റിങ്കുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. “എല്ലാവരും പരമ്പരയിൽ നന്നായി കളിച്ചു.
അതുകൊണ്ട് ഒരു മികച്ച കളിക്കാരനെ കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നിരുന്നാലും റിങ്കൂ സിംഗിനെ ഞാൻ തിരഞ്ഞെടുക്കുകയാണ്. കാരണം പരമ്പരയിൽ അത്ര മികച്ച പ്രകടനങ്ങളാണ് റിങ്കു പുറത്തെടുത്തത് പ്രത്യേകിച്ച് നാലാം ട്വന്റി20 മത്സരത്തിൽ.”- ആശിഷ് നെഹ്‌റ പറഞ്ഞു.
“സാധാരണ ഗതിയിൽ 15-16 ഓവറുകൾക്ക് ശേഷം 50-60 റൺസ് ആവശ്യമുള്ള സമയത്താണ് റിങ്കു സിംഗ് മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ളത്. എന്നാൽ നാലാം ട്വന്റി20യിൽ അങ്ങനെയായിരുന്നില്ല. അവിടെ വ്യത്യസ്തമായ ഒരു റോൾ തന്നെ റിങ്കു കളിക്കേണ്ടിയിരുന്നു. തനിക്ക് അതിനു സാധിക്കും എന്ന് റിങ്കു കാട്ടുകയുണ്ടായി. ചില സമയത്ത് സാഹചര്യങ്ങൾ നമുക്ക് അനുകൂലമാവുമ്പോൾ കാര്യങ്ങൾ അനായാസമായി മാറും. പിച്ച് ബാറ്റിംഗിന് അനുകൂലമാണെങ്കിലും റൺസ് നേടാം. എന്നാൽ നാലാം മത്സരത്തിൽ ഇങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ.”- നെഹ്റ കൂട്ടിച്ചേർക്കുന്നു.
“ഒരുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടമാവുന്ന സമയത്തായിരുന്നു റിങ്കു ക്രീസിലെത്തിയത്. ശേഷം മറുവശത്ത് വിക്കറ്റ് കൃത്യമായി ഹോൾഡ് ചെയ്യാൻ റിങ്കുവിന് സാധിച്ചു. മാത്രമല്ല ആവശ്യമായ സമയത്ത് തന്റെ ഷോട്ടുകൾ കളിക്കാനും റിങ്കു സിംഗ് മറന്നില്ല. അതിനാൽ തന്നെയാവും ഒരുപക്ഷേ ഇന്ത്യ തങ്ങളുടെ 50 ഓവർ ഫോർമാറ്റിലേക്ക് റിങ്കു സിംഗിനെ ക്ഷണിച്ചത്.”- നെഹ്റ പറഞ്ഞു വയ്ക്കുന്നു.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിലേക്ക് റിങ്കുവിനെ തിരഞ്ഞെടുക്കുകയുണ്ടായി. ഇതുവരെ ലിസ്റ്റ് എ ക്രിക്കറ്റിൽ 50 ഇന്നിംഗ്സുകളിൽ നിന്ന് 49.8 റൺസ് ശരാശരിയിൽ 1844 റൺസാണ് റിങ്കു സിംഗ് നേടിയിട്ടുള്ളത്.